
തിരുവനന്തപുരം: ടെക്‌നോപാർക്ക് മേഖല ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന രണ്ട് യുവാക്കളെ സിറ്റി ഡാൻസാഫ് സംഘം സാഹസികമായി പിടികൂടി. ആക്കുളം കരിമണൽ സ്വദേശിയായ സച്ചു (27), മൺവിള സ്വദേശിയായ അഖിൽ (25) എന്നിവരാണ് കോവളം ജങ്ഷനിൽ പിടിയിലായത്. ഇവരിൽ നിന്ന് ഏകദേശം നാല് ലക്ഷം രൂപ വിലമതിക്കുന്ന 115 ഗ്രാം എംഡിഎംഎ, അഞ്ച് ഗ്രാം ഹാഷിഷ് ഓയിൽ, 50 ഗ്രാം കഞ്ചാവ് എന്നിവ പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും ഇവരുടെ കൈവശം ഉണ്ടായിരുന്നു.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കഴക്കൂട്ടം–കാരോട് ദേശീയപാതയിലെ കോവളം ജങ്ഷനിൽ വച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഡാൻസാഫ് സംഘം തടഞ്ഞത്. ആംബുലൻസ് ഉപയോഗിച്ച് വാഹനത്തിന്റെ വഴി തടഞ്ഞ ശേഷമാണ് പൊലീസ് കാർ വളഞ്ഞത്. പുറത്തിറങ്ങാൻ ആദ്യം തയ്യാറാകാതിരുന്ന പ്രതികളെ ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്.
സിറ്റി പൊലീസ് കമ്മീഷണർ ഡോ. അരുൾ ബി.ആർ. കൃഷ്ണയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബെംഗളൂരുവിൽ നിന്ന് നാല് ദിവസം മുൻപാണ് പ്രതികൾ ലഹരിവസ്തുക്കൾ ശേഖരിച്ച് തിരുവനന്തപുരത്തേക്ക് എത്തിയത്. പിടിയിലാകാതിരിക്കാൻ കാറിന്റെ ഡാഷ്‌ബോർഡിനുള്ളിൽ പ്രത്യേകമായി നിർമ്മിച്ച രഹസ്യ അറയിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ടെക്‌നോപാർക്കും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് എംഡിഎംഎ വിതരണം നടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ലഹരിമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചതായും അന്വേഷണ സംഘം അറിയിച്ചു.
തുടർന്ന് പ്രതികളെ കോവളം പൊലീസിന് കൈമാറി. കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.










