08:48am 11 September 2026
NEWS
ഇവാനയുടെ പിറന്നാൾ ആഘോഷിച്ചത് ഒരുമാസം മുമ്പ്; അമ്മയുടെ മൊഴി ഞെട്ടിക്കുന്നത്

11/09/2026  06:56 AM IST
nila
ഇവാനയുടെ പിറന്നാൾ ആഘോഷിച്ചത് ഒരുമാസം മുമ്പ്; അമ്മയുടെ മൊഴി ഞെട്ടിക്കുന്നത്

തിരുവനന്തപുരം വിളവൂർക്കൽ പൊറ്റിയിൽ ഗ്രാമത്തെ നടുക്കിയ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന കുടുംബത്തിൽനിന്ന് ഒന്നരവയസ്സുകാരി ഇവാനയുടെ ജീവനാണ് നഷ്ടമായത്. ഒരു മാസം മുൻപ് പുത്തൻ വസ്ത്രമണിയിച്ച് പിറന്നാൾ ആഘോഷിച്ച കുഞ്ഞിനെ അമ്മ തന്നെ കൊലപ്പെടുത്തിയെന്ന വിവരമാണ് നാടിനെ കണ്ണീരിലാഴ്ത്തുന്നത്.

നാലുവർഷം മുൻപായിരുന്നു അഭിജിത്തിന്റെയും ക്രിസ്റ്റിയുടെയും വിവാഹം. അടുത്തിടെ ഇവാനയുടെ പിറന്നാൾ കുടുംബം ആഘോഷപൂർവം നടത്തിയിരുന്നു. അന്ന് കേക്ക് മുറിക്കാനായി കുഞ്ഞിന്റെ കൈപിടിച്ച അമ്മ തന്നെയാണ് പിന്നീട് കുഞ്ഞിന്റെ ജീവനെടുത്തതെന്ന വാർത്ത വിശ്വസിക്കാനാകാതെ കഴിയുകയാണ് നാട്ടുകാർ.

എല്ലാ ഞായറാഴ്ചയും മാതാപിതാക്കൾക്കൊപ്പം പള്ളിയിലേക്ക് പോകുന്ന ഇവാനയുടെ ചിരിച്ചും കളിച്ചുമുള്ള മുഖമാണ് നാട്ടുകാരുടെ മനസ്സിൽ ഇപ്പോഴുമുള്ളത്. കുഞ്ഞ് നടന്നുപോയിരുന്ന വഴിയിലേക്ക് ഇന്ന് ആളുകൾ ഒഴുകിയെത്തുകയാണ്. ദുഃഖം താങ്ങാനാകാതെ കണ്ണീരോടെയാണ് പലരും അവിടെ നിൽക്കുന്നത്.

ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം പതിവുപോലെ ക്രിസ്റ്റി വിശ്രമിക്കാൻ മുറിയിലേക്ക് പോയിരുന്നു. ഇവാനയെ ചേർത്തുപിടിച്ച് ഉറക്കാൻ കൊണ്ടുപോകുന്നത് വീട്ടിലുള്ളവർ കണ്ടിരുന്നു. പിന്നീട് അഭിജിത്തും മറ്റു ബന്ധുക്കളും പുറത്തേക്ക് പോയി.

അതിനിടെയാണ് അഭിജിത്തിന്റെ അമ്മൂമ്മയുടെ സഹോദരി ജസീന്ത വീട്ടിലെത്തിയത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെനേരം പുറത്തുനിന്ന് തട്ടി വിളിച്ച ശേഷമാണ് ക്രിസ്റ്റി വാതിൽ തുറന്നത്.

ഇവാനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ജസീന്ത ചോദിച്ചപ്പോൾ, കുഞ്ഞിനെ താൻ കൊലപ്പെടുത്തിയെന്നായിരുന്നു ക്രിസ്റ്റിയുടെ മറുപടി. തുടർന്ന് പരിശോധിച്ചപ്പോഴാണ് ചലനമില്ലാതെ കിടന്നിരുന്ന കുഞ്ഞിന്റെ കഴുത്തിൽനിന്ന് രക്തം വാർന്നുപോകുന്നത് കണ്ടത്.

ഉടൻ ഇവാനയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ ഞെട്ടലിൽനിന്ന് ഇനിയും മുക്തരാകാനാകാതെ കഴിയുകയാണ് വിളവൂർക്കലിലെ നാട്ടുകാർ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img