
ബംഗളുരു: സാമൂഹ്യ പ്രവർത്തകയും മുൻ എം പിയുമാണ് നടി രമ്യ. കോൺഗ്രസ്സിന്റെ സോഷ്യൽ മീഡിയ മേധാവിയായി രമ്യ ദേശീയതലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. രേണുകസ്വാമി കൊലക്കേസിൽ പ്രതിയായ സൂപ്പർതാരം ദർശന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർണാടക സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു ദർശനും കൂട്ടുപ്രതികൾക്കും ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കപ്പെട്ടേക്കുമെന്ന സൂചനയാണ് സുപ്രീം കോടതിയിൽ നിന്ന് വരുന്നത്. അതേപ്പറ്റി രമ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടപ്പോൾ അവർക്കെതിരെ അതിരൂക്ഷമായ പ്രതികരണമാണ് ഏതാനും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നുണ്ടായത്. ചിലത് സഭ്യതയുടെ അതിർവരമ്പ് ലംഘിക്കുന്നവയാണ്. ദർശന്റെ ആരാധകരും അനുചരന്മാരുമാണ് തനിക്കെതിരെ മോശമായി പ്രതികരിച്ചതെന്നും അതിന്റെ പിന്നിൽ ദർശനാണെന്നും രമ്യ ആരോപിച്ചിരുന്നു. നാൽപത്തിമൂന്ന് അക്കൗണ്ടുകൾക്കെതിരെ രമ്യ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. രമ്യയെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന വനിതാകമ്മീഷനും ആവശ്യപ്പെട്ടിരുന്നു.ഫിലിം ഇന്റസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഈക്വാലിറ്റി (FIRE) എന്ന സംഘടനയും ഏതാനും സിനിമ അഭിനേതാക്കളും രമ്യയ്ക്ക് പിന്തുണയുമായെത്തിയിരുന്നു. ഈ കേസ്സിൽ ഇതിനകം നാലുപേർ അറസ്റ്റിലായിട്ടുണ്ട്. "ദർശന്റെ ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ എന്നെ ആക്രമിക്കുന്നത്. അതിന് പ്രേരണ നൽകുന്നത് ദർശൻ തന്നെയാണ്. അയാൾ ആത്മനിയന്ത്രണം പാലിച്ചിരുന്നെങ്കിൽ രേണുകസ്വാമി കൊല്ലപ്പെടില്ലായിരുന്നു. രേണുകസ്വാമിയെ അല്ല എന്നെയാണ് കൊല്ലേണ്ടത് എന്നാണ് അയാളുടെ ആരാധകർ പറയുന്നത്. ദർശനോടൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കുറേക്കാലമായി അയാളുമായി എനിക്ക് അടുപ്പമില്ല. അനീതി ആരുചെയ്താലും എതിർക്കപ്പെടേണ്ടതാണ്. എനിക്ക് വേണ്ടി മാത്രമല്ല എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഞാൻ പോരാടുന്നത്" രമ്യ വ്യക്തമാക്കി. അതിരൂക്ഷമായ ഭീഷണിയാണ് ദർശന്റെ ആരാധകരിൽ നിന്ന് രമ്യയ്ക്ക് ഉണ്ടായത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുമെന്നാണ് ഒരാൾ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയത്. അയാൾ അറസ്റ്റിലായിട്ടുണ്ട്. രേണുകസ്വാമിയുടെ കൊലയും അതിൽ ദർശൻ പ്രതിയായതും കന്നഡ സിനിമാരംഗത്തും സമൂഹത്തിലും ഉയർത്തിയിട്ടുള്ള അലമാലകൾ അടങ്ങിയിട്ടില്ല.
Photo Courtesy - Google











