09:45pm 22 October 2026
NEWS
യുവതിയെ റിസോർട്ടിലെത്തിച്ച് രാസലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ
25/12/2025  07:28 AM IST
nila
യുവതിയെ റിസോർട്ടിലെത്തിച്ച് രാസലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

തൃശൂർ: യുവതിയെ റിസോർട്ടിലെത്തിച്ച് രാസലഹരി നൽകി പീഡിപ്പിച്ച കേസിൽ അയ്യന്തോൾ പഞ്ചിക്കൽ ഫ്ലാറ്റ് കൊലക്കേസിലെ മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേരെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊടകര വാസുപുരം വെട്ടിക്കൽ റഷീദ് (44), മലപ്പുറം പെരിന്തൽമണ്ണ മൂർക്കനാട് പള്ളിപ്പടി അത്തായിൽ ജലാലുദ്ദീൻ (23), അതിരപ്പിള്ളി വെറ്റിലപ്പാറ ചിക്ലായി കളിക്കാട്ടിൽ ജോബിൻ (36) എന്നിവരാണ് പിടിയിലായത്. കോഴിക്കോട്ടുനിന്നാണ് പ്രതികളെ പിടികൂടിയത്.

വാടകവീടു കണ്ടെത്താൻ സഹായിക്കാമെന്നു വിശ്വസിപ്പിച്ച് 24 വയസ്സുള്ള യുവതിയെ നാലം​ഗ സംഘം റിസോർട്ടിലേക്കു വിളിച്ചുവരുത്തിയത്. റിസോർട്ടിലെത്തിയ യുവതിക്ക് ലഹരിവസ്തു നൽകി പീഡിപ്പിച്ചുവെന്നുമാണ് കേസ്. തുടർന്ന് ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണമാലയും വളയും കവർന്നതായും പരാതിയിൽ പറയുന്നു. രണ്ടാഴ്ച മുൻപുണ്ടായ സംഭവത്തിൽ നാലുപേർ ചേർന്നാണ് യുവതിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. നാലാമത്തെ പ്രതി ഇപ്പോഴും ഒളിവിലാണ്.

പരാതിക്കാരിയുടെ മൊഴിപ്രകാരം, ഒരു പവൻ വീതം തൂക്കമുള്ള സ്വർണമാലയും വളയുമാണ് പ്രതികൾ കവർന്നത്. അറസ്റ്റിലായ റഷീദ് 2016ൽ അയ്യന്തോൾ പഞ്ചിക്കലിലെ ഫ്ലാറ്റിൽ സതീശൻ എന്ന യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണെന്നും പൊലീസ് അറിയിച്ചു. കൊടകര, വെള്ളിക്കുളങ്ങര, തൃശൂർ വെസ്റ്റ്, വിയ്യൂർ സ്റ്റേഷനുകളിലായി റഷീദിനെതിരെ 16 ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും രേഖകളുണ്ട്.

റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചാലക്കുടി ഡിവൈഎസ്‌പി വി.കെ. രാജു, അതിരപ്പിള്ളി എസ്എച്ച്ഒ മനേഷ് പൗലോസ് എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഡാൻസാഫ് അംഗങ്ങളും സ്റ്റേഷൻ ഉദ്യോഗസ്ഥരുമടങ്ങിയ സംഘമാണ് ഓപ്പറേഷനു നേതൃത്വം നൽകിയത്. ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img