പൊതുജനങ്ങളുടെ ജീവന് ഭീഷണി: മെസ്സിയുടെ കൂറ്റൻ ശിൽപം നീക്കം ചെയ്യും

കൊൽക്കത്ത: ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സിയുടെ കൊൽക്കത്തയിൽ സ്ഥാപിച്ച 70 അടി ഉയരമുള്ള കൂറ്റൻ ശിൽപം നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് നടപടി ആരംഭിച്ചു. സുരക്ഷാ ആശങ്കകൾ ഉയർന്നതോടെയാണ് തീരുമാനം.
ലേക്ക് ടൗണിലെ വിഐപി റോഡിൽ സ്ഥാപിച്ചിരിക്കുന്ന ശിൽപം കഴിഞ്ഞ വർഷം മെസിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന ‘ഗോട്ട് ടൂർ’ പരിപാടിക്കിടെയാണ് അനാച്ഛാദനം ചെയ്തത്. ലോകകപ്പ് ട്രോഫിയേന്തി നിൽക്കുന്ന മെസിയുടെ രൂപമാണ് സ്വർണനിറത്തിൽ ശിൽപമായി ഒരുക്കിയിരിക്കുന്നത്.
ശക്തമായ കാറ്റ് വീശുമ്പോൾ ശിൽപം അപകടകരമായി ആടുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫൈബർ ഗ്ലാസും ഇരുമ്പും ഉപയോഗിച്ച് നിർമിച്ച ശിൽപത്തിന്റെ ഘടനയിൽ സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.
തിരക്കേറിയ റോഡിനും സബ്‌വേയ്ക്കും സമീപത്തുള്ളതിനാൽ ശിൽപം നിലവിലെ സ്ഥാനത്ത് തുടരുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇത്രയും വലിയ ശിൽപം പൊളിച്ചുമാറ്റുന്നതും എളുപ്പമുള്ള ദൗത്യമല്ലെന്നാണ് അധികൃതരുടെ നിലപാട്.
ശിൽപം സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ള സാധ്യതകളാണ് ഇപ്പോൾ പരിശോധിക്കുന്നത്. എന്നാൽ പുതിയ സ്ഥലം സംബന്ധിച്ചോ പുനഃസ്ഥാപനത്തെക്കുറിച്ചോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.











