02:23am 12 November 2026
NEWS
മോഹനം ഈ ചന്ദ്രോദയം...
01/12/2025  12:56 PM IST
ഹിമ നിവേദ് കൃഷ്ണ
മോഹനം ഈ ചന്ദ്രോദയം...

ഇതൊരു ജീവിത കഥയാണ്... ഒരു ഫീൽഗുഡ് മൂവി ആണെന്ന് വായിക്കുന്നവർക്ക് തോന്നുമെങ്കിലും... ആ ജീവിതം അനുഭവിച്ചവർക്ക് അത് അങ്ങനെ ആയിരുന്നില്ല... സിനിമ സ്വപ്നം കണ്ടു നടന്നിരുന്ന ഒരു ചെറുപ്പക്കാരൻ, തന്റെ കൗമാര കാലത്തിൽ തന്നെ പ്രവാസ ലോകത്തിലേക്ക് ചുവടുവെച്ചു. ഖത്തറിലെ ഒരു ബാങ്കിൽ ടെല്ലറായി ജോലിയിൽ പ്രവേശിച്ച ആ യുവാവ്, ജീവിതത്തിന്റെ വഴിത്തിരിവുകളിൽ അപ്രതീക്ഷിതമായ അനുഗ്രഹവാതിലുകൾ തുറന്ന് മുന്നേറി. അത് തന്നെയാണ് ഈ കഥയുടെ രത്നച്ചുരുക്കം — ഖത്തറിലെ
പ്രവാസികൾ തികഞ്ഞ സ്നേഹത്തോടെ ചന്ദ്രേട്ടൻ എന്ന് ചുരുക്കി വിളിക്കുന്ന ചന്ദ്രമോഹൻ പിള്ള യുടെ ജീവിതയാത്ര.

കലയുടെ അലൗകികതയും ജീവിതത്തിന്റെ യാഥാർത്ഥ്യവും സമന്വയിപ്പിച്ച് മുന്നോട്ട് പോകുന്ന അപൂർവ പ്രതിഭയാണ് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ചന്ദ്രമോഹൻ പിള്ള. പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിലും കലയുടെ ആത്മാവിനെ അണയാതെ സൂക്ഷിച്ച അദ്ദേഹം, ദൃഢനിശ്ചയത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.

ജീവിതം അദ്ദേഹത്തിന് രണ്ട് ലോകങ്ങൾ സമ്മാനിച്ചു — ഒരു വശത്ത് പ്രൊഫഷണൽ തിളക്കമുള്ള പ്രവാസ ജീവിതം, മറുവശത്ത് കലയും സാഹിത്യവും ചേർന്ന രസലോകം. ബാങ്ക് ടെല്ലറായി ആരംഭിച്ച യാത്ര, ജനറൽ മാനേജർ ഫെസിലിറ്റീസ് മാനേജ്മെൻറ് 
പദവിയിലെത്തിയ ശേഷം വിരമിച്ചപ്പോൾ പോലും,സിനിമയുടെ ഈറ്റില്ലമായ ഉദയയുടെ മണ്ണായ ആലപ്പുഴയിൽ നിന്ന് ഉള്ളിൽ വളർന്ന അഭിനയം എന്ന സ്വപ്നം അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഉറഞ്ഞുകിടന്നിരുന്നു.

 സിനിമ ലോകത്തിലേക്കുള്ള  ആദ്യ ചുവടുവെപ്പ് ജയരാജ് സംവിധാനം ചെയ്ത വീരം  എന്ന ചിത്രത്തിൽ അതിന്റെ നിർമ്മാതാവായിട്ടായിരുന്നു. 
അതിൽ ഒരു വേഷം ചെയ്യാൻ സംവിധായകൻ നിർബന്ധിച്ചിട്ടും വഴങ്ങിയില്ല. 

പിന്നീട് ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ  എന്ന സിനിമയിൽ ഫ്രാൻസിസ് പോൾ എന്ന പ്രൗഢഗംഭീര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്, ചന്ദ്രമോഹൻ പിള്ള വെള്ളിത്തിരയിലേക്ക് കടന്നു വന്ന് മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിൽ സ്ഥിരമായ സ്ഥാനം നേടി. രാഷ്ട്രീയനേതാവിന്റെ ഭാവവും കരുത്തും നിറഞ്ഞ ആ വേഷം അദ്ദേഹത്തെ ഒരു സ്വപ്നസാക്ഷാത്കാരത്തിലേക്ക് നയിച്ചു.

