
തിരുവനന്തപുരം മംഗലാപുരത്ത് പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് പെൺകുട്ടിയുമായുള്ള പ്രണയത്തിന്റെ പേരിൽ. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പൊലീസിന്റെ പിടിയിലായി. കുടവൂര്‍ സ്വദേശി ശ്രീജിത്ത്, വേങ്ങോട് സ്വദേശികളായ അഭിരാജ്, അഭിരാം, അശ്വിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൗമാരക്കാരനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി ഏഴേമുക്കാലോടെയാണ് പത്താംക്ലാസുകാരനെ മംഗലപുരത്തുനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്. പിന്നാലെ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് പത്താംക്ലാസുകാരന്റെ മൊബൈല്‍ഫോണിലേക്ക് വിളിച്ചപ്പോള്‍ പ്രതികളാണ് ഫോണെടുത്തത്. ഇവര്‍ പൊലീസിനെ ഫോണിലൂടെ അസഭ്യം പറഞ്ഞ് ഫോണ്‍ കട്ട്‌ചെയ്തു. ഇതോടെ പൊലീസ് പിന്തുടര്‍ന്നെത്തുകയും പത്താംക്ലാസുകാരനെ കണ്ടെത്തുകയുമായിരുന്നു. ഇതിനിടെ പ്രതികള്‍ കാറുമായി കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്.
പ്രതികളിലൊരാള്‍ക്ക് പത്താംക്ലാസുകാരന്റെ സഹപാഠിയായ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ഈ പെണ്‍കുട്ടിയുമായി പത്താംക്ലാസുകാരന്‍ സൗഹൃദം പുലര്‍ത്തിയെന്ന് ആരോപിച്ചാണ് പ്രതികള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസം മുമ്പും ഇതേവിഷയത്തില്‍ പ്രതികള്‍ ബൈക്കിലെത്തി പത്താംക്ലാസുകാരനെ മര്‍ദിച്ചിരുന്നു. എന്നാല്‍, അന്ന് പരാതി നല്‍കിയിരുന്നില്ല.










