
കാൽനൂറ്റാണ്ടുകാലത്തെ ഇടതുഭരണം അവസാനിപ്പിച്ച് യു.ഡി.എഫ് ഭരണം പിടിച്ച കൊല്ലം കോർപ്പറേഷൻ മേയർ എ.കെ. ഹഫീസ് പറയുന്നു, പ്രകടനപത്രിക വെറും കടലാസല്ല. നടപ്പാക്കാനുള്ള പദ്ധതികളാണ്. നടപ്പാക്കുക തന്നെ ചെയ്യും
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് യു.ഡി.എഫ് മുന്നോട്ടുവച്ച മുദ്രാവാക്യം 'ഈ കോലം മാറും. ഈ കൊല്ലം മാറും' എന്നുള്ളതായിരുന്നു. ആ മുദ്രാവാക്യം വിശ്വസിച്ചിട്ടാണോ എന്നറിയില്ല, കോർപ്പറേഷൻ ഭരണം ജനം യു.ഡി.എഫിന് നൽകി. '95 മുതൽ 2000 വരെ അഞ്ചുവർഷം മുനിസിപ്പാലിറ്റിയായും, 2000 മുതൽ 2025 വരെ കോർപ്പറേഷനായും ഇടതുപക്ഷം മുപ്പതുവർഷം തുടർച്ചയായി അധികാരം കയ്യാളിയിരുന്ന കൊല്ലത്ത്, ഐ.എൻ.ടി.യു.സി നേതാവ് കൂടിയായ എ.കെ. ഹഫീസ് എന്ന സംശുദ്ധ രാഷ്ട്രീയക്കാരനെ മേയർ സ്ഥാനാർത്ഥിയായി മുൻകൂട്ടി പ്രഖ്യാപിച്ചുകൊണ്ട് യു.ഡി.എഫ് അങ്കത്തിനിറങ്ങിയപ്പോൾ മൂന്നരപ്പതിറ്റാണ്ടിനുശേഷം ഈ ചരിത്ര നഗരത്തിന്റെ ഭരണം യു.ഡി.എഫിന്റെ കൈകളിലായി.
ഇനി പ്രകടനപത്രികയിലെ വാഗ്ദാനപ്രകാരം ഈ കോലം മാറ്റണം. ഈ കൊല്ലം മാറണം. കാര്യം അത്ര നിസ്സാരമല്ല. എങ്കിലും അങ്ങനൊരു മാറ്റത്തിനായി യു.ഡി.എഫിന് വോട്ടുചെയ്ത ജനങ്ങളെ നിരാശപ്പെടുത്തില്ല എന്നാണ് സത്യപ്രതിജ്ഞാച്ചടങ്ങിന് തൊട്ടുമുൻപായി 'കേരളശബ്ദ'വുമായി നടത്തിയ കൂടിക്കാഴ്ചയിൽ എ.കെ. ഹഫീസ് പറഞ്ഞത്.
എങ്ങനെ? എന്തെല്ലാം?
കൊല്ലം നഗരവാസികൾ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഒരു ഭരണമാറ്റമാണിത്. അത്രമാത്രം ഭരണപരമായ കെടുകാര്യസ്ഥതയും വികസന മുരടിപ്പുമൊക്കെയായിരുന്നല്ലോ നിലവിലുണ്ടായിരുന്നത്. അത് തിരിച്ചറിഞ്ഞുതന്നെയാണ് 'ഈ കോലം മാറ്റും ഈ കൊല്ലം മാറും' എന്നുള്ള മുദ്രാവാക്യം ഞങ്ങൾ മുന്നോട്ടുവച്ചത്. ആ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തു എന്നുള്ളതിന് തെളിവായിട്ടാണ് ഈ വിജയത്തെ ഞാൻ നോക്കിക്കാണുന്നത്.
ഏതൊരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും പ്രാഥമികമായ ചില ചുമതലകളുണ്ട്. അടിയന്തിരമായി ഏറ്റെടുത്തു നടപ്പാക്കേണ്ട കാര്യങ്ങൾ. എന്നാൽ അവയിലൊന്നുപോലും എൽ.ഡി.എഫിന്റെ ഭരണത്തിന് കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. ചെറിയ കാലയളവൊന്നുമല്ല, കൊല്ലം കോർപ്പറേഷൻ രൂപീകരിച്ചശേഷം കാൽനൂറ്റാണ്ടുകാലമാണ് അവർ അധികാരം കയ്യാളിയത്. ആ കാൽനൂറ്റാണ്ടുകാലം ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ ചില്ലറയായിരുന്നില്ല. അതിൽ പ്രധാനം, മാലിന്യം ശേഖരിക്കാനോ, ശേഖരിക്കുന്ന മാലിന്യം എവിടെയെങ്കിലും കൊണ്ടുപോയി സംസ്‌ക്കരിക്കുവാനോ ഫലപ്രദമായ ഒരു സംവിധാനം ഇല്ല എന്നുള്ളതായിരുന്നു. അതിന് അവർ കണ്ട എളുപ്പമാർഗ്ഗം, തങ്ങൾക്ക് സൗകര്യപ്രദം എന്നുതോന്നുന്ന സ്ഥലങ്ങളിൽ മാലിന്യം കൊണ്ടുകളയുക എന്നതാണ്. അതേത്തുടർന്ന് എവിടെയെല്ലാം ഒഴിഞ്ഞ സ്ഥലങ്ങളുണ്ടോ അവിടെയെല്ലാം മാലിന്യനിക്ഷേപകേന്ദ്രങ്ങളായി മാറി.
