
തിരുവനന്തപുരം: വിവാഹിതയായ യുവതിയെ ആൺസുഹൃത്ത് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വെൺപകലിലാണ് സംഭവം. വെൺപകൽ സ്വദേശിനി സൂര്യഗായത്രിയെയാണ് കൊടങ്ങാവിള സ്വദേശി സച്ചു ആക്രമിച്ചത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്ന് ഉച്ചയോടെയാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. യുവതിയെ കുത്തിയ ശേഷം ഇയാൾ രക്ഷപെട്ടു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് യുവതി.
വിവാഹിതയായ യുവതി ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. മകൾക്കും അച്ഛനും അമ്മയ്ക്കുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. സച്ചുവും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇയാൾ പലതവണ വീട്ടിൽ വന്ന് പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഒരാഴ്ച മുമ്പ് സച്ചു യുവതിയുടെ വീട്ടിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ഇന്ന് ഉച്ചയോടെ വീണ്ടും യുവതിയുടെ വീട്ടിലെത്തിയ സച്ചു, ടെറസിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.
യുവതിയുടെ കൈയിലും ദേഹത്ത് വിവിധഭാഗങ്ങളിലും ആക്രമണത്തിൽ പരിക്കേറ്റു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുമ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ച യുവതിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം.










