10:06pm 11 September 2026
NEWS
ആറ്റിങ്ങലിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുടെ തല വെട്ടിപ്പൊളിച്ചത് വാക്കത്തി ഉപയോ​ഗിച്ച്; ദൃശ്യങ്ങൾ പുറത്ത്
11/09/2026  07:36 PM IST
nila
ആറ്റിങ്ങലിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുടെ തല വെട്ടിപ്പൊളിച്ചത് വാക്കത്തി ഉപയോ​ഗിച്ച്; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ആറ്റിങ്ങലിൽ കോളേജ് വിദ്യാർഥിക്ക് പട്ടാപ്പകൽ വെട്ടേറ്റു. തോന്നയ്ക്കൽ സായിഗ്രാം കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിയും കഴക്കൂട്ടം സ്വദേശിയുമായ വിഗ്നേഷ് (20) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വി​ഗ്നേഷിന്റെ തലയ്ക്കാണ് വെട്ടേറ്റത്. 

കോളേജിലെ പെൺകുട്ടികളെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ തോന്നയ്ക്കൽ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദിൽഷാന്ത് എന്നിവരെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഇതിനിടെ വാക്കത്തി ഉപയോഗിച്ച് വിഗ്നേഷിനെ വെട്ടുകയായിരുന്നു. ആക്രമണം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഗ്നേഷിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്തിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങൾ പകർത്തുന്നത് അക്രമികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിൽ തനിക്കും ആക്രമണം നേരിടേണ്ടിവരുമായിരുന്നുവെന്ന് ദൃശ്യങ്ങൾ പകർത്തിയയാൾ പ്രതികരിച്ചു.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ആക്രമണത്തിന് പിന്നിലെ യഥാർഥ കാരണം എന്താണെന്നും ഉൾപ്പെടെ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img