ഹരിതകർമ്മസേന പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമാണ് ശേഖരിക്കുന്നത്. വീടുകളിലും മറ്റും ബാക്കിയുണ്ടാകുന്ന മാലിന്യങ്ങൾ സംഭരിക്കുവാനോ സംസ്‌ക്കരിക്കുവാനോ ഒരു സംവിധാനവുമില്ല. ഫ്‌ളാറ്റ് സംസ്‌ക്കാരം വർദ്ധിച്ചുവരുന്ന ഇക്കാലത്ത് പ്രത്യേകിച്ചും അവിടങ്ങളിലെ മാലിന്യങ്ങൾ വലിയൊരു ചോദ്യച്ചിഹ്നം തന്നെയാണ്.
ചുരുക്കിപ്പറഞ്ഞാൽ എങ്ങും എവിടെയും മാലിന്യം കുമിഞ്ഞുകൂടുകയാണ്. തീരപ്രദേശം, കടൽത്തീരം, കൊല്ലം തോടിന്റെ കരകൾ, അഷ്ടമുടിക്കായൽ... ഇവിടങ്ങളിലൊക്കെ മാലിന്യം കുന്നുകൂടുന്ന സ്ഥിതിയാണ്. സ്വാഭാവികമായും മഴക്കാലത്ത് ഈ കായലിലും, കൊല്ലം തോട്ടിലുമൊക്കെയായി അതു സ്‌പ്രെഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനൊരു പരിഹാരം കാണണമെന്നുള്ളത് ജനങ്ങളുടെ വലിയ ആഗ്രഹമാണ്. എന്നാൽ ഇരുപത്തിഅഞ്ചുവർഷം തുടർച്ചയായി ഭരിച്ചിട്ടും എൽ.ഡി.എഫിനെക്കൊണ്ട് അത് സാധിച്ചില്ല.
അതുതന്നെയാണ് ശുദ്ധജല വിതരണരംഗത്തുണ്ടായിരിക്കുന്നത്. 20 വർഷം കൊല്ലം കോർപ്പറേഷനും അതിന് മുമ്പ് അഞ്ചുവർഷം മുൻസിപ്പാലിറ്റിയും ഭരിച്ചിരുന്നത് ഇടതുപക്ഷം തന്നെയാണല്ലോ. എന്നിട്ടും ഒരു മാറ്റവും കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നുമാത്രമല്ല തങ്ങൾ കൊല്ലം കോർപ്പറേഷൻ ഭരിച്ചിരുന്ന കാലത്ത് ഞങ്ങൾ കൊണ്ടുവന്നതെന്നു പറഞ്ഞ് ചൂണ്ടിക്കാട്ടുവാൻ ഏതെങ്കിലും പദ്ധതിയുണ്ടോ?
അടുത്തകാലത്ത് ഒരു ചാനൽ സംവാദത്തിൽ സംസാരിച്ചപ്പോൾ ലിങ്ക് റോഡിൽ ഉണ്ടാക്കിയിട്ടുള്ള പാലത്തെക്കുറിച്ച് പറഞ്ഞു. എനിക്ക് അത് വലിയ തമാശയായിട്ടാണ് തോന്നിയത്. ഇനി എങ്ങോട്ടുപോകണം എന്നറിയാതെ അഷ്ടമുടിക്കായലിന്റെ നടുക്ക് കൊണ്ടുചെന്നുനിർത്തിയിരിക്കയാണ് ആ പാലം. ശരിക്കുംപറഞ്ഞാൽ അതിന്റെ സാങ്കേതികത്വം ഇനിയും തീരുമാനിച്ചിട്ടില്ല. മുടക്കിയ തുക മുഴുവനും വേസ്റ്റ് ആയതുപോലെയാണ്.
