
എറണാകുളം: എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയെ തടഞ്ഞ് വെച്ച് സഭയിലെ സിനഡ് അനുകൂലികൾ കഴിഞ്ഞ ദിവസം നടത്തിയ ബന്ദി നാടകം യഥാർത്ഥ വസ്തുതകളെ പുറത്ത് കൊണ്ടു വരാൻ സഹായിച്ചതിന്റെ സന്തോഷത്തിലാണ് സഭയിൽ സമാധാനമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം വിശ്വാസികൾ.
2024 ജൂൺ 21 ലെ സിനഡാനന്തര അറിയിപ്പിൽ, ഒരു കുർബാനയെങ്കിലും സിനഡ് നിർദ്ദേശിച്ച രീതിയിൽ അർപ്പിച്ചാൽ മതിയെന്ന് പരാമർശിച്ചിട്ടുള്ളതാണെന്നിരിക്കേ, മാർ ജോസഫ് പാംപ്ലാനി കുർബാന വിഷയത്തിൽ സഭാ വിരുദ്ധമായി എന്തോ ചെയ്തു എന്ന് വരുത്തി തീർക്കാൻ ഇവർ നടത്തിയ പ്രതിഷേധം പ്രശ്നങ്ങൾ തീരരുത് എന്നാഗ്രഹിക്കുന്ന ആരുടെയൊക്കെയോ ഇടപെടലിന്റെ ഫലമാണെന്ന് തെളിഞ്ഞിരിക്കുന്നു.ഇത്, ബന്ദി നാടകം ആസൂത്രണം ചെയ്തവർക്ക് തന്നെ തിരിച്ചടിയായിട്ടുണ്ട്.
തീവ്രവാദികളുടെ ശൈലിയിൽ നടത്തിയ നാടകം സിനഡ് അനുകൂലികൾ എന്ന നിലയിൽ എത്തിയവരുടെ ഇടയിലെ നിലവിലെ ഭിന്നതയെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.
നാലു ലക്ഷം വിശ്വാസികളുടെയും 300 ലധികം വൈദികരുടെയും ശക്തമായ പിന്തുണ തലശ്ശേരിയിലുള്ള മാർ ജോസഫ് പാംപ്ലാനി പ്രശ്നപരിഹാരത്തിന് നടത്തിയ നിർണായക ചുവട് വെയ്പുകളെയാണ് ഇക്കൂട്ടർ തടസ്സപ്പെടുത്താനെത്തിയത്.
ബന്ദി നാടകം നടത്താനെത്തിയവരെ മെത്രാപ്പോലീത്തൻ വികാരി കൃത്യമായ മറുപടികളോടെ സധൈര്യം നേരിട്ടപ്പോൾ ഉത്തരം മുട്ടിയസമരക്കാർക്ക് കൂക്കുവിളിമാത്രമേ പ്രതികരണമായി ഉണ്ടായിരുന്നുള്ളൂ എന്നത് പൊതു സമൂഹത്തിലും സമരക്കാരെ അപഹാസ്യരാക്കി.
വിമത ഗ്രൂപ്പുകളുടെ ആഭാസകരമായ സമരശൈലി അനുവർത്തിച്ചതിലൂടെ വിമതരുടെ നിലവാരത്തിലേക്ക് സിനഡ്അനുകൂലികളും തരംതാഴ്ന്നു എന്നാണ് വിശ്വാസികൾ വിലയിരുത്തുന്നത്.
കൂടാതെ, ബന്ദി നാടകത്തിനു നേതൃത്വം കൊടുത്തവർക്കെതിരേ സഭാനേതൃത്വം കർക്കശമായ ശിക്ഷനടപടികൾ പ്രഖ്യാപിച്ചതും സിനഡ് അനുകൂലികൾക്ക് ശക്തമായ തിരിച്ചടിയായി.
മേജർആർച്ചുബിഷപ്പ് നിയമിച്ച കാനോനിക കോടതിയിൽ വിമതനേതാക്കൾക്കൊപ്പം വിചാരണ നേരിടേണ്ട ഗതികേടിലാണിവർ.
സിനഡിന്റെ വ്യാജ അനുകൂലികൾക്ക് ഇനിമേൽ സഭാനേതൃത്വത്തിന്റെ പിന്തുണയില്ല എന്ന വ്യക്തമായ സന്ദേശമാണ് ശിക്ഷാനടപടിയുടെ പ്രഖ്യാപനത്തിലൂടെ വ്യക്തമായത്.
സിനഡ്അനുകൂല ഗ്രൂപ്പുകളായി രംഗപ്രവേശം ചെയ്ത ചില സംഘടനകൾ സഭാവിരുദ്ധരായ ചില 'സെക്ടു' കളുടെ പ്രവർത്തകരാണെന്ന തിരിച്ചറിവും ശക്തമായ നടപടികളിലേക്കു നീങ്ങാൻ സഭാനേതൃത്വത്തിനു പ്രേരണയായി എന്നാണ് മനസ്സിലാകുന്നത്. ഒളിഞ്ഞും തെളിഞ്ഞും ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണനൽകിയിരുന്ന ചിലസഭാനേതാക്കളും ഇപ്പോൾ പിൻവലിഞ്ഞിരിക്കുകയാണ്.











