07:33pm 06 November 2026
NEWS
സിപിഎമ്മുമായി ഇനി ബന്ധപ്പെടണമെങ്കിൽ വേറെ തന്തയ്ക്ക് ജനിക്കണം, യുഡിഎഫിലേക്കുമില്ല; പി വി അൻവറിന്റെ മുന്നിൽ ഇനിയുള്ള വഴി ഇതാണ്..
31/05/2025  01:31 PM IST
nila
സിപിഎമ്മുമായി ഇനി ബന്ധപ്പെടണമെങ്കിൽ വേറെ തന്തയ്ക്ക് ജനിക്കണം, യുഡിഎഫിലേക്കുമില്ല; പി വി അൻവറിന്റെ മുന്നിൽ ഇനിയുള്ള വഴി ഇതാണ്..

യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചതോടെ കേരള രാഷ്ട്രീയത്തിൽ മുൻ നിലമ്പൂർ എംഎൽഎയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ പി വി അൻവറിന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. കേരളത്തിലെ പവർ പൊളിറ്റിക്സിൽ എൽഡിഎഫിലോ യുഡിഎഫിലോ എത്തിപ്പെട്ടില്ലെങ്കിൽ പിന്നെയുള്ള ഏക ഓപ്ഷൻ ബിജെപി മുന്നണിയാണ്. കേരളത്തിൽ ഇതുവരെയും അധികാരം കയ്യാളാൻ കഴിഞ്ഞില്ലെങ്കിലും ബിജെപിക്കും എൻഡ‍ിഎ മുന്നണിക്കും കേരളത്തിൽ സ്വാധീനമുണ്ട്, കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് വരുന്ന ചില അധികാര അവസരങ്ങളുമുണ്ട്. 

അതേസമയം, ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയിലേക്ക് അൻവറിന്റെ പോക്ക് അത്ര എളുപ്പമല്ല. തൃണമൂൽ കോൺ​ഗ്രസ് ദേശീയ തലത്തിൽ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ശക്തമായി എതിർക്കുന്നു എന്നത് തന്നെയാണ് അതിനു കാരണം. അല്ലെങ്കിൽ അൻവർ കേരളത്തിലെ തൃണമൂലിനെ മറ്റേതെങ്കിലും പാർട്ടിയാക്കി രൂപമാറ്റം വരുത്തുകയോ ബിജെപിയിൽ ലയിക്കുകയോ ചെയ്യേണ്ടിവരും. എസ്ഡിപിഐ പോലുള്ള ചില പാർട്ടികളും കേരളത്തിലെ ഒരു മുന്നണിയുടെയും ഭാ​ഗമല്ലാതെ നിൽക്കുന്നുണ്ട്. അത്തരം ചെറുപാർട്ടികളെ യോജിപ്പിച്ച് നാലാം മുന്നണി പരീക്ഷിക്കാമെങ്കിലും കേരളത്തിലെ രാഷ്ട്രീയ സാ​​ഹചര്യത്തിൽ അതിനും പ്രസക്തിയില്ല. 

ഇനിയൊരിക്കലും ഇടതു മുന്നണിയിലേക്കൊരു തിരിച്ചുപോക്കില്ല എന്ന് അൻവർ ആവർത്തിച്ച് പറയുന്നുണ്ട്. . സിപിഎമ്മുമായി ഇനി ബന്ധപ്പെടണമെങ്കിൽ വേറെ തന്തയ്ക്ക് ജനിക്കണമെന്നാണ് അൻവർ തുറന്നടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരുകാലത്തെ മനസാക്ഷി സൂക്ഷിപ്പുകാരനും ചാവേറുമായിരുന്നു പി വി അൻവർ. മലപ്പുറത്ത് ഇടതുപ​ക്ഷം വളരെ ദുർബലമാണ്. സിപിഎമ്മിനെക്കാൾ സ്വാധീനം ചില പോക്കറ്റുകളിൽ സിപിക്കുണ്ടായിരുന്നു താനും. ആ സ്വാധീനം ഇല്ലാതാക്കി മലപ്പുറത്ത് സിപിഎമ്മിന്റെ ശക്തി വർധിപ്പിക്കാൻ പിണറായി വിജയൻ ഉപയോ​ഗിച്ച പെളിറ്റിക്കൾ ടൂളുകളിൽ ഒന്നായിരുന്നു പി വി അൻവർ. സിപിഐക്കെതിരെ ഏറനാട് നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്സഭാ മണ്ഡലത്തിലും വലിയ വെല്ലുവിളിയും പ്രതിസന്ധിയും സൃഷ്ടിച്ച ശേഷമാണ് അൻവർ സിപിഎം ചേരിയിൽ സ്വതന്ത്രന്റെ പരിവേഷത്തോടെ എത്തുന്നത്. ഇതിനിടെ സിപിഐ നേതാവായിരുന്ന സി കെ ചന്ദ്രപ്പനെതിരെ ​ഗുരുതരമായ സാമ്പത്തികാരോപണങ്ങൾ ഉൾപ്പെടെ അൻവർ ഉയർത്തുകയും ചെയ്തു. രാഷ്ട്രീയത്തിൽ പ്രവേശിക്കാനായി അൻവർ ആദ്യം സമീപിച്ചത് സിപിഐയെയായിരുന്നു. എന്നാൽ, അൻവറിന്റെ ഉദ്ദേശം സോഷ്യലിസ്റ്റു സാമൂ​ഹിക ക്രമം സ്ഥാപിക്കാൻ പ്രയത്നിക്കുകയല്ല, മറ്റു ചിലതാണെന്ന് തിരിച്ചറിഞ്ഞാകണം സികെ ചന്ദ്രപ്പൻ പി വി അൻവറിനെ നിരുത്സാഹ​പ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. 

