
അമേരിക്കയിൽ താമസിക്കുന്ന സ്ത്രീയുടെ തിരുവനന്തപുരം കവടിയാർ ജവഹർ നഗറിലുള്ള വീടും വസ്തുവും യുവതിയും സംഘവും തട്ടിയെടുത്ത സംഭവത്തിൽ കോൺഗ്രസ് നേതാവിനും പങ്കെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ഡിസിസി അംഗം അനന്തപുരി മണികണ്ഠൻ ആണ് തട്ടിപ്പിനുള്ള ആധാരം ഉൾപ്പെടെ തയ്യാറാക്കിയത് എന്നാണ് വിവരം. വെണ്ടർ കൂടിയായ ഇയാൾ നിലവിൽ ഒളിവിലാണ്. സംഭവത്തിൽ ഉദ്യോഗസ്ഥരും അഭിഭാഷകരും ഉൾപ്പെടെ വമ്പന്മാർ കുടുങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വിലപിടിപ്പുള്ള റസിഡൻഷ്യൽ ഏരിയയാണ് ജവഹർ നഗർ. ഇവിടെ ഡോറ അസറിയ ക്രിപ്സി എന്ന സ്ത്രീയുടെ കോടികൾ വിലവരുന്ന വീടും വസ്തുവുമാണ് യുവതിയുടെ നേതൃത്വത്തിലുള്ള സംഘം വ്യാജരേഖ ചമച്ച് സ്വന്തമാക്കി മറിച്ചുവിറ്റത്. വർഷങ്ങളായി അമേരിക്കയിലാണ് ഡോറ അസറിയ ക്രിപ്സി. ഇവരുടെ 10 സെന്റ് സ്ഥലവും വീടുമാണ് വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്തു വിറ്റത്.
കൊല്ലം സ്വദേശിനി മെറിൻ ജേക്കബാണ് കേസിലെ ഒന്നാം പ്രതി. ഡോറ അസറിയ ക്രിപ്സിന്റെ വളർത്തു പുത്രിയാണ് മെറിൻ എന്നു സ്ഥാപിച്ചാണ് വീടും വസ്തുവും മെറിന്റെ പേരിലേക്കു മാറ്റിയതും പിന്നീട് ചന്ദ്രസേനൻ എന്നയാൾക്ക് ഒന്നരക്കോടി രൂപയ്ക്ക് വിറ്റതും. 22 വർഷം മുൻപ് നാട്ടിൽ വന്നുപോയ ഡോറയ്ക്ക് മെറിൻ ആരെന്നു പോലും അറിയില്ല. സ്ഥിരമായി വസ്തു ഇടപാടുകൾക്ക് ശാസ്തമംഗലം സബ് റജിസ്ട്രാർ ഓഫിസിൽ എത്തിയിരുന്ന അനന്തപുരി മണികണ്ഠന്റെ സ്വാധീനമാണ് തട്ടിപ്പ് സാധ്യമാക്കിയതെന്നു പൊലീസ് കരുതുന്നു.
വസ്തുവിന്റെ മുന്നാധാരം വ്യാജമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ആധാരം എഴുതിയതും രേഖകൾ തയാറാക്കിയതും മണികണ്ഠൻ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണികണ്ഠൻ ആറ്റുകാലിൽ മത്സരിച്ചിരുന്നു. പൊലീസ് ഇന്നലെ മെറിനെ മണികണ്ഠന്റെ ഓഫിസിൽ എത്തിച്ചു പരിശോധന നടത്തിയിരുന്നു. മണികണ്ഠനും ഉദ്യോഗസ്ഥരും ഉൾപ്പെട്ട വലിയൊരു ലോബി തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.











