
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ 30 കോടി രൂപ മുതൽ 500 രൂപ വരെയുള്ള സമ്മാനങ്ങൾ സ്വന്തമാക്കുന്നത് 5,34,470 പേർ. ആകെ 125.54 കോടി രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്. എന്നാൽ സമ്മാനം ലഭിച്ചാൽ തുക കൈപ്പറ്റുന്നതിനൊപ്പം ചില നിർണായക കാര്യങ്ങളും ടിക്കറ്റ് ഉടമകൾ ശ്രദ്ധിക്കണം.
10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക് ഏജന്റ് കമ്മീഷനായ 10 ശതമാനം കുറച്ച ശേഷമുള്ള തുകയ്ക്കാണ് 30 ശതമാനം ഇൻകം ടാക്സ് ഈടാക്കുക. നികുതി കുറച്ച ശേഷമുള്ള തുകയാണ് വിജയിക്ക് ലഭിക്കുക.
10,000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ച ടിക്കറ്റുകൾ 90 ദിവസത്തിനകം സമർപ്പിക്കണം. തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ഭാഗ്യക്കുറി ഡയറക്ടറേറ്റിലെ സമ്മാനവിഭാഗത്തിലാണ് ടിക്കറ്റ് ഹാജരാക്കേണ്ടത്. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്‌ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫോട്ടോയും സഹിതമാണ് ടിക്കറ്റ് സമർപ്പിക്കേണ്ടത്. ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചിരിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
10,000 രൂപയിൽ താഴെയുള്ള സമ്മാനത്തുകയുള്ള ടിക്കറ്റുകൾ അതത് ജില്ലാ ഭാഗ്യക്കുറി ഓഫീസുകളിൽ സമർപ്പിച്ചാൽ മതി. സമ്മാനം കൈപ്പറ്റുന്നതിനുള്ള നടപടിക്രമങ്ങളും മറ്റ് വിശദാംശങ്ങളും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
തട്ടിപ്പിൽ വീഴരുത്
നറുക്കെടുപ്പിന് പിന്നാലെ സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞ് പല തരത്തിലുള്ള തട്ടിപ്പുകൾ നടക്കാൻ സാധ്യതയുള്ളതിനാൽ ടിക്കറ്റ് ഉടമകൾ ജാഗ്രത പാലിക്കണമെന്ന് ഭാഗ്യക്കുറി വകുപ്പ് മുന്നറിയിപ്പ് നൽകി.
സമ്മാനം ലഭിക്കുന്നതിനായി രജിസ്ട്രേഷൻ ഫീസ്, പ്രോസസ്സിംഗ് ഫീസ്, ജിഎസ്ടി, ടാക്സ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ പേരുകളിൽ ഫോൺ മുഖേനയോ കത്ത് വഴിയോ പണം ആവശ്യപ്പെട്ടാൽ നൽകരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി, യുപിഐ പിൻ, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുത്.
ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. ആണ് ഇക്കാര്യം അറിയിച്ചത്.
സമ്മാനഘടന
ഒന്നാം സമ്മാനം: 30 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക്
മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക്
നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക്
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക്
ആറാം സമ്മാനം: 5,000 രൂപ വീതം 54,000 പേർക്ക്
ഏഴാം സമ്മാനം: 2,000 രൂപ വീതം 81,000 പേർക്ക്
എട്ടാം സമ്മാനം: 1,000 രൂപ വീതം 1,24,200 പേർക്ക്
ഒൻപതാം സമ്മാനം: 500 രൂപ വീതം 2,75,400 പേർക്ക്
സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്










