12:17am 06 September 2026
NEWS
'അന്ന് ഭൂമി കുലുങ്ങിയില്ല'; വി.എസ് അനുസ്മരണ വേദിയിൽ തോമസ് ഐസകിന്റെ പരോക്ഷ വിമർശനം
21/07/2026  03:28 PM IST
nila
 അന്ന് ഭൂമി കുലുങ്ങിയില്ല; വി.എസ് അനുസ്മരണ വേദിയിൽ തോമസ് ഐസകിന്റെ പരോക്ഷ വിമർശനം

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ ചരമവാർഷിക അനുസ്മരണ വേദിയിൽ പരോക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. സമൂഹത്തെ വർഗീയമായി വിഭജിക്കാൻ സാമുദായിക ശക്തികൾ നടത്തുന്ന ശ്രമങ്ങൾ വി.എസിന്റെ രാഷ്ട്രീയ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വി.എസിന്റെ കാലത്ത് സമുദായ നേതാക്കളുടെ വീടുകൾക്ക് മുന്നിൽ മൈക്ക് കെട്ടി പ്രതിഷേധിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നുവെങ്കിലും അതൊന്നും വലിയ വിവാദങ്ങളിലേക്കോ രാഷ്ട്രീയ ഭൂചലനങ്ങളിലേക്കോ നയിച്ചിരുന്നില്ലെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. "അന്ന് ഭൂമി കുലുക്കമൊന്നും ഉണ്ടായിട്ടില്ലല്ലോ" എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം.

രാജ്യത്ത് ബിജെപി ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളിയെ നേരിടേണ്ടത് നിർണായകമാണെന്നും, സർക്കാരിനെതിരായ ജനവികാരം ഇടതുമുന്നണിക്ക് അനുകൂലമായ വോട്ടാക്കി മാറ്റാൻ പാർട്ടി പ്രവർത്തകർ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അതേസമയം, വി.എസ്. അച്ചുതാനന്ദന്റെ ചരമവാർഷികം സിപിഎം സംസ്ഥാനത്തുടനീളം വിവിധ പരിപാടികളോടെ ആചരിക്കുകയാണ്. ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വി.എസിന്റെ സ്മരണയ്ക്കായി നിർമിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടന്നു.

വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനവും റാലിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുന്നപ്രയിലെ വി.എസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിൽ അദ്ദേഹത്തിന്റെ അർധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.