
തിരുവനന്തപുരം: കാലടിയിൽ 73കാരിയായ അമ്മയെ മരുമകൾ മർദിച്ചെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കാലടി സ്വദേശിനിയായ സരസ്വതിയാണ് ഇളയ മകൻ മധുവിന്റെ ഭാര്യ ആതിര തനിക്കെതിരെ ക്രൂരമായി ആക്രമണം നടത്തിയെന്ന് ആരോപിച്ച് പരാതി നൽകിയത്. സംഭവത്തിൽ ഫോർട്ട് പൊലീസ് സരസ്വതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.
കഴിഞ്ഞ ചൊവ്വാഴ്ച വാക്കുതർക്കം രൂക്ഷമായതിനെ തുടർന്നാണ് മർദനമുണ്ടായതെന്ന് സരസ്വതി പറയുന്നു. ആക്രമണത്തിൽ ചുണ്ടിൽ എട്ട് തുന്നലുകളും തലയ്ക്ക് പരിക്കുമേറ്റതായി അവർ അറിയിച്ചു. മരുമകൾ മർദിക്കുന്നത് ഇതാദ്യമല്ലെന്നും, ഇത്തരം സംഭവങ്ങൾ മകന്റെ അറിവോടെയാണെന്നും സരസ്വതി ആരോപിച്ചു.
എന്നാൽ, ഈ ആരോപണങ്ങൾ മകൻ മധു നിഷേധിച്ചു. വാക്കുതർക്കത്തിനിടെ അമ്മ സ്വയം വീണ് പരിക്കേറ്റതാണെന്നും ഭാര്യ ആക്രമിച്ചിട്ടില്ലെന്നുമാണ് മധുവിന്റെ വിശദീകരണം.
സ്വന്തം സ്ഥലത്ത് മകൻ നിർമിച്ച വീടിന്റെ വായ്പ താനാണ് വീട്ടുജോലിക്ക് പോയി അടച്ചുകൊണ്ടിരിക്കുന്നതെന്നും സരസ്വതി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ആദ്യം ഒത്തുതീർപ്പാണ് പൊലീസ് നിർദേശിച്ചത്. പത്ത് ദിവസത്തിനകം മകനും കുടുംബവും വീട് ഒഴിയണമെന്ന വ്യവസ്ഥയിലായിരുന്നു ധാരണ.
എന്നാൽ സംഭവം വാർത്തയായതോടെ പൊലീസ് വീണ്ടും സ്ഥലത്തെത്തി സരസ്വതിയുടെ മൊഴിയെടുത്ത് തുടർനടപടികൾ ആരംഭിച്ചു. പരാതിയിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.









