
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ തിരുവനന്തപുരം നഗരസഭയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 100 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 50 സീറ്റുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ, കേവല ഭൂരിപക്ഷത്തിനാവശ്യമായ 51 സീറ്റുകൾ അവർക്കും നേടാനായില്ല.
ബിജെപി 50 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ എൽഡിഎഫ് 29 സീറ്റും യുഡിഎഫ് 19 സീറ്റും നേടി. രണ്ടു സ്വതന്ത്രരും വിജയിച്ചു. കണ്ണമൂല വാർഡിൽ മത്സരിച്ച പ്രസ് ക്ലബ് മുൻ പ്രസിഡന്റായ പാറ്റൂർ രാധാകൃഷ്ണനും, പൗണ്ടുകടവ് വാർഡിൽ യുഡിഎഫ് വിമതൻ സുധീഷ് കുമാറും നിരുവനന്തപുരം നഗരസഭയുടെ ഭരണം നിർണയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്വതന്ത്ര സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പും നിർണായകമാകും.
50 വർഷം കോർപ്പറേഷൻ ഭരിച്ച എൽഡിഎഫ് പരാജയം ഏറ്റുവാങ്ങിയത് വലിയ നാണക്കേടായി വിലയിരുത്തപ്പെടുന്നു. 2015-ൽ 54 സീറ്റുകളിൽ നിന്നാണ് 29 സീറ്റുകളിലേക്ക് ഇടിവുണ്ടായത്, കോർപ്പറേഷനിലെ ഇടതുമുന്നണിയുടെ ശക്തി തകർന്നതിന്റെ സൂചനയാണ്. എതിർമുന്നണിയായ യുഡിഎഫിന് ഈ അവസരം മുതലെടുത്ത് സീറ്റുകൾ ഇരട്ടിയാക്കാനായതും ശ്രദ്ധേയമാണ്.








