
തിരുവനന്തപുരം: നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36)യെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ കുറച്ചുനാളുകളായി ഹസീന ബീവിയും ഭർത്താവ് സുരേഷും (46) തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു എന്നാണ് റിപ്പോർട്ട്. കുടുംബകലഹത്തെ തുടർന്ന് വീടുവിട്ടുപോയ ഹസീന ഇന്നലെയാണ് തിരിച്ചെത്തിയത്. ഇന്നു പുലർച്ചെ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടാകുകയും സുരേഷ് ഭാര്യയുടെ കഴുത്തറുക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സുരേഷിനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
കുടുംബപ്രശ്നങ്ങളെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ഹസീന വീട് വിട്ടുപോയിരുന്നു. തുടർന്ന് സുരേഷ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇടപെട്ട് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി സംസാരിച്ചശേഷം ഹസീനയെയും മാതാവിനെയും നാല് മക്കളെയും വീട്ടിലേക്ക് മടക്കിവിട്ടിരുന്നു. ഇതിന്റെ പിറ്റേന്നാണ് ദാരുണ സംഭവം അരങ്ങേറിയത്.
ചൊവ്വാഴ്ച പുലർച്ചെ സുരേഷും ഹസീനയും തമ്മിൽ വീണ്ടും തർക്കമുണ്ടായതായാണ് പൊലീസ് പറയുന്നത്. ഇതിനിടെ അടുക്കളയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് സുരേഷ് ഹസീനയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹസീനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയത്ത് 17, 15, 8, 7 വയസുള്ള നാല് മക്കളും ഹസീനയുടെ മാതാവും വീട്ടിലുണ്ടായിരുന്നു. അമ്മ തിരിച്ചെത്തിയതോടെ ഇന്ന് മുതൽ സ്കൂളിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു കുട്ടികൾ. പുലർച്ചെയുണ്ടായ ബഹളത്തെ തുടർന്ന് ഉണർന്ന കുട്ടികൾ കണ്ടത് മുകൾനിലയിലെ മുറിയിൽ രക്തത്തിൽ കുളിച്ച് കിടന്ന അമ്മയെയാണ്. മൂത്തമകൾ അമൃതയാണ് പൊലീസിൽ വിവരം അറിയിച്ചത്.
നാലുമാസം മുമ്പാണ് കുടുംബം നാലാഞ്ചിറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. ദമ്പതികൾക്കിടയിൽ നേരത്തെയും കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഉപയോഗിച്ച കത്തി കഴുകി അടുക്കളയിൽ വച്ചശേഷമാണ് സുരേഷ് കാറിൽ രക്ഷപ്പെട്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.










