07:31am 14 November 2026
NEWS
എൻവിഡിയയുടെ അമരത്തേക്ക് പാമ്പാടിക്കാരൻ? സിഇഒ സ്ഥാനത്തേക്ക് മലയാളി തോമസ് കുര്യനും പരിഗണനയിൽ
14/11/2026  07:10 AM IST
nila
എൻവിഡിയയുടെ അമരത്തേക്ക് പാമ്പാടിക്കാരൻ? സിഇഒ സ്ഥാനത്തേക്ക് മലയാളി തോമസ് കുര്യനും പരിഗണനയിൽ

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ എൻവിഡിയയുടെ തലപ്പത്തേക്ക് ഒരു മലയാളി എത്തിയേക്കുമോ? കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ കണ്ടെത്താനുള്ള ചർച്ചകളിൽ കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യന്റെ പേരും ഉയർന്നുവന്നിരിക്കുകയാണ്. നിലവിൽ ഗൂഗിൾ ക്ലൗഡിന്റെ സിഇഒയായ തോമസ് കുര്യൻ ആഗോള സാങ്കേതിക രംഗത്തെ പ്രമുഖരിൽ ഒരാളാണ്.

എൻവിഡിയയുടെ സഹസ്ഥാപകനും സിഇഒയുമായിരുന്ന ജെൻസൻ ഹുവാങ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ മേധാവിയെ കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചത്. അദ്ദേഹത്തിനെതിരേ ഉയർന്ന വ്യക്തിബന്ധങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കൊലെറ്റ് ക്രെസ്സിനാണ് താൽക്കാലികമായി സിഇഒയുടെ ചുമതല നൽകിയിരിക്കുന്നത്.

സ്ഥിരം മേധാവിയെ കണ്ടെത്തുന്നതിനായി എൻവിഡിയ സ്വന്തം നേതൃത്വനിരയിലുള്ളവർക്കൊപ്പം മറ്റ് പ്രമുഖ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരെയും പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തോമസ് കുര്യന്റെ പേരും ചർച്ചകളിൽ ഇടംപിടിച്ചത്. എൻവിഡിയയുടെ ആഗോള ഫീൽഡ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയ് പുരി, മൈക്രോൺ സിഇഒ സഞ്ജയ് മെഹ്റോത്ര, പാലോ ആൾട്ടോ നെറ്റ്‌വർക്ക്സ് മേധാവി നികേഷ് അറോറ എന്നിവരും പരിഗണനയിലുള്ള ഇന്ത്യൻ വംശജരാണ്.

ഇവരെ കൂടാതെ കൊലെറ്റ് ക്രെസ്, ആപ്പിൾ സിഇഒ ടിം കുക്ക്, എൻവിഡിയയുടെ ഹൈപ്പർഫോമൻസ് വിഭാഗം വൈസ് പ്രസിഡന്റ് ഇയാൻ ബക്ക് എന്നിവരുടെ പേരുകളും ഉയർന്നിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ടിം കുക്കിനോടാണ് താൽപര്യമെന്നും റിപ്പോർട്ടുകളുണ്ട്.

പാമ്പാടിയിൽനിന്ന് പ്രിൻസ്റ്റണിലേക്ക്; പിന്നെ ആഗോള ടെക് ലോകത്തേക്ക്

കോട്ടയം ജില്ലയിലെ പാമ്പാടിയിൽ ജനിച്ച തോമസ് കുര്യന്റെ വളർച്ചയും കരിയർ യാത്രയും ശ്രദ്ധേയമാണ്. ഇരട്ട സഹോദരൻ ജോർജ് കുര്യനൊപ്പം 1986ൽ അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ ഉപരിപഠനത്തിനായി പോയി. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് എംബിഎയും സ്വന്തമാക്കി.

മക്കിൻസി ആൻഡ് കമ്പനിയിലെ ജോലിക്കുശേഷം 1996ലാണ് തോമസ് കുര്യൻ ഒറാക്കിളിലെത്തിയത്. കമ്പനിയിൽ 22 വർഷം വിവിധ പദവികൾ വഹിച്ചു. പ്രൊഡക്ട് മാനേജ്മെന്റ് വിഭാഗത്തിൽ തുടക്കം കുറിച്ച അദ്ദേഹം 2015ൽ പ്രൊഡക്ട് ഡെവലപ്മെന്റ് പ്രസിഡന്റായി ഉയർന്നു. ഒറാക്കിൾ സ്ഥാപകൻ ലാറി എലിസണുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന തോമസ് കമ്പനിയുടെ പ്രധാന തീരുമാനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പ്രധാന തീരുമാനങ്ങളെടുക്കുന്നതിനു മുൻപ് എലിസൺ തോമസിന്റെ അഭിപ്രായം തേടിയിരുന്നുവെന്ന് ഒറാക്കിളിലെ മുൻ എക്സിക്യൂട്ടീവ് റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയിരുന്നു. തോമസിന്റെ പ്രൊഫഷണൽ മികവിനും നേതൃത്വപാടവത്തിനും ലഭിച്ച അംഗീകാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

2018ലാണ് അദ്ദേഹം ഗൂഗിൾ ക്ലൗഡിന്റെ സിഇഒ ചുമതലയേറ്റത്. അതിനുശേഷം ആഗോള ക്ലൗഡ് കമ്പ്യൂട്ടിങ് രംഗത്തെ പ്രധാന നേതൃത്വങ്ങളിലൊരാളായി മാറി.

തോമസിന്റെ ഇരട്ട സഹോദരൻ ജോർജ് കുര്യനും അന്താരാഷ്ട്ര ടെക് രംഗത്ത് ഉന്നത പദവി വഹിക്കുന്നു. അമേരിക്കൻ ടെക് കമ്പനിയായ നെറ്റ്‌ആപ്പിന്റെ സിഇഒയാണ് ജോർജ്. രണ്ട് സഹോദരങ്ങളും ആഗോളതലത്തിലെ പ്രമുഖ സാങ്കേതിക കമ്പനികളുടെ തലപ്പത്ത് പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

എൻവിഡിയയുടെ അടുത്ത സിഇഒ ആരാകുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. തോമസ് കുര്യന് നറുക്കുവീണാൽ പാമ്പാടിയിൽനിന്ന് ആഗോള സാങ്കേതിക വ്യവസായത്തിന്റെ നിർണായക സ്ഥാനത്തേക്കുള്ള മലയാളിയുടെ മറ്റൊരു വലിയ മുന്നേറ്റമായിരിക്കും അത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img