07:11pm 24 August 2026
NEWS
മൂന്ന് മാസം ഗർഭിണിയായ യുവതി മരിച്ചനിലയിൽ; ഭർത്താവിനും കുടുംബത്തിനുമെതിരെ കൊലപാതക ആരോപണം
23/08/2026  06:02 PM IST
NILA
മൂന്ന് മാസം ഗർഭിണിയായ യുവതി മരിച്ചനിലയിൽ; ഭർത്താവിനും കുടുംബത്തിനുമെതിരെ കൊലപാതക ആരോപണം

 

ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസറായി ജോലി ചെയ്തിരുന്ന മൂന്ന് മാസം ഗർഭിണിയായ യുവതിയെ ഡൽഹി ദ്വാരകയിലെ വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിനിയായ നാസിയ ഖാനമാണ് മരിച്ചത്. ഭർത്താവും വീട്ടുകാരും ചേർന്ന് ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.

2026 ഏപ്രിൽ 11നായിരുന്നു നാസിയയും അജം അലി ഖാനും തമ്മിലുള്ള വിവാഹം. വിവാഹത്തിന് പിന്നാലെ തന്നെ ഭർത്താവും മാതാപിതാക്കളും ചേർന്ന് നാസിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പിതാവ് തോവാബ് ഖാൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നിരന്തരം അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായും വീട്ടിൽനിന്ന് പുറത്താക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിലുണ്ട്.

മൂന്ന് മാസം ഗർഭിണിയായിരുന്നപ്പോഴും പീഡനം തുടർന്നതായാണ് കുടുംബത്തിന്റെ ആരോപണം. ഫോൺ വിളികളിലൂടെ താൻ നേരിടുന്ന ദുരിതങ്ങൾ പറഞ്ഞ് നാസിയ പലതവണ കരഞ്ഞിരുന്നതായി പിതാവ് മൊഴി നൽകിയിട്ടുണ്ട്. അബോധാവസ്ഥയിലാണ് നാസിയയെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും അതിനുമുൻപേ മരണം സംഭവിച്ചിരുന്നതായാണ് വിവരം.

എന്നാൽ നാസിയയുടെ മരണം കൊലപാതകമല്ലെന്നാണ് ഭർത്താവ് അജം അലി ഖാന്റെ വാദം. ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും തുടർന്ന് നാസിയ ഒരു മുറിയിൽ സ്വയം കയറി വാതിലടച്ചശേഷം താൻ മറ്റൊരു മുറിയിലേക്ക് പോയെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പിന്നീട് ബാൽക്കണിയിലൂടെ ഏണി ഉപയോഗിച്ച് പുറത്തിറങ്ങിയപ്പോൾ ജനലിലൂടെ നോക്കിയപ്പോഴാണ് നാസിയ ഫാനിൽ ചുരിദാർ തുണിയിൽ തൂങ്ങിനിൽക്കുന്നത് കണ്ടതെന്നും ഭർത്താവ് മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്.

അതേസമയം, നാസിയയുടേത് ആത്മഹത്യയല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img