അതിനടുത്തൊരു സ്‌ലാട്ടർ ഹൗസുണ്ട്. അത് പൂട്ടിയിട്ട് വർഷം ഏഴുകഴിഞ്ഞു. ഇപ്പോഴും പക്ഷേ ജനങ്ങൾ മാംസം ഉപയോഗിക്കാതിരിക്കുന്നില്ല. സാധാരണപോലെ തന്നെ മാർക്കറ്റിൽ മാംസം കിട്ടുന്നുണ്ട്. അതായത് മൃഗങ്ങളെ മാർക്കറ്റിലിട്ടുതന്നെ അറുക്കുന്നു. അതാത് മാർക്കറ്റുകളിൽ രാത്രികാലത്താണ് ഇത് ചെയ്യുന്നത്. അതിൽനിന്നുണ്ടാകുന്ന വേസ്റ്റും, സൗകര്യമുള്ളിടം നോക്കി കൊണ്ടിടുന്നതും നായശല്യം വർദ്ധിക്കുവാൻ കാരണമാണ്. അതുമാത്രവുമല്ല, ഇത് കാരണം കോർപ്പറേഷന് വർഷാവർഷം വലിയൊരു തുക നഷ്ടംവരികയും ചെയ്യുന്നു. ഞാൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഓരോ വർഷവും ഒരു കോടി 40 ലക്ഷം രൂപ വരെ ഈ വേസ്റ്റ് ടെണ്ടർ ചെയ്ത് നൽകിയിരുന്നു. അതും ഇപ്പോൾ നഷ്ടമായിരിക്കുകയാണ്.
ചുരുക്കിപ്പറഞ്ഞാൽ കൊല്ലം കോർപ്പറേഷന്റെ എല്ലാഭാഗത്തും അനധികൃത കശാപ്പുശാലകൾ പ്രവർത്തിക്കുകയാണ്. അതുകാരണം, ശരിക്കും ഭക്ഷ്യയോഗ്യമായ മാംസം പോലും കൊല്ലം നിവാസികൾക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. അന്നത്തെ മേയർ ആധുനികരീതിയിലുള്ളതെന്ന് പറഞ്ഞ് അവിടൊരു ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങി. 12 കോടി രൂപയായിരുന്നു ചെലവ്. അതും ഉപയോഗിക്കാൻ കഴിയുന്നില്ല.
അതുപോലെതന്നെ കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ പലപ്രാവശ്യം പുതിയ പുതിയ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ ഉണ്ടാക്കി. അതൊന്നും പക്ഷേ ഇതുവരെ ഉപയോഗിക്കുവാൻ കഴിഞ്ഞിട്ടില്ല. 2010 ൽ തുടങ്ങിയിട്ട് ഇതുവരെ ട്രയൽറൺ പോലും നടത്തിയിട്ടില്ല. അതേക്കുറിച്ച് ചോദിക്കുമ്പോൾ പറയുന്നത് അവിടം പൂങ്കാവനമാക്കി എന്നാണ്. എന്നാൽ നമുക്കാവശ്യം പൂങ്കാവനമല്ലല്ലോ. ഇവിടെ ഇപ്പോൾ തന്നെ ആവശ്യത്തിന് പൂങ്കാവനങ്ങളുണ്ട്. അതൊക്കെ ഒരു പരുവമാക്കിയിട്ടാണ് ചണ്ടി ഡിപ്പോ പൂങ്കാവനമാക്കി എന്നുപറയുന്നത്. എം.ജി. പാർക്ക് ഇപ്പോൾ പലവിധത്തിലുള്ള പാമ്പുകളുടെ ആവാസകേന്ദ്രമാണെന്നാണ് ജനങ്ങൾ പറയുന്നത്. അത് പൂട്ടിയിട്ട് എത്ര വർഷമായി?
അതുപോലെ തങ്ങൾകുഞ്ഞ് മുസലിയാർ പാർക്ക്, സ്ത്രീസൗഹൃദപാർക്ക്, ചിൽഡ്രൻസ് പാർക്ക്, വി. ഗംഗാധരൻ പാർക്ക്, ടി.കെ. ദിവാകരൻ പാർക്ക്, നെഹ്‌റു പാർക്ക്... അങ്ങനെ എത്രയെത്ര പാർക്കുകൾ. അവയിലൊന്നുപോലും പ്രവർത്തിക്കുന്നില്ല എന്നുള്ളതാണ് സത്യം.
അങ്ങനെ എല്ലാരംഗവും തകർന്നടിഞ്ഞ ഒരു ഭരണസംവിധാനത്തിലേക്കാണ് യു.ഡി.എഫിന് മുന്നോട്ടുപോകേണ്ടി വരുന്നത്. ഇതിനൊക്കെ ഒരു മാറ്റം വരുത്തണം എന്നുതന്നെയാണ് ആഗ്രഹിക്കുന്നത്. തീർച്ചയായും അതിന് കഴിയും എന്നുതന്നെയാണ് എന്റെ വിശ്വാസം.
