10:46am 12 November 2026
NEWS
പങ്കാളിത്ത പെൻഷൻ പദ്ധതി നിർത്തലാക്കും, സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം, ക്ഷേമ പെൻഷൻ വർധനവ്...; സംസ്ഥാന ബജറ്റിൽ ഇക്കുറിയുണ്ടാകുക വാ​ഗ്ദാന പെരുമഴ
20/12/2025  07:37 AM IST
nila
പങ്കാളിത്ത പെൻഷൻ പദ്ധതി നിർത്തലാക്കും, സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം, ക്ഷേമ പെൻഷൻ വർധനവ്...; സംസ്ഥാന ബജറ്റിൽ ഇക്കുറിയുണ്ടാകുക വാ​ഗ്ദാന പെരുമഴ

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയിൽ നിന്നും കരകയറാൻ ഇടതുമുന്നണി പദ്ധതി തയ്യാറാക്കുന്നു. സംസ്ഥാന സർക്കാരിനെ കൂടുതൽ ജനകീയമാക്കി മാറ്റി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുമുന്നണി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാ​ഗമായി ജനുവരി മൂന്നാം വാരം അവതരിപ്പിക്കാനിരിക്കുന്ന സമ്പൂർണ ബജറ്റിൽ വലിയ ജനകീയ പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നതായി സൂചന. ആനുകൂല്യങ്ങളുടെ പെരുമഴയിലൂടെ ജനപിന്തുണ വീണ്ടെടുക്കുകയാണ് ബജറ്റിന്റെ മുഖ്യ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

ക്ഷേമപെൻഷൻ വീണ്ടും വർധിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ സംവിധാനം പ്രഖ്യാപിക്കുക തുടങ്ങിയ കാര്യങ്ങൾ സജീവ പരിഗണനയിലാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ബജറ്റിനോട് അനുബന്ധിച്ച് ഉണ്ടാകാനിടയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജനങ്ങളെ നേരിട്ട് സ്വാധീനിക്കാൻ കഴിയുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണ ബജറ്റിൽ മുൻതൂക്കം നേടുകയെന്നാണ് സൂചന.

ബജറ്റ് രൂപീകരണത്തിന്റെ ഭാഗമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് തയ്യാറാക്കുന്ന ഉദ്യോഗസ്ഥർ, സാമ്പത്തിക വിദഗ്ധർ, വ്യവസായ പ്രമുഖർ എന്നിവരുമായി ആശയവിനിമയം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സാമ്പത്തിക വെല്ലുവിളികൾ നിലനിൽക്കുമ്പോഴും രാഷ്ട്രീയമായി നിർണായകമായ ജനപ്രിയ തീരുമാനങ്ങളിലേക്കാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് സൂചന.

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി ഒക്ടോബറിൽ സർക്കാർ ക്ഷേമപെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 രൂപയാക്കിയിരുന്നു. ഇതിന് 13,000 കോടി രൂപയാണ് മാറ്റിവച്ചത്. സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളല്ലാത്ത ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്കും ട്രാൻസ്‌വുമൺ ഉൾപ്പെടെയുള്ളവർക്കും പ്രത്യേക ധനസഹായവും പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ ആശാ വർക്കർമാരുടെ അലവൻസ് വർധിപ്പിക്കുകയും സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശികയിൽ ഒരു ഗഡു അനുവദിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img