04:00am 14 September 2026
NEWS
പാർട്ടിയെ വെല്ലുവിളിച്ച് മറുകണ്ടം ചാടിയ മെമ്പർമാർക്ക് പിന്നാലെ വരുന്നത് അയോ​ഗ്യത ഉൾപ്പെടെയുള്ള നടപടികൾ; തദ്ദേശത്തിലെ കൂറുമാറ്റ നിരോധന നിയമം ഇങ്ങനെ..
29/12/2025  07:58 AM IST
nila
പാർട്ടിയെ വെല്ലുവിളിച്ച് മറുകണ്ടം ചാടിയ മെമ്പർമാർക്ക് പിന്നാലെ വരുന്നത് അയോ​ഗ്യത ഉൾപ്പെടെയുള്ള നടപടികൾ; തദ്ദേശത്തിലെ കൂറുമാറ്റ നിരോധന നിയമം ഇങ്ങനെ..

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന അധ്യക്ഷ - ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകളിൽ ചിലയിടങ്ങളിലെങ്കിലും അട്ടിമറികളും കൂറുമാറ്റവുമൊക്കെ നടന്നു. മറ്റത്തൂർ പഞ്ചായത്തിലെ കോൺ​ഗ്രസ് അം​ഗങ്ങൾ ഒന്നാകെ ബിജെപിക്ക് പിന്തുണ നൽകിയത് ഉൾപ്പെടെ ജയിച്ചവർ സ്വന്തം പാർട്ടിയെ തോൽപ്പിച്ച നിരവധി സംഭവങ്ങളുണ്ടായി. എന്നാൽ, സ്വന്തം പാർട്ടിയെ വെല്ലുവിളിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പിന്നാലെ വലിയ പണി വരുന്നുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 

നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പുകളിൽ കൂറുമാറുന്ന അംഗങ്ങൾക്ക് പിന്നീട് കടുത്ത നിയമനടപടികൾ നേരിടേണ്ടിവരും. തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റം തടയാൻ സംസ്ഥാനത്ത് ശക്തമായ വ്യവസ്ഥകളാണ് നിലവിലുള്ളത്. നിയമസഭയിലും പാർലമെന്റിലും ഒരു പാർട്ടി മുഴുവൻ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ മറുപക്ഷത്ത് ചേരുകയോ ചെയ്താൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. എന്നാൽ തദ്ദേശസ്ഥാപനങ്ങളിൽ ഈ ഇളവ് ബാധകമല്ല. മുഴുവൻ അംഗങ്ങളും ചേർന്ന് കൂറുമാറിയാലും അയോഗ്യത ഒഴിവാക്കാനാകില്ല. കോൺഗ്രസിൽ നിന്ന് ജയിച്ച അംഗങ്ങൾ ഒന്നടങ്കം ബിജെപിയെ പിന്തുണച്ച മറ്റത്തൂർ മാതൃകയിലെ സംഭവങ്ങളിൽ ഈ വ്യവസ്ഥ നിർണായകമാകും.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 77 തദ്ദേശസ്ഥാപന അംഗങ്ങളെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയത്. ഈ തവണ കൂറുമാറ്റ സംഭവങ്ങൾ കൂടുതലായ സാഹചര്യത്തിൽ അയോഗ്യത നേരിടുന്നവരുടെ എണ്ണം ഉയരാനാണ് സാധ്യത. എന്നാൽ പരാതികൾ പരിശോധിച്ച് വാദം കേട്ട ശേഷമേ കമ്മിഷൻ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

ഏത് നിയമമാണ് ബാധകമാകുന്നത്

നിയമസഭയിലെയും പാർലമെന്റിലെയും കൂറുമാറ്റ കേസുകൾ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ അനുസരിച്ചാണ് പരിഗണിക്കുന്നത്. എന്നാൽ തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റ വിഷയങ്ങളിൽ വിധി പറയുന്നത് 1999-ലെ കേരള ലോക്കൽ അതോറിറ്റീസ് (പ്രൊഹിബിഷൻ ഓഫ് ഡിഫക്ഷൻ) ആക്ട് പ്രകാരമാണ്.

പരാതിയും അന്വേഷണവും

കൂറുമാറ്റം നടന്നതായി ആരോപണമുയർന്നാൽ, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ അംഗത്തിനോ രാഷ്ട്രീയ പാർട്ടിക്കോ പാർട്ടി അധികൃതർക്കോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാം. സിവിൽ കോടതിയുടെ അധികാരങ്ങളോടെയാണ് കമ്മിഷൻ അന്വേഷണം നടത്തുന്നത്. ഈ വിഷയത്തിൽ മറ്റ് സിവിൽ കോടതികൾക്ക് ഇടപെടാൻ അധികാരമില്ല.

കൂറുമാറ്റം തെളിഞ്ഞാൽ അംഗം അയോഗ്യനാകും. തുടർന്നുള്ള ആറു വർഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. 

നിലവിൽ മൂന്നുതരം നിലപാടുകളാണ് കൂറുമാറ്റത്തിന്റെ പരിധിയിൽ വരുന്നത്.  അധ്യക്ഷൻ, ഉപാധ്യക്ഷൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എന്നിവരുടെ തിരഞ്ഞെടുപ്പുകളിലും ഭരണസമിതി യോഗങ്ങളിലും പാർട്ടി നൽകുന്ന രേഖാമൂല നിർദേശം (വിപ്പ്) ലംഘിച്ചാൽ കൂറുമാറ്റമാകും. വോട്ട് ചെയ്യാതിരിക്കുക, വോട്ട് അസാധുവാക്കുക തുടങ്ങിയവയും ഇതിൽപ്പെടും.

മുന്നണിയുടെ ഭാഗമായി ജയിച്ച സ്വതന്ത്രൻ മുന്നണി വിട്ട് മറ്റൊരു പാർട്ടിയിലോ മുന്നണിയിലോ ചേരുകയോ, മുന്നണി നിർദേശങ്ങൾ ലംഘിക്കുകയോ ചെയ്താൽ കൂറുമാറ്റമായി കണക്കാക്കും.

മുന്നണിയിലല്ലാത്ത സ്വതന്ത്രൻ പിന്നീട് ഏതെങ്കിലും പാർട്ടിയിലോ മുന്നണിയിലോ ചേർന്നാലും കൂറുമാറ്റമാകും. അതേസമയം, സ്വതന്ത്രനെന്ന നില നിലനിർത്തിക്കൊണ്ട് വിവിധ മുന്നണികളുടെ പിന്തുണയോടെ പദവിയിൽ തിരഞ്ഞെടുക്കപ്പെടുന്നതിന് നിയമതടസമില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img