07:53am 13 November 2026
NEWS
അക്ഷരത്തോട് അടുത്ത് നിന്നവർ ദൈവവിശ്വാസികൾ ആയിരുന്നില്ല അടൂർ ഗോപാലകൃഷ്ണൻ
06/11/2025  08:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അക്ഷരത്തോട് അടുത്ത് നിന്നവർ ദൈവവിശ്വാസികൾ ആയിരുന്നില്ല അടൂർ ഗോപാലകൃഷ്ണൻ
HIGHLIGHTS

28 മത് കൊച്ചി അന്താരാഷ്ട്ര പുസ്തകോൽസവ വേദിയിൽ നടന്ന സാഹിത്യോത്സവത്തിൻ്റെ ഉൽഘാനം  അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിക്കുന്നു. സമീപം എൻ.സി വിജയകുമാർ, ശ്രീകുമാരി രാമചന്ദ്രൻ, ഡോ. എം.സി. ദിലീപ്കുമാർ, സംഗീത സംവിധായകൻ  ജെറി അമൽ ദേവ് , ജോസ് ക്രിസ്റ്റഫർ എന്നിവർ

കൊച്ചി: അക്ഷരം ആഘോഷിക്കുന്നവരാണ് മലയാളികൾ. അക്ഷരത്തോട് എന്നും അടുത്തു നിൽക്കുന്നവർ  ദൈവവിശ്വാസികൾ അല്ലായിരുന്നു.  ബുദ്ധിസ്റ്റുകൾ നല്കിയ  രണ്ട് പ്രധാന സംഭാവനകൾ ആണ്  വിദ്യാഭ്യാസവും,  വൈദ്യവും. നമ്മുടെ ദേശത്ത് ആദ്യകാലഘട്ടത്തിൽ വാമൊഴി രീതിയിൽ ആയിരുന്ന വിദ്യാഭ്യാസം പിന്നീട് രൂപാന്തരണം പ്രാപിച്ച് ഇന്നത്തെ പോലത്തെ പുതിയ രൂപത്തിൽ മാറി. കേരളത്തിൽ ഉണ്ടായിരുന്ന ഇതിൻ്റെ  പിൻതുടർച്ചയുടെ ഫലമാണ് സാക്ഷരത. റിവൈവലിസത്തിൻ്റെ ഭാഗമായി ബുദ്ധിസ്റ്റുകൾ സ്ഥാപിച്ച വിദ്യാഭ്യാസ കേന്ദ്രങ്ങൾ പള്ളിക്കൂടങ്ങളായി മാറി. ദീർഘകാലമായി വായന തൻ്റെ കൂടപ്പിറപ്പാണ്. വായന നമ്മെ അനശ്വരമായ ചിന്തയിലേയ്ക്ക് നയിക്കും. എഴുത്തിന് എത് ആഴത്തിലും ഏത് ഉയരത്തിലും പോകാം. ഈയിടെയായി വായനക്കാരുടെ എണ്ണം കുറയുന്നോ എന്ന് സംശയം തോന്നുന്നു. കുട്ടികളെ വായനയുടെ രസങ്ങളിലേയ്ക്ക് നാം മുതിർന്നവർ നയിക്കണം. വീട്ടിൽ തന്നെ ഒരു വായനശാല സൃഷ്ടിക്കണം. പുസ്തകങ്ങളെ പ്രദർശന വസ്തുക്കളാക്കി  ഷെൽഫിൽ  വെയ്ക്കാതെ  കരങ്ങളിലേയ്ക്ക്  അടുപ്പിച്ച് ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കണം. ലോകത്തിൻ്റെ ദൃശ്യങ്ങളിലേയ്ക്ക് നമുക്ക് കടക്കുവാൻ സാധിക്കണം. വായന അതിന് നമ്മെ സഹായിക്കും . വായനയാണ് തന്നെ സിനിമാ ലോകത്തിലേയ്ക്ക് നയിച്ചത് എന്ന്  28ആമത് അന്താരാഷ്ട്ര പുസ്തകോൽസവത്തിൻ്റെ സാഹിത്യോത്സവം ഉൽഘാടനം ചെയ്ത്  അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

