01:09am 07 November 2026
NEWS
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ​​​ദുരൂഹത അകലുന്നില്ല
25/02/2025  08:00 AM IST
nila
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ​​​ദുരൂഹത അകലുന്നില്ല

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ​ദുരൂഹത അകലുന്നില്ല. പ്രതി വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ(23) നൽകുന്ന മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ ഇയാൾ പിന്നീട് തന്റെ പ്രണയം വീട്ടുകാർ അം​ഗീകരിക്കാത്തതാണ് പകയായത് എന്നാണ് പറഞ്ഞത്. എന്നാൽ, തനിക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നും മകന് സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി അറിയില്ല എന്നുമാണ് പിതാവ് അബ്ദുൾ റഹീം പ്രതികരിച്ചത്. ഇദ്ദേഹം സൗദിയിലാണ്.

ഇന്നലെ വൈകിട്ടാണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി താൻ ആറുപേരെ കൊലപ്പെടുത്തിയെന്ന് അഫാൻ വെളിപ്പെടുത്തിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നു വീടുകളിൽ നടത്തിയ പരിശോധനയിൽ അഞ്ച് മൃത​ദേഹങ്ങൾ കണ്ടെത്തിയിരുന്നു. അഫാന്റെ മുത്തശ്ശി സൽമാ ബീവി(95), സഹോദരൻ ഒൻപതാം ക്ലാസുകാരനായ അഫ്‌സാൻ(14), പിതാവിന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെൺസുഹൃത്ത് വെഞ്ഞാറമൂട് പുതൂർ മുക്കുന്നൂർ അമൽ മൻസിലിൽ സുനിലിെന്റയും ഷീജയുടെയും മകൾ ഫർസാന(22) എന്നിവരാണ് കൊല്ലപ്പെട്ടവർ. അഫാന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ മാതാവ്‌ ഷമി സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവർ ക്യാൻസർ ബാധിതയാണ്. 

അതേസമയം, കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. പ്രതി അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കൊലപാതകത്തിന് പിന്നാലെ താൻ വിഷം കഴിച്ചെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img