
തിരുവനന്തപുരത്ത് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തിരുവനന്തപുരം പാലോട് പടക്കനിർമ്മാണശാലയിലുണ്ടായ തിപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പേരയം താളിക്കുന്ന് സ്വദേശിനി ഷീബ (45) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്.
പാലോട് പേരയം താളിക്കുന്നിലുള്ള ആൻ ഫയർ വർക്‌സിന്റെ പടക്കനിർമാണ യൂണിറ്റിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തീപിടിച്ചത്. അപകടത്തിൽ നിർമാണശാലയിലെ നാല് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. ഷീബയുടെ നില ഗുരുതരമായിരുന്നു. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഷീബ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഓലപ്പടക്കത്തിന് തിരി കെട്ടിക്കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്. ആംബുലൻസോ ഫയർ വാഹനങ്ങളോ കടന്നുപോകാത്ത സ്ഥലത്തായിരുന്നു അപകടം നടന്നത്. ഇതുമൂലം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ആൻ ഫയർ വർക്‌സിന് ലൈസൻസ് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.









