
കേരളത്തിൽ ഇത് ഉത്സവ കാലമാണ്. വിവിധ മതങ്ങളുടെ തീർത്ഥാടനവും ഉത്സവവും ഉറൂസും ചന്ദനക്കുടവും പെരുന്നാളും എല്ലാമായി ആയിരക്കണക്കിന് ആളുകൾ സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന നാളുകൾ. ഭക്തിയുടെ പാരമ്യത്തിൽ തീർത്ഥാടന കേന്ദ്രങ്ങളിലേക്കെത്തുമ്പോൾ കേരളത്തിലെ ബഹുഭൂരിപക്ഷം തീർത്ഥാടന കേന്ദ്രങ്ങളിലും വിശ്വാസികളെ കാത്തിരിക്കുന്നത് ദുരിതങ്ങളാണ്. വിശ്വാസികൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനങ്ങൾ കേരളത്തിലെ ബഹുഭൂരിപക്ഷം ആരാധനാലയങ്ങളിലുമില്ല എന്നതാണ് വാസ്തവം.
കൈക്കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ മുതൽ മലമൂത്ര വിസർജ്ജനം നടത്താൻ വരെ തീർത്ഥാടന കേന്ദ്രങ്ങളിലെത്തുന്ന വിശ്വാസികൾ നെട്ടോടമോടേണ്ട സാഹചര്യമാണ്. ഭക്തരിൽ നല്ലൊരു പങ്കും സ്ത്രീകളാണ് എന്നത് ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കും എന്ന് അധികൃതർ ആണയിട്ട് പറയുമ്പോഴും അവരുടെ അന്തസ് കാത്തുസൂക്ഷിക്കുന്നതിന് എന്ത് മുന്നൊരുക്കങ്ങൾ സ്വീകരിച്ചു എന്ന കാര്യത്തിൽ ഭരണകൂടവും തീർത്ഥാടന കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും മൗനും പാലിക്കുകയാണ് പതിവ്.
മൂത്രപ്പുരകൾ പോലുമില്ല, ഉള്ളവ നരകതുല്യം
സംസ്ഥാനത്തെ ആരാധനലായങ്ങളിൽ പലതിനും ആവശ്യത്തിന് മൂത്രപ്പുരകൾ പോലുമില്ല എന്നതാണ് വാസ്തവം. ആയിരക്കണക്കിന് ആളുകൾ ദിവസവും എത്തുന്ന ആരാധനാലയങ്ങളിൽ ലക്ഷങ്ങളും കോടികളുമാണ് വരുമാനം. എന്നാൽ, ഭക്തരുടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ആവശ്യമായ ഇടങ്ങൾ ഒരുക്കാൻ ആരും തയ്യാറാകുന്നില്ല എന്നത് ഒരു നഗ്നസത്യമാണ്. ചില ആരാധനാലയങ്ങളിൽ പേരിനുമാത്രം ശുചിമുറികൾ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ, അവ വൃത്തിയാക്കാൻ ആരെയും നിയോഗിക്കാത്തത് കാരണം നാറിപുഴുത്ത അവസ്ഥയിലാണ്. അവയ്ക്കുള്ളിൽ കയറുന്നതിലും ഭേദം പെരുവഴിയിൽ കാര്യംസാധിക്കുന്നതാണ് എന്ന് ആർക്കും തോന്നിപോകും.
സിറ്റികളിലെ ചില ആരാധനാലയങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് പോർട്ടബിൾ ശുചിമുറികൾ സ്ഥാപിക്കാറുണ്ട്. എന്നാൽ, വൃത്തിയുടെ കാര്യത്തിൽ അവയുടെ അവസ്ഥയും മേൽപ്പറഞ്ഞത് തന്നെ.
ഈ മാസം ആദ്യം തിരുവനന്തപുരം ബീമാപള്ളിൽ ഉറൂസ് നടന്നപ്പോഴും പള്ളിയിലെത്തിയ തീർത്ഥാടകർ വലഞ്ഞത് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ഇടംതേടിയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് തീർത്ഥാടകർ എത്തുമ്പോഴും വൃത്തിയും വെടിപ്പുമുള്ള ശുചിമുറികളുടെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
ഭക്ഷണശാലകളുണ്ട്, ശുചിമുറികൾ എവിടെ?
കേരളത്തിലെ ആരാധനാലയങ്ങളുടെ ഒരു പ്രത്യേകത അന്നദാനമാണ്. മിക്ക ആരാധനാലയങ്ങളിലും വിശേഷ ദിവസങ്ങളിൽ സൗജന്യ അന്നദാനം പതിവാണ്. എല്ലാ ദിവസവും അന്നദാനം നടത്തുന്ന ആരാധാനാലയങ്ങളുമുണ്ട്. എന്നാൽ, ഇത്തരത്തിൽ ഭക്ഷണം നൽകുന്ന ആരാധനാലയങ്ങളിലും ആവശ്യത്തിന് പോയിട്ട്, പേരിനു പോലും ശുചിമുറികൾ ഉണ്ടാകാറില്ല.
കേരളത്തിലെ ആരാധനാലയങ്ങളിലേക്ക് എത്തുന്നവരിൽ നല്ലൊരു ശതമാനവും സ്ത്രീകളാണ്. പലരും എത്തുന്നത് കൈക്കുഞ്ഞുങ്ങളുമായും. മണിക്കൂറുകളോളം യാത്ര ചെയ്താണ് പലരും ഇത്തരം സ്ഥലങ്ങളിലേക്ക് എത്തുന്നത്. എന്നാൽ, ഇവിടങ്ങളിൽ എത്തിയ ശേഷം പ്രാഥമിക കൃത്യം നിർവഹിക്കണമെങ്കിൽ ഹോട്ടലുകളിൽ മുറിയെടുക്കേണ്ട സാഹചര്യമാണ്. ഇതിന് അറുതിവരുത്താൻ ഭരണകൂടവും ബന്ധപ്പെട്ട അധികാരികളും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എല്ലാ ആരാധനാലയങ്ങളോടും ചേർന്ന് വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ നിർമ്മിക്കാൻ ഇനിയും വൈകിക്കൂടാ. ഓരോ വർഷവും എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിന് ആനുപാതികമായി ഭോജനശാലകൾ ക്രമീകരിക്കുന്നതിനൊപ്പം ശുചിമുറികൾ നിർമ്മിക്കാനും അവ വൃത്തിയായി പരിപാലിക്കാനും കഴിയണം.
മുലയൂട്ടുന്ന അമ്മമാർക്കുമുണ്ട് അന്തസ്
ആരാധനാലയങ്ങളിൽ കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർക്കും പലയിടങ്ങളിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാറില്ല. കുഞ്ഞുങ്ങൾ വിശന്നു കരഞ്ഞാൽ പോലും മുലയൂട്ടാൻ കഴിയാത്ത സാഹചര്യമാണ്. സ്ത്രീകൾ എത്തുന്ന എല്ലാ ആരാധനാലയങ്ങളിലും വൃത്തിയും വെടിപ്പുമുള്ള മുലയൂട്ടൽ കേന്ദ്രങ്ങളും സജ്ജമാക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണ്. മുലപ്പാൽ കുഞ്ഞിന്റെ ജന്മാവകാശമാണ്. അത് ദൈവസന്നിധികളിൽ നിഷേധിക്കപ്പെടരുത്.










