കാക്കനാട് : ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ നെൽകൃഷി രക്ഷിക്കാനുള്ള വയൽ ഉടമകളുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി. ഡീവാട്ടറിംഗ് സംവിധാനങ്ങളുടെ നിയന്ത്രണ കാലാവധി നെൽ കർഷകർക്ക് ദീർഘിപ്പിച്ചു കൊടുക്കുന്നതിൽ മറുവക്കാട് പാടശേഖര കർഷക യൂണിയൻ (എം.പി.കെ.യു.) ഭാരവാഹികൾ തയ്യാറായില്ല .
ഇന്ന് പി.എൽ.ഡി.എ ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത്തവണത്തെ നെൽകൃഷി തുടരുന്നതിനെക്കുറിച്ച് ഏകാഭിപ്രായത്തിലെത്താൻ കഴിയാതിരുന്നത്.
08/09/25-ന് ഏതാനും വയൽ ഉടമകൾ അവരുടെ വയലുകളിൽ മുളപ്പിച്ച (sprouted ) വിത്ത് വിതച്ചിരുന്നുവെങ്കിലും, പമ്പ് ഹൗസിന്റെ നിയന്ത്രണ കാലാവധി ദീർഘിപ്പിച്ചു കൊടുക്കണം എന്ന് അവരുടെ അപേക്ഷ എം.പി.കെ.യു. അംഗീകരിച്ചില്ല.
നേരത്തെ, 03/09/25-ന് ചെല്ലാനം കൃഷി ഓഫീസർ നൽകിയ കത്തിൽ, കർഷകർ പമ്പ് ഹൗസിന്റെ താക്കോൽ കൃഷി ഭവനിൽ കൈമാറണമെന്ന് നിർദ്ദേശിച്ചിരുന്നു. പ്രശ്നം കൂടുതൽ സങ്കീർണമാക്കിക്കൊണ്ട്, എം.പി.കെ.യു. ഭാരവാഹികൾ ചെല്ലാനം കൃഷി ഓഫീസർക്ക് ലീഗൽ ഷോക്കോസ് നോട്ടീസും അയച്ചു. നിർദ്ദേശിച്ചത് പ്രകാരം തന്നെ കർഷകർ താക്കോലുകൾ കൈമാറുകയും ചെയ്തു.
ഇതുമൂലം, 120 ദിവസത്തെ വളർച്ചാ കാലാവധിയുള്ള പൊക്കാളി നെൽകൃഷിയുടെ ആവശ്യകതകൾക്ക അനുസരിച്ച് പാടശേഖരത്തിലെ ജലനിരപ്പ് നിയന്ത്രിക്കാനുള്ള കർഷകരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.
ഈ നിർദ്ദേശം അംഗീകരിക്കപ്പെടുകയാണെങ്കിൽ , കാർഷിക കലണ്ടർ പ്രകാരം നവംബർ 15 വരെ മാത്രം അനുവദിച്ചിരിക്കുന്ന നെൽകൃഷിയുടെ കാലയളവിന് ശേഷവും, മത്സ്യ കൃഷിക്ക് മാറ്റി വച്ചിരിക്കുന്ന കാലയളവിലേക്ക് അനിവാര്യമായി നെൽകൃഷി നീളുമെന്ന് പാടശേഖര ഭാരവാഹികൾ ആശങ്കകൾ രേഖപ്പെടുത്തി . വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർ ദീപ തോമസ് നെൽകൃഷി വൈകിയാണെങ്കിലും നടത്തുന്നത് നല്ലതാണെന്ന് കളക്ടറുടെ ചോദ്യത്തോട് പ്രതികരിച്ചു. കൃഷി പുഷ്പിക്കുന്ന (flowering ) കാലഘട്ടത്തിൽ വയലുകളിലെ ജലത്തിൻറെ ലവണാംശം 8 പിപിഎം (parts per million) താഴെയാണെന്ന് ഉറപ്പാക്കിയാൽ മതി . നവംബറിലെ തുലാവർഷം ലവണാംശം താഴ്ന്നു നിൽക്കുവാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഏപ്രിൽ 15നുളളിൽ ഒഴിവാക്കപ്പെടേണ്ട ലവണാംശമുള്ള ജലം പൂർണ്ണമായും നിർമാർജനം ചെയ്യാൻ പറ്റാത്തതിനെ തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത് . കൊച്ചി താലൂക്കിലെ ചെല്ലാനം മറുവക്കാട് 465 ഏക്കർ വിസ്തൃതി വരുന്ന പാടശേഖരത്തിലെ 261ഏക്കർ കൃഷിക്ക് യോഗ്യമായ വയലുകളാണ്. നെൽകൃഷി വിളവെടുക്കാത്ത വയലുകളിൽ മത്സ്യകൃഷി ചെയ്യുവാനുള്ള ലൈസൻസ് നൽകില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വെളിപ്പെടുത്തി . അടുത്തവർഷം ഏപ്രിൽ അഞ്ചിന് തന്നെ പാടശേഖരത്തിലെ വെള്ളം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും എന്ന് ഭാരവാഹികൾ ഉറപ്പുനൽകി. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് ഉള്ളതുകൊണ്ട് PLDA ഉത്തരവ് നടപ്പിലാക്കുന്നതിൽ പെരുമാറ്റ ചട്ടം ബാധിക്കും എന്ന് നെൽ കർഷകരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കളക്ടർ വിശദീകരിച്ചു. ചെല്ലാനം പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇന്ദു നായർ, വാട്ടർ മാനേജ്മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടർ സിന്ദു പി , കൃഷി ഓഫീസർ ഗായത്രി , മൈനർ ഇറിഗേഷൻ എ ഇ, പാടശേഖര ഭാരവാഹികൾ, നെൽ കർഷകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.








