
തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി.) പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തലസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത പിടിവലി. നേതാക്കളായ ചെമ്പഴന്തി അനിൽ, മണക്കാട് സുരേഷ്, എം. എം.വിൻസന്റ് എം.എൽ.എ, ടി. ശരത്ചന്ദ്രപ്രസാദ് എന്നിവരാണ് പ്രധാനമായും രംഗത്ത് ഉള്ളത്. ഓരോ നേതാവിനും പിന്നിൽ പ്രബലരായ നേതാക്കളുടെ പിന്തുണയുള്ളതിനാൽ സമവായം അസാധ്യമായിരിക്കുകയാണ്.
രണ്ടുമൂന്നു ദിവസങ്ങളിലായി ഡൽഹിയിൽ നടന്ന ചർച്ചകൾ ഫലം കാണാതെ അവസാനിച്ചു. സമവായത്തിലെത്താൻ കഴിയാതെ നേതാക്കൾ തീരുമാനമെടുക്കാതെ മടങ്ങുകയായിരുന്നു.
സ്ഥാനാർഥികൾക്ക് ലഭിക്കുന്ന പിന്തുണ ഇങ്ങനെ:
* പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഈയിടെ അദ്ദേഹത്തിന്റെ അടുത്ത അനുയായി യായ ചെമ്പഴന്തി അനിലിന് വേണ്ടിയാണ് വാദിക്കുന്നത്.
* മണക്കാട് സുരേഷ് കെ.സി. വേണുഗോപാൽ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്നു.
* എം. വിൻസന്റിനും ശക്തമായ (എ )ഗ്രൂപ്പ് പിന്തുണയുണ്ട്.
നിലവിലെ അധ്യക്ഷൻ എൻ. ശക്തനെ നിലനിർത്തണമെന്ന് എം.പിമാരായ അടൂർ പ്രകാശും ശശി തരൂരും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. എൻ. ശക്തൻ ഇപ്പോൾ താൽക്കാലിക ചുമതല വഹിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ തുടരാൻ അനുവദിക്കണമെന്നാണ് ശശി തരൂരിന്റെ നിലപാട്.
ദശാബ്ദങ്ങളായി തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് സ്ഥാനം നായർ സമുദായത്തിൽപ്പെട്ടവർക്കാണ് ലഭിച്ചിരുന്നത്. വളരെ വർഷങ്ങൾക്ക് മുൻപാണ് ഒരു ഈഴവ നേതാവ് ഈ സ്ഥാനം വഹിച്ചത്. കേരളത്തിൽ അധികാരം നേടാൻ തലസ്ഥാനത്തിന്റെ നിയന്ത്രണം അനിവാര്യമാണെന്ന് കോൺഗ്രസിന്റെ വിശ്വാസമാണ് ഈ കീഴ് വഴക്കത്തിന് പിന്നിലെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
അതേസമയം, ചെമ്പഴന്തി അനിലിന്റെ നിയമനം സംബന്ധിച്ച് മറ്റൊരു വിവാദവും ഉടലെടുത്തിട്ടുണ്ട്. ശിശുക്ഷേമ സമിതിയിലെ അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അനിലിനെതിരെ എഫ്.ഐ.ആർ. നിലവിലുണ്ട്. എന്നാൽ, അദ്ദേഹത്തിനെതിരെ മറ്റ് തെളിവുകളൊന്നുമില്ലെന്നും ഈ കേസ് നിയമനത്തിന് തടസ്സമാകരുതെന്നും അനിലിന്റെ അനുയായികൾ വാദിക്കുന്നു.
സംഘടനാപരമായ ഈ ദൗർബല്യം പാർട്ടിയെ ആശങ്കയിലാഴ്ത്തുകയാണ്. ആഭ്യന്തര കലഹങ്ങളിൽ കോൺഗ്രസ് ഉഴലുമ്പോൾ തലസ്ഥാനത്ത് ബി.ജെ.പിയും,ഇടത് മുന്നണിയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ പകുതിയിലേറെ മുന്നോട്ട് പോയെന്ന് പാർട്ടി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ഈ ആഭ്യന്തര തർക്കങ്ങൾ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് സാധാരണ പാർട്ടിക്കാർ.











