07:07pm 14 August 2026
NEWS
മാപ്പു‌സാക്ഷികളാകാൻ മൂന്നു പ്രതികൾ;രേണുകസ്വാമി കൊലക്കേസിൽ വൻ വഴിത്തിരിവ്.
14/08/2026  11:14 AM IST
വിഷ്ണുമംഗലം കുമാർ
മാപ്പു‌സാക്ഷികളാകാൻ മൂന്നു പ്രതികൾ;രേണുകസ്വാമി കൊലക്കേസിൽ വൻ വഴിത്തിരിവ്

ബംഗളുരു: ദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ട രേണുകസ്വാമി കൊലക്കേസ് മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. സൂപ്പർതാരം ദർശനും അയാളുടെ പെൺസുഹൃത്ത് പവിത്രഗൗഡയും പ്രധാന പ്രതികളായ പ്രമാദമായ ഈ കേസ്സിന്റെ വിചാരണ ബംഗളുരുവിലെ കോടതിയിൽ നടന്നുവരികയാണ്. സംഭവം നടന്ന് മൂന്നു ദിവസത്തിനകം ദർശനെയും സഹായികളെയും പോലീസ് പിടികൂടിയിരുന്നു. ലക്ഷക്കണക്കിന് ആരാധകരുള്ള ദർശനെ മൈസൂരുവിലെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ജാമ്യത്തിലിറങ്ങിയിരുന്നെങ്കിലും ദർശൻ ഇപ്പോൾ ജയിലിലാണ്. പെൺസുഹൃത്ത് പവിത്രഗൗഡയെ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചതിന്റെ പേരിൽ ചിത്രദുർഗ്ഗ സ്വദേശി രേണുകസ്വാമി എന്ന യുവാവിനെ സൂത്രത്തിൽ ബംഗളുരുവിലേക്ക് തട്ടിക്കൊണ്ടുവന്ന് ദർശനും സഹായികളും ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. 2024 ജൂൺ 8നാണ് ഈ സംഭവം. നഗരത്തിലെ ഒരു അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ മൃതദേഹം കാട്ടുപടർപ്പിനുള്ളിൽ കുടുങ്ങിക്കിടന്നത് സമീപത്തെ അപ്പാർട്ട്മെന്റിലെ വാച്ച്മാന്റെ ശ്രദ്ധയിൽ പെട്ടതാണ് ഈ കേസ്സിൽ വഴിത്തിരിവായത്. മാത്രവുമല്ല ദർശനുമായി അടുപ്പമുള്ള മൂന്നുപേർ കുറ്റമേറ്റെടുത്ത് കീഴടങ്ങിയതും വിനയായിതീർന്നു. ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രധാന പ്രതികളായ ദർശനും പവിത്ര ഗൗഡയ്ക്കും എതിരെ നിഷേധിക്കാനാവാത്ത തെളിവുകളുണ്ട്. പതിനാലാം പ്രതി പ്രദോഷ് മാപ്പുസാക്ഷിയാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് വിചാരണ കോടതിയിൽ നൽകിയ പതിനൊന്ന് പേജുകളുള്ള കത്ത് ദർശനും പവിത്ര ഗൗഡയ്ക്കും കുരുക്കാവുകയാണ്. പത്താം പ്രതി വിനയും എട്ടാംപ്രതി രവിശങ്കറും മാപ്പുസാക്ഷികളാകാൻ താല്പര്യപ്പെട്ടിട്ടുണ്ട്.ദർശനുമായി ഇരുപത് വർഷത്തിലേറെ സൗഹൃദമുള്ള ആളാണ് പ്രദോഷ്. അയാളുടെ കത്തിൽ ദർശനും പവിത്ര ഗൗഡയും മറ്റുള്ളവരും രേണുകസ്വാമിയെ മർദ്ദിക്കുന്നതിന്റെയും തുണിയഴിച്ച് അടിവയറ്റിൽ ചവിട്ടുന്നതിന്റെയും കെട്ടിത്തൂക്കുന്നതിന്റെയും ദർശൻ രേണുകസ്വാമിയുടെ മേൽ കയറി നിൽക്കുന്നതിന്റെയും പവിത്ര ഗൗഡ ചെരിപ്പുകൊണ്ട് മുഖത്തടിക്കുന്നതിന്റെയും നേർസാക്ഷ്യങ്ങളുണ്ട്. പ്രദോഷും മറ്റും മാപ്പുസാക്ഷികളാവുന്നത് തടയാൻ ദർശന്റെയും പവിത്രഗൗഡയുടെയും അഭിഭാഷകർ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു പ്രതി മാപ്പുസാക്ഷിയാവുന്നത് തടയാൻ മറ്റുപ്രതികൾക്ക് അവകാശമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. പക്ഷെ തടസ്സവാദങ്ങളുള്ളതിനാൽ പ്രദോഷിനെയും മറ്റും കോടതി മാപ്പുസാക്ഷികളായി പ്രഖ്യാപിച്ചിട്ടില്ല. പ്രദോഷിന്റെ മൊഴി രേഖപ്പെടുത്തുന്നതിന് ഒരാഴ്ചത്തെ സാവകാശം ദർശന്റെ അഭിഭാഷകൻ നേടിയിട്ടുണ്ട്. ജയിലിനകത്തും ഭീഷണിയുണ്ടെന്നും പ്രത്യേക സുരക്ഷ വേണമെന്നും പ്രദോഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS
img