
തിരുവനന്തപുരം: വ്യാജരേഖ ഉപയോഗിച്ച് കോടികളുടെ സ്വത്തുവകകൾ തട്ടിയെടുത്ത കേസിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ. ശാസ്തമംഗലം സബ് രജിസ്ട്രാറായ കള്ളിക്കാട് സ്വദേശിനി കെ എസ് ലക്ഷ്മിയാണ് അറസ്റ്റിലായത്. ജവഹർനഗറിൽ സ്ഥിതി ചെയ്യുന്ന നാലരക്കോടി രൂപയിലധികം വിലമതിക്കുന്ന വീടും വസ്തുവും വ്യാജ രേഖകൾ ഉപയോഗിച്ച് തട്ടിയെടുത്ത കേസിലെ ഒൻപതാം പ്രതിയാണ് ലക്ഷ്മി. തിങ്കളാഴ്ച വൈകിട്ടാണ് മ്യൂസിയം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വീടും വസ്തുവും കൈക്കലാക്കുന്നതിനായി വ്യാജ പ്രമാണങ്ങൾ തയ്യാറാക്കാനും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും ലക്ഷ്മി സഹായം നൽകിയതായാണ് കേസ്. അന്വേഷണത്തിൽ, കേസിലെ മുഖ്യപ്രതിയും മുൻ കോൺഗ്രസ് നേതാവുമായ അനന്തപുരി മണികണ്ഠനിൽ നിന്ന് 10 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും കൈക്കൂലിയായി ലക്ഷ്മി കൈപ്പറ്റിയതായും പൊലീസ് പറയുന്നു.
വ്യാജ ആധാരത്തിൽ സാക്ഷികളായി ഒപ്പുവച്ചത് പ്രതികളായ അനന്തപുരി മണികണ്ഠൻ, സയ്യിദ് അലി, സുനിൽ തോമസ് എന്നിവരും രണ്ടാം പ്രതിയായ ചന്ദ്രസേനന്റെ മരുമകനായ അനിൽ തമ്പിയുമാണെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ വ്യാജമായി തയ്യാറാക്കിയായിരുന്നു രജിസ്ട്രേഷൻ നടപടികൾ. സംശയം ഉയരാതിരിക്കാൻ സബ് രജിസ്ട്രാർ ഓഫീസിന് പുറത്തുവച്ചാണ് സാക്ഷികളുടെ ഒപ്പുകൾ എടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ, തിരിച്ചറിയൽ രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് പ്രമാണത്തിൽ ഒപ്പിടിച്ചതെന്ന നിലപാടായിരുന്നു ലക്ഷ്മി സ്വീകരിച്ചത്. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി സൈബർ തെളിവുകൾ ശേഖരിച്ചതോടെ ഈ വാദം പൊലീസ് തള്ളുകയായിരുന്നു. വസ്തു തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് രജിസ്ട്രേഷൻ ഐജി സബ് രജിസ്ട്രാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അനന്തപുരി മണികണ്ഠനെ അനുകൂലിക്കുന്ന റിപ്പോർട്ടാണ് അന്ന് സമർപ്പിച്ചതെന്നും അന്വേഷണ സംഘം പറയുന്നു.
വിദേശത്ത് താമസിക്കുന്ന ജവഹർ സ്വദേശി ഡോറയുടെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് സ്ഥലവും വീടുമാണ് കഴിഞ്ഞ ജനുവരിയിൽ പ്രതികൾ വ്യാജ ആധാരം ചമച്ച് കൈക്കലാക്കിയത്. ഡോറയുടെ വളർത്തുമകളാണെന്ന് വ്യാജമായി രേഖപ്പെടുത്തി മണക്കാട് പുതുപറമ്പിൽ വീട്ടിൽ മെറിൻ ജേക്കബിന്റെ പേരിൽ വസ്തു ധനനിശ്ചയം നടത്തി. തുടർന്ന് മരുതംകുഴി സ്വദേശി ചന്ദ്രസേനന് വിലയാധാരം എഴുതിക്കൊടുക്കുകയായിരുന്നു.
ലക്ഷ്മിയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കേസിലെ മറ്റ് ഇടപാടുകളും പങ്കാളിത്തങ്ങളും വ്യക്തമാകുമെന്നാണ് മ്യൂസിയം പൊലീസ് അറിയിച്ചത്.










