08:31pm 12 November 2026
NEWS
വന്യമൃ​ഗങ്ങൾ നിറഞ്ഞ കൊടുങ്കാട്ടിൽ ഈ യുവതി കഴിഞ്ഞത് മൂന്ന് രാത്രികളും രണ്ട് പകലുകളും; ഇത് മലയാളികളുടെ സൂപ്പർ ശരണ്യ!
06/04/2026  10:37 AM IST
nila
വന്യമൃ​ഗങ്ങൾ നിറഞ്ഞ കൊടുങ്കാട്ടിൽ ഈ യുവതി കഴിഞ്ഞത് മൂന്ന് രാത്രികളും രണ്ട് പകലുകളും; ഇത് മലയാളികളുടെ സൂപ്പർ ശരണ്യ!

വന്യമൃ​ഗങ്ങൾ നിറഞ്ഞ കാട്ടിൽ ശരണ്യ കഴിഞ്ഞത് മൂന്ന് രാത്രികളും രണ്ട് പകലുകളും. വന്യമൃ​ഗങ്ങൾക്കൊപ്പം പ്രതികൂല കാലാവസ്ഥയും എത്തിയെങ്കിലും ശരണ്യ തളർന്നില്ല. അവസാനം ഈസ്റ്റർ ദിനത്തിൽ ജീവിതത്തിലേക്കുള്ള അത്ഭുതകരമായ തിരിച്ചുവരവ്. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ജി.എസ്. ശരണ്യ ഇന്ന് മലയാളികളുടെ മനസ്സിലെ സൂപ്പർ ശരണ്യയാണ്. കൊടുങ്കാട്ടിൽ അകപ്പെട്ടു പോയിട്ടും മനോധൈര്യം ഒന്നുകൊണ്ടു മാത്രം അതിജീവിച്ച ശരണ്യയുടെ കഥയിലേക്ക്...

വ്യാഴാഴ്ച ട്രക്കിങ്ങിനിടെയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച്ച ഉച്ചയോടെ ട്രക്കിങ്ങിന് പോയ ശരണ്യ കൂട്ടംതെറ്റുകയും ഉൾക്കാട്ടിൽ അകപ്പെടുകയുമായിരുന്നു. കർണാടകയിലെ കുടകിലെ ഉയർന്ന പ്രദേശമായ തടിയൻഡമോൾ മലയിലാണ് ശരണ്യ അകപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം ആറോടെ ഉൾവനത്തിലെ ഒരു അരുവിക്കരയിൽ പാറമേൽ ക്ഷീണിതയായി ഇരിക്കുന്ന നിലയിൽ ആദിവാസി യുവാക്കൾ ശരണ്യയെ കണ്ടെത്തി. ട്രക്കിങ് ആരംഭിച്ച സ്ഥലത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയായിരുന്നു അവർ ഉണ്ടായിരുന്നത്. തുടർന്ന് വനംവകുപ്പ് സംഘം സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു.

നാലുദിവസം വെള്ളം മാത്രം കുടിച്ചാണ് ഈ യുവതി കഴിഞ്ഞത്. എന്നിട്ടും ഗൗരവമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ ശരണ്യ തിരിച്ചെത്തി. വർഷങ്ങളായുള്ള ട്രക്കിങ് പരിചയവും ഉറച്ച മനസും ശരണ്യക്ക് തുണയായി. രാത്രി തന്നെ വീരാജ്‌പേട്ട പൊലീസ് സ്റ്റേഷനിലെ നടപടികൾ പൂർത്തിയാക്കി ആരോഗ്യപരിശോധനയ്ക്കുശേഷം ബന്ധുക്കൾക്കൊപ്പം ശരണ്യ നാട്ടിലേക്ക് മടങ്ങി.

കൊച്ചിയിലെ സോഫ്റ്റ്വെയർ ഡെവലപ്പറായ ശരണ്യ ഒറ്റയ്ക്കാണ് കുടകിലെത്തിയത്. കക്കബ്ബെ ഗ്രാമത്തിലെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന അവർ ഒറ്റയ്ക്ക് ട്രക്കിങ്ങിന് പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും, അവസാനം 12 അംഗ സംഘത്തോടൊപ്പം യാത്ര തിരിക്കുകയായിരുന്നു. എന്നാൽ ഒരു മണിക്കൂറിനകം തന്നെ ശരണ്യ സംഘത്തിൽ നിന്ന് വേർപ്പെട്ടു. മദ്ധ്യാഹ്നത്തോടെ തന്നെ വഴി തെറ്റിയെന്ന് ശരണ്യ ഹോംസ്റ്റേയിൽ അറിയിച്ചിരുന്നു. തുടർന്ന് ഫോണിന്റെ ചാർജ് തീർന്നതോടെ ബന്ധം നഷ്ടമായി.

ഇടവേളകളിൽ കൂവിയും ശബ്ദമുണ്ടാക്കിയും ശ്രദ്ധ നേടാൻ ശ്രമിച്ചതാണ് ശരണ്യയുടെ രക്ഷയ്ക്ക് വഴിവച്ചത്. കോടമഞ്ഞിൽ വഴി തെറ്റിയ ശേഷം ആനയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന അടയാളങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ശരണ്യ വഴിമാറി സഞ്ചരിച്ചിരുന്നു. പിന്നീട് ഒരു വിശാല പാറമേൽ അഭയം കണ്ടെത്തി. സമീപത്തുള്ള അരുവിവെള്ളം കുടിച്ചാണ് ഈ യുവതി ദിവസങ്ങൾ ചെലവഴിച്ചത്.

ആനകളും പുള്ളിപ്പുലികളും സഞ്ചരിക്കുന്ന അപകടസാധ്യതയുള്ള വനപ്രദേശമായിട്ടും, ഉയർന്ന കുറ്റിക്കാടുകൾ നിറഞ്ഞ സ്ഥലത്ത് കഴിഞ്ഞതുകൊണ്ട് ശരണ്യ വന്യമൃഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ല എന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img