തുടർന്ന് നിരവധി സിനിമകളിൽ നിന്നും വേഷങ്ങൾ ലഭിച്ചുവെങ്കിലും, ബിസിനസ് ജീവിതത്തിന്റെ തിരക്കുകൾ അദ്ദേഹത്തെ പല അവസരങ്ങളിൽ നിന്നും അകറ്റി നിർത്തി.
എങ്കിലും എഴുത്തിന്റെയും സംഗീതത്തിന്റെയും ലോകത്ത് അദ്ദേഹം സജീവനായിരുന്നു — നിരവധിഗാനങ്ങൾ രചിക്കുകയും, ആസ്വാദകരുടെ ഹൃദയങ്ങളിൽ പതിഞ്ഞ ആൽബങ്ങൾ പുറത്തിറക്കുകയും ചെയ്തു.

സംഗീതസംവിധായകൻ രാജാമണി സംഗീതം നൽകിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഉൾപ്പെടുത്തി പുറത്തിറങ്ങിയ മഴനീർ കണങ്ങൾ എന്ന ആൽബം സംഗീതലോകത്തിൽ ശ്രദ്ധ നേടിയിരുന്നു.

ഖത്തറിലെ ചന്ദ്രകല ആർട്സ്  ബാനറിൽ അദ്ദേഹം വർഷങ്ങളായി അവതരിപ്പിച്ചുവരുന്ന സംഗീത വിരുന്നായ ഹൃദയരാഗങ്ങൾ  പ്രവാസ മലയാളികളുടെ മനസ്സിൽ അതുല്യമായ സ്ഥാനം നേടിയിരിക്കുന്നു. മധു ബാലകൃഷ്ണൻ ഉൾപ്പെടെ നിരവധി പ്രശസ്ത ഗായകർ പങ്കെടുത്ത ഈ സംഗീതവിരുന്ന് ഇപ്പോൾ എട്ടാം സീസൺ പിന്നിട്ടിരിക്കുകയാണ്.

ചലചിത്രരംഗത്തും അദ്ദേഹം തുടർച്ചയായി സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്നു. സന്തോഷ് ടി. കുരുവിള നിർമ്മിച്ച് ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ബാൾട്ടി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. അതിനുശേഷം ആൻറണി പെരുമ്പാവൂർ മുഖേന  സത്യൻ അന്തിക്കാട്  സംവിധാനം ചെയ്ത ഹൃദയപൂർവം  എന്ന ചിത്രത്തിലേക്കും അദ്ദേഹം എത്തി.
ഇതിലൂടെ തുടർച്ചയായി രണ്ട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു.

ഇപ്പോൾ പുറത്തിറങ്ങാനിരിക്കുന്ന ചില പുതിയ ചിത്രങ്ങളിലും അദ്ദേഹം മികച്ച വേഷങ്ങളിലുണ്ട്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ജോജു ജോർജ് ചിത്രമായ വരവ് എന്ന ചിത്രത്തിൽ അദ്ദേഹത്തെ വീണ്ടും വെള്ളിത്തിരയിൽ നമുക്ക് കാണാനാകും.
അഭിനയത്തിന്റെ ക്യാൻവാസിൽ പുതിയ വർണ്ണങ്ങൾ ചേർക്കാനുള്ള ആ താത്പര്യം കൊണ്ട് — ഇപ്പോഴും ആ കൗമാരകാലത്തെ അതേ ആവേശത്തോടെയാണ് അദ്ദേഹം കലയേയും, സിനിമയേയും ,സമീപിക്കുന്നത്.

നാലര പതിറ്റാണ്ടുകൾ പിന്നിട്ട ഖത്തറിലെ പ്രവാസജീവിതത്തിൽ, ചന്ദ്രമോഹൻ പിള്ളയെ വേറിട്ട് നിർത്തുന്നത് അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയും മനുഷ്യസ്നേഹവും ആണ്.

ഖത്തറിലെ പ്രമുഖ ടെലികോം കമ്പനിയിൽ പ്രവർത്തിച്ച ഭാര്യ കല, കൂടെ ഏകമകൾ ഡോ. സുനിത, അദ്ദേഹത്തിന്റെ കലാപരവും സാമൂഹികവുമായ എല്ലാ പ്രവർത്തനങ്ങൾക്കും ഉറച്ച പിന്തുണയായി നിന്നിട്ടുണ്ട്.

കല, കർമ്മം, കാരുണ്യം — ഈ ത്രിവേണി സംഗമമായി തിളങ്ങുന്ന ചന്ദ്രമോഹൻ പിള്ള, പ്രവാസ ലോകത്തിലെ കലാപ്രതിഭകൾക്ക് ഒരു പ്രചോദനത്തിന്റെ ചന്ദ്രോദയം തന്നെയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img