08:35pm 10 November 2026
NEWS
മൂന്ന് പതിറ്റാണ്ടിന്റെ സൗഹൃദം; പതിമൂന്ന് ഭാഗങ്ങളുടെ വിജയയാത്ര
10/11/2026  08:22 PM IST
മൂന്ന് പതിറ്റാണ്ടിന്റെ സൗഹൃദം; പതിമൂന്ന് ഭാഗങ്ങളുടെ വിജയയാത്ര

സൈനുൽ ആബിദീൻ 

​കാലം സാക്ഷിയായ ചില സൗഹൃദങ്ങളുണ്ട്.
നാളുകൾകഴിയുന്തോറും അവയുടെ ആഴവും ഊഷ്‌മളതയും കൂടിക്കൊണ്ടേയിരിക്കും. മാധ്യമപ്രവര്‍ത്തകനും അക്ഷരസ്നേഹിയുമായ ഡോ. അമാനുല്ല വടക്കാങ്ങരയുമായുള്ള എന്റെ ബന്ധവും അത്തരത്തിലുള്ളതാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ആ സൗഹൃദത്തിന്റെ ഓരോ അടയാളപ്പെടുത്തലുകളെയും ഞാൻ അളവറ്റ കൗതുകത്തോടും ആദരവോടെയുമാണ് നോക്കിക്കാണാറുള്ളത്. സർഗാത്മകതയും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി അദ്ദേഹം നടത്തുന്ന നിരന്തരമായ ചുവടുവെപ്പുകൾ വ്യതിരക്തമാണ്.
​അദ്ദേഹത്തിന്റെ പ്രശസ്തമായ ‘വിജയമന്ത്രങ്ങള്‍’ എന്ന പ്രചോദനാത്മക പുസ്തക പരമ്പരയുടെ പിറവി മുതല്‍ ഒരു വായനക്കാരനായും അഭ്യുദയകാംക്ഷിയായും ആ യാത്രയിൽ ഞാനുമുണ്ട്. എല്ലാ സ്നേഹാന്വേഷണങ്ങൾക്കുംചടങ്ങുകൾക്കുമുള്ള അദ്ദേഹത്തിന്റെ ക്ഷണങ്ങൾ പലപ്പോഴും തിരക്കുകളുടെ ഭാരത്താൽ ഏറ്റെടുക്കാൻ സാധിക്കാതെ പോയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം ദോഹയിലെ സ്‌കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്ന ഹൃദ്യമായ ചടങ്ങിൽ, ഖത്തറിലെ പ്രമുഖ സംരംഭകനും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ സി.വി.റപ്പായിയോടൊപ്പം ചേർന്ന് ‘വിജയമന്ത്രങ്ങള്‍’ പതിമൂന്നാം ഭാഗം പ്രകാശനം ചെയ്യാൻ സാധിച്ചത് ജീവിതത്തിലെ സവിശേഷമായൊരു നിയോഗമായി ഞാൻ കരുതുന്നു.​കോവിഡ് മഹാമാരിയുടെ ഇരുണ്ട നാളുകളിൽ പിറവിയെടുത്ത ‘വിജയമന്ത്രങ്ങൾ’ ഇന്ന് വൈജ്ഞാനിക-പ്രചോദന രംഗത്തെ സമാനതകളില്ലാത്തൊരു മുന്നേറ്റമായി വളർന്നുപന്തലിച്ചിരിക്കുന്നു. വ്യത്യസ്തമായ ആശയങ്ങളും കാലികമായ വിഷയങ്ങളും ലളിതവും ഹൃദ്യവുമായ ശൈലിയിൽ കോർത്തിണക്കി സമൂഹത്തിന്റെ വിവിധ തുറകളിൽ മായാത്ത മുദ്ര പതിപ്പിക്കാൻ ഈ പരമ്പരയ്ക്ക് സാധിച്ചു. അറിവുംഅനുഭവസമ്പത്തും നന്മയും ഇഴചേർന്ന ഈ പതിമൂന്ന് ഭാഗങ്ങളുടെ പ്രയാണം സമൂഹത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്.
​സമൂഹത്തിലെ നാനാതുറകളിൽ പ്രമുഖരായ നിരവധി വ്യക്തികളുടെ സാന്നിധ്യംകൊണ്ട് ധന്യമായിരുന്നു പ്രകാശനവേദി. പഴയകാല ഓർമ്മകൾ പുതുക്കാനും പുതിയ സൗഹൃദങ്ങൾ തീർക്കാനും  ഒത്തുചേരൽ വലിയൊരു വേദിയായി മാറി. ഖത്തറിലെത്തിയ ആദ്യ നാളുകൾ തൊട്ട് ഹൃദയത്തോടു ചേർത്തുപിടിക്കുന്ന പ്രിയപ്പെട്ട സി.വി. റപ്പായിയുടെ ആത്മകഥയായ 'സിദ്രയുടെ തണലില്‍' അദ്ദേഹത്തിൽനിന്നുതന്നെ നേരിട്ട് ഏറ്റുവാങ്ങാൻ കഴിഞ്ഞത് ഇരട്ടിമധുരമായി. ഒപ്പം, എന്റെ സ്വന്തം പുസ്തകമായ 'സൈനുല്‍ ആബിദ്: സ്‌നേഹത്തിന്‍ നിലാവൊളി' അദ്ദേഹത്തിന് സമ്മാനിക്കാനും കഴിഞ്ഞു.അക്ഷരങ്ങളും പുസ്തകങ്ങളും സ്നേഹനിർഭരമായ സൗഹൃദങ്ങളും ഒത്തുചേർന്ന ആ അപൂർവ്വ നിമിഷങ്ങൾ എന്നും ഹൃദയത്തിൽ തങ്ങിനിൽക്കും.
​ചില മനുഷ്യരുടെ ജീവിതം തന്നെ ഒരു പ്രകാശമാണ്. അവരുടെ എഴുത്തും പ്രവർത്തനങ്ങളും മറ്റുള്ളവർക്ക് വഴികാട്ടിയും. ഡോ. അമാനുല്ലയുടെ കർമ്മോത്സുകമായ ജീവിതം അത്തരത്തിലുള്ള മനോഹരമായൊരു യാത്രയാണ്.
​പ്രിയപ്പെട്ട അമാനുല്ലയ്ക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ നേരുന്നു. എഴുത്തിന്റെയും വൈജ്ഞാനിക സപര്യയുടെയും ലോകത്ത് ഇനിയും നിരവധി കൊടുമുടികൾ താണ്ടാൻ അദ്ദേഹത്തിന് സാധിക്കട്ടെ. 'വിജയമന്ത്രങ്ങളുടെ' ഈ പ്രയാണം വരുംതലമുറകൾക്കും നിരന്തരം വെളിച്ചവും ആത്മവിശ്വാസവും പകരട്ടെയെന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img