
ദോഹ: വിശുദ്ധ ഖുർആനിലും പ്രവാചകചര്യയിലും പരാമർശിച്ചിട്ടുള്ള അപൂർവ സസ്യങ്ങളും മരങ്ങളും നഗരജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ മുശൈരിബ് ഡൗൺടൗൺ ദോഹയിൽ മൂന്ന് പുതിയ ഖുർആനിക് ഉദ്യാനങ്ങൾ (Qur’anic Gardens) തുറന്നു. ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയിലെ ഖുർആനിക് ബൊട്ടാണിക്കൽ ഗാർഡനും (QBG) മുശൈരിബ് പ്രോപ്പർട്ടീസിന്റെ ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റും സംയുക്തമായാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.
പ്രകൃതിയും വിശ്വാസവും സാംസ്കാരിക പൈതൃകവും തമ്മിലുള്ള ബന്ധം പൊതുജനങ്ങൾക്ക് അനുഭവിച്ചറിയാൻ അവസരമൊരുക്കുന്ന ഒരു സജീവ പ്രദർശനം കൂടിയാണ് ഈ പദ്ധതി. നഗരമധ്യത്തിലെ അൽ ഗാഫാത് സ്ട്രീറ്റിലുള്ള അൽ വാദി മസ്ജിദിന് സമീപമാണ് സിദ്ർ, അറക്, അത്രജ്, അത്തി (Fig), ഒലിവ്, മാതളം എന്നിവ നടീൽ ചടങ്ങിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചത്.വിശുദ്ധ ഖുർആനിലും ഹദീസുകളിലും പരാമർശിച്ചിട്ടുള്ള ഈന്തപ്പന, ഒലിവ്, അത്തി, മാതളം, വാഴ എന്നിവയ്ക്ക് പുറമേ അറബ്യൻ ഉപദ്വീപിലെ പ്രാദേശിക സസ്യങ്ങളായ സിദ്ർ, അഥൽ, അറക്, ഹെന്ന (മൈലാഞ്ചി), സബർ, ബഷാം, സമർ, ഖർസ് തുടങ്ങിയ 14-ലധികം വ്യത്യസ്ത സസ്യ ഇനങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ഓരോ ചെടിയുടെയും ശാസ്ത്രീയ നാമം, സ്വാഭാവിക വാസസ്ഥലം, ഖുർആനിലെയും സുന്നത്തിലെയും തെളിവുകൾ, അവയുടെ പാരിസ്ഥിതിക സവിശേഷതകൾ എന്നിവ വിശദീകരിക്കുന്ന വിവര ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.ഖത്തർ സസ്റ്റൈനബിലിറ്റി വീക്കിനോട് അനുബന്ധിച്ചാണ് ഈ പുതിയ ഉദ്യാനങ്ങൾ ജനങ്ങൾക്കായി തുറന്നുകൊടുത്തത്.
വിശുദ്ധ ഖുർആനിലും സുന്നത്തിലും പരാമർശിച്ചിട്ടുള്ള സസ്യങ്ങൾ പ്രധാനപ്പെട്ട സാംസ്കാരിക-ധാർമ്മിക സന്ദേശങ്ങളാണ് നൽകുന്നതെന്നും, ഇത്തരം സസ്യങ്ങളെ പരിചയപ്പെടുത്താനും സംരക്ഷിക്കാനുമുള്ള ഗാർഡന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ഈ സഹകരണമെന്നും ഖുർആനിക് ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഫാത്തിമ അൽ ഖുലൈഫി പറഞ്ഞു.
പൊതു ഇടങ്ങൾ എന്നത് ആളുകളെ പരസ്പരം ബന്ധിപ്പിക്കാൻ മാത്രമല്ല, ആശയങ്ങളെയും ചരിത്രത്തെയും പൈതൃകത്തെയും കൂടി കോർത്തിണക്കാനുള്ളതാണെന്ന് മുശൈരിബ് പ്രോപ്പർട്ടീസ് ഇന്നൊവേഷൻ ഡയറക്ടർ അലി ഖലീഫ അൽ ഹിത്മി വ്യക്തമാക്കി. വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ അറിവും അനുഭവവും പകരുന്ന വിദ്യാഭ്യാസ കേന്ദ്രമായി ഈ ഉദ്യാനങ്ങൾ മാറും.