2011 ലാണ് ആ സംഭവം. നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ പരമ്പരാ​ഗതമായി മത്സരിച്ചുപോരുന്ന ഏറനാട് സീറ്റ് ചോ​ദിച്ചാണ് അൻവർ സിപിഐ നേതൃത്വത്തെ സമീപിച്ചത്. അന്നത്തെ പാർട്ടി സെക്രട്ടറി സി കെ ചന്ദ്രപ്പനം എംഎൻ സ്മാരകത്തിൽ സന്ദർശിച്ചാണ് അൻവർ ഈ ആവശ്യം അറിയിച്ചത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ, അൻവറിന്റെ ആവശ്യം അം​ഗീകരിക്കാൻ ചന്ദ്രപ്പൻ തയ്യാറായില്ല.  ഇതേ തുടർന്ന് സി കെ ചന്ദ്രപ്പൻ 25 ലക്ഷം രൂപക്ക് നിയമസഭ സീറ്റ് വിറ്റു എന്ന ​ഗുരുതരമായ ആരോപണമാണ് പി വി അൻവർ ഉയർത്തിയത്. അതിന് മുമ്പോ ശേഷമോ സികെ ചന്ദ്രപ്പനെതിരെ അത്തരമൊരു സാമ്പത്തികാരോപണം എതിരാളികൾ പോലും ഉയർത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. 

ലാളിത്യവും ആദർശവും രാഷ്ട്രീയ സത്യസന്ധതയും കൈമുതലായുള്ള സി കെ ചന്ദ്രപ്പനെ പുലഭ്യംപറഞ്ഞു കൊണ്ടാണ് അൻവർ കേരള രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചത് എന്നു പറയാം. എന്നാൽ, ഇന്ന്, വാർത്താ സമ്മേളനം നടത്തിയ പി വി അൻവർ, എങ്ങും രാഷ്ട്രീയ അഭയം ലഭിക്കാത്ത ഒരുവനെ പോലെ വിലപിക്കുന്ന കാഴ്ച്ചയാണ് കേരളം കണ്ടത്. ഇനി യുഡിഎഫിലേക്കില്ലെന്ന് വ്യക്തമാക്കിയ അൻവർ, ഇനി ഒരു രാഷ്ട്രീയ നേതാക്കളും തന്നെ വിളിക്കരുതെന്നും പറഞ്ഞു. 

നിലമ്പൂരിൽ മത്സരിക്കാനില്ലെന്നതിന് അൻവർ പറഞ്ഞ കാരണം പണമില്ല എന്നതാണ്. എന്നാൽ, തൃണമൂൽ കോൺ​ഗ്രസിന്റെ ബാനറിലോ സ്വതന്ത്രനായോ മത്സരിച്ചാൽ എൽഡിഎഫ് - യുഡിഎഫ് സ്ഥാനാർത്ഥികൾക്കൊപ്പം പിടിച്ചുനിൽക്കാനാകില്ലെന്ന തിരിച്ചറിവ് തന്നെയാണ് അൻവറിനെ പിന്നോട്ട് വലിച്ചത് എന്ന് വ്യക്തമാണ്. മത്സരിക്കാൻ ആഗ്രഹമുണ്ട്. ശേഷിയില്ല. മത്സരിക്കാൻ കോടികൾ വേണം. തന്റെ കൈയ്യിൽ പണം ഇല്ല. ചേലക്കരയിൽ കോടികൾ ചെലവാക്കുന്നത് കണ്ടതാണ്. മരുമോന്റെയും പ്രതിപക്ഷ നേതാവിനെയും സംഘം വരും. ബുത്തുകളിൽ ലക്ഷങ്ങൾ ആണ് ചെലവഴിക്കുന്നതെന്നും അൻവർ ആരോപിച്ചു. താൻ യുഡിഎഫിലേക്ക് എത്തുന്നതിനെതിരെ മുന്നണിയിലെ തന്നെ ചില നേതാക്കൾ നിലകൊണ്ടുവെന്നും അൻവർ തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യമിട്ടായിരുന്നു പരാമർശം.

എൽഡിഎഫ് വിടുകയും യുഡിഎഫിൽ ഇടം ലഭിക്കാതെ വരികയും ചെയ്തതോടെ ഒരു വർഷത്തിലേറെയായി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന പി വി അൻവറിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിയമസഭയിൽ ഇടതുപക്ഷത്തിന്റെ പടവാളായിരുന്ന അൻവറിന് ഇനി നിയമസഭ കാണാൻ സന്ദർശക പാസ് എടുക്കേണ്ടി വരുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img