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇത്രയും ദയനീയമായ ഒരു പരാജയം സി.പി.എമ്മിനും എൽ.ഡി.എഫിനും ഇതിന് മുമ്പുണ്ടായിട്ടില്ല. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥികളെയെല്ലാം ജനം പരാജയപ്പെടുത്തി എന്നുപറയുന്നതുതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാണ്. ഒരാളല്ല, നാലുപേരാണ് പരാജയപ്പെട്ടത്. എൽ.ഡി.എഫിനെ ജനങ്ങൾ അത്രത്തോളം വെറുക്കുന്നു എന്നുള്ളതിന് വേറെ തെളിവ് വേണോ?
? തെരഞ്ഞെടുപ്പുകാലത്ത് ഒരു ചാനൽ സംവാദത്തിൽ, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ചിന്നക്കടയിലെ ഓവർബ്രിഡ്ജ് പൊളിച്ച് പില്ലറിൽ പണിയും എന്ന് താങ്കൾ പറയുകയുണ്ടായി.
അതൊരു വെറും വാഗ്ദാനമായി കാണണ്ട. പിന്നെ, ഒറ്റദിവസം കൊണ്ട് തീരുമാനിക്കുവാൻ കഴിയുന്ന കാര്യമല്ല അതെന്നും ഞാൻ പറയുകയുണ്ടായി. ഗവൺമെന്റുകളുടെ സഹായം വേണം. കാരണം, കോർപ്പറേഷന് മാത്രമായി എടുക്കാൻ കഴിയുന്ന തീരുമാനമല്ല അത്. എങ്കിലും അത് അനിവാര്യമായ ഒരു കാര്യമാണ്. പുതിയ സംസ്ഥാന സർക്കാർ വരുമ്പോൾ ആ ഗവൺമെന്റുമായി ഗൗരവമായിത്തന്നെ ആലോചിക്കും. ഇത് പില്ലറിൽ പണിയാനുള്ള അനുമതി റെയിൽവേ നൽകിയിട്ടുണ്ട്. അതിന്റെ കോപ്പി എന്റെ കയ്യിലുണ്ട്. അതിന് ഇനിയൊരു പുതിയ പ്രൊപ്പോസൽ ഉണ്ടാക്കണം. റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നും ആരംഭിച്ച് താലൂക്ക് ഓഫീസ് ജംഗ്ഷൻ വരെ പോകുന്ന, പില്ലറിലുള്ള ഒരു ഫ്‌ളൈ ഓവർ വരണം. ഇന്നിപ്പോഴുള്ളത് ചൈനീസ് വൻമതിലല്ലേ. അതുവന്നതോടെ നഗരത്തിലെ കച്ചവടസ്ഥാപനങ്ങളൊക്കെയും അടച്ചുപൂട്ടി, ശ്മശാന മൂകതയിലേക്ക് നഗരം വീണിരിക്കുകയാണ്. അതിനൊരു മാറ്റം വരുത്താൻ തീർച്ചയായും ശ്രമിക്കും.
ഒരുപാട് പദ്ധതികൾക്ക് രൂപം കൊടുക്കാൻ പോകുന്നു എന്നാണ് സ്ഥലം എം.എൽ.എ മുകേഷ് പറഞ്ഞത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പുനരുദ്ധരിക്കും, മാനവീയം വീഥിയുണ്ടാക്കും, നൈറ്റ് വാക്കിംഗിനുള്ള സാഹചര്യം ഉണ്ടാക്കും എന്നൊക്കെയാണ് പറയുന്നത്. അവർക്ക് മുന്നിൽ ഇനി ആകെക്കൂടിയുള്ളത് നാലുമാസമാണ്. ഒൻപതേ മുക്കാൽ വർഷത്തിലേക്ക് കടക്കാറായപ്പോഴാണോ മുകേഷിന് വികസനജ്വരം പിടിപെട്ടത്? അവസാന നിമിഷത്തിലെ ഈ പ്രഖ്യാപനങ്ങൾ നടപ്പാക്കാനുള്ളതല്ലെന്ന് തിരിച്ചറിയുവാനുള്ള വകതിരിവുള്ളവരാണ് ജനങ്ങൾ. അവരുടെ കണ്ണിൽ പൊടിയിടാനാവില്ല. അതിനുള്ള തെളിവാണ് ഈ ദയനീയ പരാജയം.
അതേസമയം ഞങ്ങളൊരു പ്രകടനപത്രികയിറക്കി. കൊല്ലത്തിന്റെ സമഗ്രവികസനവും ജനങ്ങളുടെ ആവശ്യകതയും ഒക്കെ മനസ്സിലാക്കിയുള്ള പ്രകടനപത്രിക. അതിൽ പറഞ്ഞിട്ടുള്ള ഓരോ കാര്യവും സമയബന്ധിതമായി നടപ്പാക്കുകതന്നെ ചെയ്യും. അത് ഞാൻ ഉറപ്പ് പറയുകയാണ്.










