02:46am 11 November 2026
NEWS
കേരളത്തിലെ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേരാൻ തയ്യാറാണെന്ന് മേജർ രവി
03/09/2025  04:00 PM IST
nila
കേരളത്തിലെ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേരാൻ തയ്യാറാണെന്ന് മേജർ രവി

കേരളത്തിലെ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേരാൻ തയ്യാറാണെന്ന് സംവിധായകൻ മേജർ രവി. ഇവർ ബിജെപിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് തന്നെ സമീപിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ ബിജെപി നേതൃത്വത്തിന്റെ അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അവർ ഇപ്പോഴും ബിജെപിയിൽ ചേരാൻ തയ്യാറാണെന്നും മേജർ രവി പറയുന്നു. 

 ‘‘അവർ ഇപ്പോഴും തയാറാണ്. ഒരുപാധിയും ഇല്ലാതെ വരാൻ തയാറാണെന്നാണ് അവർ പറഞ്ഞത്. അവരുടെ പാർട്ടിയിൽ അവർ തൃപ്തരല്ല’’ – അദ്ദേഹം പറഞ്ഞു. ശശി തരൂരിനെ ഒപ്പം നിർത്താൻ ബിജെപി തയാറാവണമെന്നും മേജർ രവി പറഞ്ഞു.  ബിജെപി വൈസ് പ്രസിഡന്റ് പദവിയിൽ ഉണ്ടായിരുന്നുവെന്നും പാർട്ടി പദവികൾ വേണ്ടെന്നു താൻ തന്നെയാണു നേതൃത്വത്തോടു പറഞ്ഞതെന്നും മേജർ രവി വ്യക്തമാക്കി.

‘‘ശശി തരൂർ ബുദ്ധിജീവിയാണ്, ആഗോള ധാരണയുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഉന്നത പദവിയിൽ ഇരുന്ന ആളാണ്. ഒരു രാജ്യത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന ധാരണയുള്ളയാളാണ്. ജനങ്ങൾക്കിടിയിൽ പ്രശസ്തനാണ്. എന്നാൽ ഒരേ മുഖങ്ങൾ തന്നെയാണ് ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകൾ കേരളത്തിൽ വ്യത്യസ്ത സ്വഭാവമാണ്. അതു മാറ്റിയെടുക്കണമെങ്കിൽ ജനങ്ങൾക്കിടയിൽ പ്രശസ്തരായ ആളുകൾ വേണം. അതുകൊണ്ടാണ് ശശി തരൂരിന്റെ പേര് പറഞ്ഞത്. ബിജെപിയുടെ വൈസ് പ്രസിഡന്റ് പദവിയിൽ ഉണ്ടായിരുന്നു. എന്നാൽ എന്നേക്കാൾ കഴിവുള്ള ആളുകൾ ഉള്ളതിനാലാണ് അധികം സജീവമല്ലാത്തത്. ഇക്കാര്യം രാജീവ് ചന്ദ്രശേഖറെ അറിയിച്ചിരുന്നു. അധികാരം കിട്ടിയില്ല എന്നു കരുതി വേറെ പാർട്ടിയിലേക്കു പോകില്ല എന്നും അറിയിച്ചിരുന്നു’’ – മേജർ രവി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img