10:49am 13 November 2026
NEWS
സഭാ വിരുദ്ധർ സഭ വിട്ടു പോകണം ഫാ. ജോസ് മണിപ്പറമ്പിൽ.
08/11/2025  05:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സഭാ വിരുദ്ധർ  സഭ വിട്ടു പോകണം ഫാ. ജോസ് മണിപ്പറമ്പിൽ.
HIGHLIGHTS

കൊച്ചിയിൽ സംഘടിപ്പിച്ച അതിരൂപത വിശ്വാസ സംരക്ഷണ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ഫാ. ആന്റണി  പൂതവേലി പ്രസംഗിക്കുന്നു. ജോസഫ് പി. എബ്രഹാം, ജോർജ് പുല്ലാട്ട്, പി.ടി ചാക്കോ,ഫാ. ജോൺ തോട്ടുപുറം, മത്തായി മുതിരേന്തി, പോളച്ചൻ  പുതുപ്പാറ, ജോസഫ് ടിറ്റോ നേരിയoപറമ്പിൽ, ജോയി ജോർജ് എന്നിവർ സമീപം.

കൊച്ചി: സീറോ മലബാർ സഭയിലെ സഭാ വിരുദ്ധരായ മെത്രാന്മാരും വൈദീകരും അൽമായരും സഭ വിട്ടു പോകണമെന്ന് പ്രശസ്ത സഭാ പണ്ഡിതനും സുവിശേഷ പ്രസംഗകനുമായ ഫാ. ജോസ് മാണിപ്പറമ്പിൽ ആവശ്യപ്പെട്ടു.വൺ ചര്‍ച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച അതിരൂപത വിശ്വാസ സംരക്ഷണ സംഗമത്തിൽ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന പ്രശ്നത്തിൽ സഭാ നേതൃത്വം വിശ്വാസികളെ ഉപേക്ഷിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തത്. ഇവിടെ സഭയുടെ പാരമ്പര്യം തന്നെ ഇല്ലാതായി.  മെത്രാൻമാരുടെ തീരുമാനം അവർ തന്നെ അട്ടിമറിച്ചതായും  ഇത്  അതിരൂപതയെ സീറോ മലബാർ സഭയിൽ ഒറ്റപ്പെടുത്തിയെന്നും മാണിപറമ്പിലച്ചൻ പറഞ്ഞു. സമവായം അതിരൂപതയിൽ സമാധാനം ഉണ്ടാക്കിയെന്ന് വ്യാജ പ്രചാരണം നടത്തുകയാണെന്നും ഒരു ദിവസം പോലും എല്ലാ ദേവാലയങ്ങളിലും പൂർണ്ണമായി ഏകീകൃത കുർബാന ഇതുവരെയും നടന്നിട്ടില്ലെന്നും സമവായ ഫോർമുല കൈ നനയാതെ മീൻ പിടിക്കാനുള്ള സഭാനേതൃത്വത്തിൻ്റെ അടവ് നയം മാത്രമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാ. ആന്റണി പൂതവേലി പറഞ്ഞു. ചീഫ് കോഡിനേറ്റർ മത്തായി മുതിരേന്തി അധ്യക്ഷനായിരുന്നു. ഫാ. ജോൺ തൊട്ടുപുറം, ഫാ. സക്കറിയ പറനിലം, ജോർജ് പുല്ലാട്ട്, പി. ടി ചാക്കോ, പോളച്ചൻ പുതുറപ്പാറ, ജോസഫ് ടിറ്റോ നേരിയoപറമ്പിൽ, ജോയി ജോർജ് വെട്ടിക്കൽ, ജോസഫ് പി. എബ്രഹാം,  ടെൻസൻ പുളിക്കൽ, ജോസഫ് അമ്പലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. സഭ നിയമങ്ങളെക്കുറിച്ച് നടന്ന ചർച്ചകൾക്ക് ഫാ. നിക്കോളാസ് പള്ളിവാതുക്കൽ നേതൃത്വം നൽകി.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img