03:11pm 18 April 2026
NEWS
​കോടതി വിധി ബാധിക്കുന്നവർക്ക് കക്ഷികളല്ലെങ്കിലും നിയമപോരാട്ടം നടത്താം: സുപ്രീം കോടതി
07/03/2026  08:08 AM IST
സുരേഷ് വണ്ടന്നൂർ
​കോടതി വിധി ബാധിക്കുന്നവർക്ക് കക്ഷികളല്ലെങ്കിലും നിയമപോരാട്ടം നടത്താം: സുപ്രീം കോടതി

​ന്യൂഡൽഹി: കോടതി വിധി നേരിട്ട് ബാധിക്കുന്ന വ്യക്തികൾ കേസിൽ കക്ഷികളല്ലെങ്കിൽ പോലും അവർക്ക് വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാനോ ഉചിതമായ ഫോറങ്ങളിൽ ചോദ്യം ചെയ്യാനോ അവകാശമുണ്ടെന്ന് സുപ്രീം കോടതി. കേസിൽ കക്ഷികളല്ലാത്തവർക്ക് നീതി നിഷേധിക്കപ്പെടില്ലെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരമായ വഴികൾ തുറന്നുകിടക്കുകയാണെന്നും കോടതി വ്യക്തമാക്കി.
​കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ പ്രൊമോഷനുമായി ബന്ധപ്പെട്ട ദീർഘകാല തർക്കത്തിന്മേലുള്ള അപ്പീലുകൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാനം.
​ സർവീസ് സംബന്ധമായ കേസുകളിൽ കോടതി വിധികൾ കക്ഷികളായവരിൽ മാത്രം ഒതുങ്ങിനിൽക്കാറില്ല. ഒരേ കേഡറിലുള്ള മറ്റ് ജീവനക്കാരെയും വിധി ബാധിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ ബാധിക്കപ്പെടുന്നവർക്ക് കോടതിയെ സമീപിക്കാൻ അർഹതയുണ്ട്.
​'അഗ്രീവ്ഡ് പേഴ്സൺ' (അങ്കലാപ്പിലായ വ്യക്തി): കേസിൽ കക്ഷിയല്ലെങ്കിലും ഒരു വിധി മൂലം തന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് തെളിയിക്കാൻ കഴിയുന്ന വ്യക്തിക്ക് പുനഃപരിശോധനാ ഹർജി നൽകാം.
​കെ. അജിത് ബാബു കേസ് (1997), രാമറാവു കേസ് (2007), നരേഷ്കുമാർ ജഗദ് കേസ് (2019) എന്നീ സുപ്രധാന വിധികൾ മുൻനിർത്തിയാണ് സുപ്രീം കോടതി ഈ നിലപാട് ആവർത്തിച്ചത്.
​കേരള സാങ്കേതിക വിദ്യാഭ്യാസ സർവീസ് ചട്ടങ്ങളിലെ (2004) റൂൾ 6A പ്രകാരം പി.എച്ച്.ഡി ഇല്ലാത്ത അധ്യാപകർക്ക് സ്ഥാനക്കയറ്റത്തിന് നൽകിയ ഇളവ് സംബന്ധിച്ചായിരുന്നു തർക്കം. ഈ റൂൾ മുൻപ് ഹൈക്കോടതി റദ്ദാക്കിയിരുന്നെങ്കിലും, പിന്നീട് സുപ്രീം കോടതി അത് പുനഃസ്ഥാപിക്കുകയും പി.എച്ച്.ഡി നേടാത്തത് ഇൻക്രിമെന്റുകളെ മാത്രമേ ബാധിക്കൂ എന്നും സ്ഥാനക്കയറ്റത്തെ ബാധിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
​തുടർന്ന് സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകരുടെ ആനുകൂല്യങ്ങൾ ഹൈക്കോടതിയുടെയും ട്രൈബ്യൂണലിന്റെയും പിന്നീട് വന്ന ഉത്തരവുകൾ വഴി തടസ്സപ്പെട്ടതോടെയാണ് അധ്യാപകർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഒരിക്കൽ തീർപ്പാക്കിയ കാര്യങ്ങളിൽ വീണ്ടും ഇടപെടാൻ ഹൈക്കോടതിക്ക് കഴിയില്ലെന്നും, ബാധിക്കപ്പെട്ടവർക്ക് പരാതി ബോധിപ്പിക്കാൻ നിയമപരമായ അവകാശമുണ്ടെന്നും കോടതി ഉത്തരവിട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img