03:21am 19 July 2026
NEWS
വരുമാനത്തിൽ മെട്രോ സിറ്റികളെ മറികടന്ന് തിരുവനന്തപുരം; അതിസമ്പന്നരുടെ വളർച്ചയിൽ കണ്ണൂരിന്റെ മുന്നേറ്റം
18/07/2026  07:27 AM IST
nila
വരുമാനത്തിൽ മെട്രോ സിറ്റികളെ മറികടന്ന് തിരുവനന്തപുരം; അതിസമ്പന്നരുടെ വളർച്ചയിൽ കണ്ണൂരിന്റെ മുന്നേറ്റം

തിരുവനന്തപുരം: രാജ്യത്തെ സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സാന്നിധ്യം കൂടുതൽ ശക്തമാകുന്നതായി പുതിയ റിപ്പോർട്ട്. ശരാശരി കുടുംബവരുമാനത്തിലും ചെലവിടൽ ശേഷിയിലും തിരുവനന്തപുരം മെട്രോ നഗരങ്ങളെ പോലും പിന്നിലാക്കിയപ്പോൾ, അതിസമ്പന്ന കുടുംബങ്ങളുടെ എണ്ണത്തിൽ വേഗത്തിൽ വളരുന്ന നഗരമായി കണ്ണൂർ ശ്രദ്ധ നേടുകയാണ്. പീപ്പിൾ റിസർച്ച് ഓൺ ഇന്ത്യാസ് കൺസ്യൂമർ എക്കണോമിയും ടാറ്റ സൺസും ചേർന്ന് തയ്യാറാക്കിയ 'ദി മെനി അർബൻ ഇന്ത്യാസ്' റിപ്പോർട്ടിലാണ് രാജ്യത്തെ 100 പ്രധാന നഗരങ്ങളിലെ കുടുംബവരുമാനം, ചെലവിടൽ രീതി, സമ്പാദ്യശേഷി എന്നിവ വിലയിരുത്തിയത്.

കേരളത്തിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കണ്ണൂർ എന്നീ നഗരങ്ങൾ 'ബൂം ടൗൺ' വിഭാഗത്തിൽ ഇടംപിടിച്ചു. സ്ഥിരവരുമാനമുള്ള മധ്യവർഗ കുടുംബങ്ങൾ കൂടുതലുള്ള നഗരങ്ങളെന്ന നിലയിലാണ് ഇവയെ റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്.

ശരാശരി കുടുംബവരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരും ചണ്ഡീഗഡും 28 ലക്ഷം രൂപയുമായി ഒന്നാം സ്ഥാനത്താണുള്ളത്. എന്നാൽ ഏകദേശം 24 ലക്ഷം രൂപയുടെ കുടുംബവരുമാനവുമായി തിരുവനന്തപുരം ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ പ്രമുഖ മെട്രോ നഗരങ്ങളെ മറികടന്നു.

ചെലവിടുന്ന കാര്യത്തിലും തിരുവനന്തപുരം രാജ്യത്തെ മുൻനിരയിലാണ്. ഒരു കുടുംബം വർഷത്തിൽ ശരാശരി 17 ലക്ഷം രൂപ ചെലവഴിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ പട്ടികയിൽ ചണ്ഡീഗഡിന് പിന്നിൽ രണ്ടാം സ്ഥാനമാണ് തിരുവനന്തപുരത്തിനുള്ളത്. 14 ലക്ഷം രൂപയുടെ വാർഷിക കുടുംബച്ചെലവുമായി കൊല്ലവും ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുന്നു.

റിപ്പോർട്ടിലെ ഏറ്റവും കൗതുകകരമായ കണ്ടെത്തൽ കണ്ണൂരിനെക്കുറിച്ചാണ്. 36 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ള കുടുംബങ്ങളുടെ എണ്ണം അതിവേഗം വർധിക്കുന്ന നഗരങ്ങളിൽ ഒന്നായി കണ്ണൂർ മാറിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഉയർന്ന വരുമാനക്കാരുടെയും സമ്പന്ന മധ്യവർഗ കുടുംബങ്ങളുടെയും എണ്ണത്തിൽ ഏറ്റവും വേഗത്തിൽ വളർന്ന ചെറുനഗരങ്ങളിലൊന്നായി റായ്പൂറിനും തൂത്തുക്കുടിക്കും ഒപ്പമാണ് കണ്ണൂരിന്റെ സ്ഥാനം. ഇതോടെ കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ പുതിയ മുഖമായി കണ്ണൂർ മാറുകയാണെന്ന സൂചനയാണ് റിപ്പോർട്ട് നൽകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img