
തിരുവനന്തപുരം: ആറ്റിങ്ങലിൽ കോളേജ് വിദ്യാർഥിക്ക് പട്ടാപ്പകൽ വെട്ടേറ്റു. തോന്നയ്ക്കൽ സായിഗ്രാം കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിയും കഴക്കൂട്ടം സ്വദേശിയുമായ വിഗ്നേഷ് (20) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഗ്നേഷിന്റെ തലയ്ക്കാണ് വെട്ടേറ്റത്.
കോളേജിലെ പെൺകുട്ടികളെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ തോന്നയ്ക്കൽ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദിൽഷാന്ത് എന്നിവരെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഇതിനിടെ വാക്കത്തി ഉപയോഗിച്ച് വിഗ്നേഷിനെ വെട്ടുകയായിരുന്നു. ആക്രമണം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഗ്നേഷിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്തിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങൾ പകർത്തുന്നത് അക്രമികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിൽ തനിക്കും ആക്രമണം നേരിടേണ്ടിവരുമായിരുന്നുവെന്ന് ദൃശ്യങ്ങൾ പകർത്തിയയാൾ പ്രതികരിച്ചു.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ആക്രമണത്തിന് പിന്നിലെ യഥാർഥ കാരണം എന്താണെന്നും ഉൾപ്പെടെ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.










