08:48pm 01 October 2026
NEWS
കേരളത്തിൽ മഴ ശക്തമാകുന്നു; തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; 2 പേർക്ക് ഗുരുതര പരിക്ക്
01/10/2026  06:06 PM IST
nila
കേരളത്തിൽ മഴ ശക്തമാകുന്നു; തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; 2 പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാലിൽ പരശുവയ്ക്കൽ സ്വദേശി വിൻസന്റാണ് മരിച്ചത്. ഇടിമിന്നലിൽ പരശുവയ്ക്കൽ സ്വദേശി അജേഷ്, ആടുമൻകാവ് സ്വദേശി ദാസയ്യൻ എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുന്നത്തുകാലിലെ സ്വകാര്യ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റത്. അപകടത്തിൽ വിൻസന്റിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതിനിടെ, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്ച മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജാഗ്രത വേണം

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ഭാഗങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം.

കനത്ത മഴ പെയ്യുന്ന സമയത്ത് പുഴകളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങുന്നതും കുളിക്കുന്നതും മീൻപിടിക്കുന്നതും ഒഴിവാക്കണം. മേൽപ്പാലങ്ങളിൽ നിന്ന് സെൽഫി എടുക്കുന്നതും അപകടസാധ്യതയുള്ള മറ്റ് പ്രവർത്തനങ്ങളും പാടില്ല.

മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകളും ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img