വായന തൻ്റെ മ്യൂസിക്കൽ ജീവിത യാത്രയിൽ വളരെ സഹായിച്ചു എന്നും , വായന നമ്മെ അൽഭുതങ്ങളുടെ ലോകത്തിലേയ്ക്ക് നയിക്കുമെന്നും പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ് അഭിപ്രായപ്പെട്ടു. എഴുത്തും വായനയും പരസ്പര പൂരകങ്ങളാണെന്നും ചിലർ വായനയിൽ തിളങ്ങി നിൽക്കുമെന്നും ചിലർ എഴുത്തിൽ തിളങ്ങി നിൽക്കുമെന്നും  പ്രശസ്ത എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ വായനാ സന്ദേശനത്തിൽ അഭിപ്രായപ്പെട്ടു. ഡോ. എം.സി. ദിലീപ്കുമാർ , എൻ.സി. വിജയകുമാർ, ജോസ് ക്രിസ്റ്റഫർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.വേദിയിൽ ഇന്ന് ഡോ. കെ.എസ്. ബാലകൃഷ്ണപിള്ളയുടെ ലഹരിയുടെ ലോകം,  ഏതോ ഒരു ലോകത്ത് എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. വേദിയിൽ പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, പ്രവീൺ വൈശാഖൻ, സി. ജി.രാജഗോപാൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു. പുസ്തകോത്സവത്തിൻ്റെ ആറാം ദിനമായ ഇന്നലെ വിശ്വസംസ്കൃത പ്രതിഷ്ഠാനം സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9:30 മണിക്ക് തൃപ്പൂണിത്തുറ സംസ്കൃത കോളേജിലെ ഡോ.ജി.ജ്യോത്സ്ന കുട്ടികളുമായി സംവദിച്ചു. തുടർന്ന് സംസ്കൃത പഠനം നൂതന കാലഘട്ടത്തിൽ -  സാധ്യതകളും, വെല്ലുവിളികളും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ. ശ്രീനിവാസ വർഖേഡി, ഡോ.കെ. ഉണ്ണികൃഷ്ണൻ, ഡോ. കെ.എൻ.പത്മകുമാർ, ഡോ. ഇ.എൻ ഈശ്വരൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഉച്ചക്ക് ഭക്ഷണ സുരക്ഷയെ പറ്റിയുള്ള ചർച്ചയിൽ അപർണ, ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.റാണി ചാക്കോ എന്നിവർ പങ്കെടുത്ത് ആശയങ്ങൾ പങ്കുവച്ചു. തുടർന്ന് ഡോ. രാജീവിൻ്റെ നേതൃത്വത്തിൽ യോഗ - നിത്യ ജീവിതത്തിൽ എന്ന വിഷയത്തിൽ സെമിനാർ നടത്തി.വൈകീട്ട് നടന്ന സാഹിത്യോത്സവ ഉദ്ഘാടനത്തിന് ശേഷം   രുഗ്മ ബൈജു അടൂർ ഗോപാലകൃഷ്ണനുമായി അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തെയും, സിനിമാ അനുഭവത്തെയും പറ്റി ചർച്ച നടത്തി. തുടർന്ന് ജെറി അമൽദേവിൻ്റെ സംഗീത സപര്യയെക്കുറിച്ചുള്ള അനുഭവങ്ങളെ പറ്റി അദ്ദേഹവുമായി മേഘ ചർച്ച ചെയ്തു. രാത്രി 7:30 മണിക്ക് നരസിംഹ  ചൈതന്യയുടെ ഫ്യൂഷൻ ഡാൻസും ഉണ്ടായിരിക്കും. പുസ്തകോത്സവത്തിൻ്റെ 7 ആം ദിവസമായ ഇന്ന് വെള്ളിയാഴ്ച രാവിലെ നാഷണൽ ബുക്ക് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സൂര്യ പ്രീതി നടത്തുന്ന ഒരു കഥ പറയാമെന്ന പരിപാടി നടക്കും. തുടർന്ന് എൻ.സി.സി.എൽ.  അവതരിപ്പിക്കുന്ന ബുക്ക് കവർ ഡിസൈൻ വിത്ത് ഡൂഡിൽ ആർട്ട് എന്ന പരിപാടിയും, രാഷ്ട്രീയ ഇ പുസ്തകാലയയുടെ പരിശീലനക്കളരിയും, രണ്ട് മണിക്ക് ബിന്ദു ഇരുളം നടത്തുന്ന ഗോത്ര സാഹിത്യം എന്ന പരിപാടിയും നടക്കും. 2:45 ന് ബി.എം.സുഹറയുമായി ഡോ മേഘ ചർച്ച നടത്തും. 3:15 ന് എം.ടി. രമേഷുമായി ജി. സിനുജി ചർച്ച നടത്തും. 4 മണിക്ക് പതിനെട്ട് ജൂൺ - ഒരു ക്രാന്തിയാത്ര എന്ന പുസ്തകത്തിൻ്റെ പ്രസിദ്ധീകരണ വേദി കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉദ്ഘാടനം ചെയ്യും. എം.എൽ.എ ടി.ജെ.വിനോദ് പങ്കെടുക്കും. വൈകീട്ട് 5:30 മണിക്ക് ബാലാമണിയമ്മ പുരസ്കാരം വൈരമുത്തു ഡോ.എം.എം.ബഷീറിന് സമ്മാനിക്കും. അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ സേതു പുരസ്കാര സന്ദേശം നൽകും. ഹൈബി ഈഡൻ എം.പി, എഴുത്തുകാരൻ എസ്.എൻ.സ്വാമി എന്നിവർ പങ്കെടുക്കും. 6:30 മണിക്ക് എളമക്കര ഭവൻസ് വിദ്യാമന്ദിർ സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ഫ്യൂഷൻ മ്യൂസിക്ക് നടക്കും. 7:15 ന് എം.ടി യെ ഓർമ്മിക്കുന്നു എന്ന പരിപാടിയിൽ കെ.ശ്രീകുമാർ പങ്കെടുക്കും. 8 മണിക്ക് ദേവസ്ഥാന ദേവതാ പഞ്ചരത്നനാലാപനം. മറ്റൊരു വേദിയിൽ രാവിലെ 10:30 മണിക്ക് ധനകാര്യ അവബോധം എന്ന വിഷയത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സെമിനാർ സംഘടിപ്പിക്കും.200 ഓളം പുസ്തക പ്രസാധകരും, മറ്റ് സ്റ്റാളുകളും അടക്കമുള്ള പുസ്തകോത്സവം   എറണാകുളത്തപ്പൻ മൈതാനത്ത് നവംബർ 10 ന് അവസാനിക്കും. പ്രവേശനം സൗജന്യമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img