
ബംഗളൂരു: കർണാടകയിലെ ചില മന്ത്രിമാരെ ലക്ഷ്യമിട്ട് രഹസ്യമായി സ്റ്റിംഗ് ഓപ്പറേഷനുകൾ നടത്താൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മന്ത്രിസഭാ യോഗത്തിൽ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്.
അഞ്ച് മന്ത്രിമാരെ ലക്ഷ്യമിട്ട് സ്വകാര്യ ഏജൻസികൾ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന സൂചന ലഭിച്ചതായാണ് പറയുന്നത്. അപരിചിതരുമായി നടത്തുന്ന കൂടിക്കാഴ്ചകളിലും സ്വകാര്യ സംഭാഷണങ്ങളിലും മന്ത്രിമാർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, ശിവകുമാറിന്റെ മുന്നറിയിപ്പിനെ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി രൂക്ഷമായി വിമർശിച്ചു. സ്റ്റിംഗ് ഓപ്പറേഷനുകളുടെ കാര്യത്തിൽ ഡി.കെ. ശിവകുമാറാണ് ‘മാസ്റ്റർ’ എന്നായിരുന്നു കുമാരസ്വാമിയുടെ ആരോപണം.
മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് നേരത്തെ നടത്തിയതായി പറയപ്പെടുന്ന സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ടാണ് കുമാരസ്വാമി ഈ ആരോപണം ഉന്നയിച്ചത്. മന്ത്രിമാരെ നിയന്ത്രിക്കുന്നതിനും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനും ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഭരണവും വികസനവും ചർച്ച ചെയ്യേണ്ട മന്ത്രിസഭാ യോഗത്തിൽ സ്റ്റിംഗ് ഓപ്പറേഷനും ഹണിട്രാപ്പും പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ട സാഹചര്യമുണ്ടായത് സർക്കാരിന്റെ പ്രവർത്തന രീതിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നതാണെന്നും കുമാരസ്വാമി വിമർശിച്ചു.
എന്നാൽ മന്ത്രിമാരെ ലക്ഷ്യമിട്ട് ആരാണ് സ്റ്റിംഗ് ഓപ്പറേഷൻ നടത്തുന്നതെന്നോ ഇതിന് പിന്നിൽ ഏതെങ്കിലും അന്വേഷണ ഏജൻസിയുണ്ടെന്നോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല .
Photo Courtesy - Google










