
തിരുവനന്തപുരം: സി.പി.ഐയുടെ 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് തലസ്ഥാന നഗരിയിൽ തുടക്കമായി. പുത്തരിക്കണ്ടം മൈതാനത്ത് (കണിയാപുരം രാമചന്ദ്രൻ നഗർ) മുതിർന്ന നേതാവ് അഡ്വ. ജെ. വേണുഗോപാലൻ നായർ പതാക ഉയർത്തി. വിവിധ പ്രദേശങ്ങളിൽ നിന്ന് പതാക, കൊടിമരം, ബാനർ ജാഥകൾ നഗരത്തിൽ സംഗമിച്ച് സമ്മേളന നഗരിയിൽ എത്തിച്ചേർന്നു.
ഇന്ന് വൈകുന്നേരം 3ന് ആശാൻ സ്ക്വയറിൽ നിന്ന് റെഡ് വളണ്ടിയർ മാർച്ച് ആരംഭിക്കും. തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങുന്ന ബഹുജന റാലി പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. റാലിക്കുശേഷം നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുക്കും.
ഓഗസ്റ്റ് 8, 9 തീയതികളിൽ വഴുതക്കാട് ടാഗോർ തിയേറ്ററിൽ പ്രതിനിധി സമ്മേളനം നടക്കും. ജില്ലയിലെ 17 മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 410 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ. പ്രകാശ് ബാബു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 9-ന് വൈകുന്നേരം സമ്മേളനം സമാപിക്കും.











