
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടൽ. ഹാജർ ബുക്കിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വധശ്രമക്കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ. സുഗതന് ഒപ്പിടാൻ സൗകര്യമൊരുക്കാൻ ഹാജർ ബുക്ക് മാറ്റിവെക്കാൻ ബിജെപി അംഗങ്ങൾ ശ്രമിച്ചുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ഇത് എതിർത്ത കോൺഗ്രസ് കൗൺസിലർമാർ ഹാജർ ബുക്ക് കൈവശപ്പെടുത്താൻ ശ്രമിച്ചതോടെ ബിജെപി അംഗങ്ങളും ഇടപെട്ടു. തുടർന്ന് ഇരുപക്ഷവും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടാകുകയും അത് കൈയാങ്കളിയിലേക്ക് മാറുകയും ചെയ്തു. ഡയസിന് മുകളിലേക്കു വരെ കയറിയ നേതാക്കൾ പരസ്പരം ഏറ്റുമുട്ടിയതോടെ കൗൺസിൽ യോഗം സംഘർഷഭരിതമായി.
സംഭവത്തിനിടെ കോൺഗ്രസിന്റെ വനിതാ കൗൺസിലർമാരെ ബിജെപി അംഗങ്ങൾ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ഒരു ബിജെപി കൗൺസിലർ ശബരീനാഥനെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വനിതാ കൗൺസിലറുടെ തലയിൽ അടിയേൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഘർഷത്തിൽ ചിലരുടെ വസ്ത്രങ്ങൾ കീറുകയും ചെയ്തു.
അതേസമയം, ഹാജർ ബുക്ക് കോൺഗ്രസ് കൗൺസിലർമാർ അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും ബുക്ക് തിരികെ വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്നും ബിജെപി ആരോപിച്ചു. കൈയാങ്കളിക്ക് ഉത്തരവാദികൾ കോൺഗ്രസ് അംഗങ്ങളാണെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.
സംഭവത്തിൽ കൗൺസിലർ ഷേർളിയും നാലാഞ്ചിറ കൗൺസിലർ ത്രേസ്യാമ്മയും ഉൾപ്പെടെ ചിലർക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ചെമ്പഴന്തി ഉദയൻ മനഃപൂർവം ഹാജർ രജിസ്റ്റർ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ശബരീനാഥന്റെ നേതൃത്വത്തിൽ കോർപറേഷൻ സെക്രട്ടറിക്ക് പരാതി നൽകി. ഉദയൻ രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
പരിക്കേറ്റ കൗൺസിലർമാരെ സന്ദർശിച്ച മന്ത്രി വി. ശിവൻകുട്ടി, കോർപറേഷനിൽ നടന്നത് "ഗുണ്ടാവിളയാട്ടം" ആണെന്ന് വിമർശിച്ചു. തിരുവനന്തപുരം കോർപറേഷന്റെ ചരിത്രത്തിൽ ഇത്രയും സംഘർഷഭരിതമായ സാഹചര്യം മുമ്പുണ്ടായിട്ടില്ലെന്നും ബിജെപി കൗൺസിലർമാരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർ. സുഗതനെ കൗൺസിലിൽ ഉൾപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് എൽഡിഎഫ്. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിൽ പരിക്കേറ്റ എൽഡിഎഫ് കൗൺസിലർമാർ വീൽചെയറുകളിലടക്കം യോഗത്തിനെത്തി. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായെത്തിയ പ്രതിപക്ഷം വിഷയം കൗൺസിലിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സംഘർഷസാധ്യത കണക്കിലെടുത്ത് കോർപറേഷൻ പരിസരത്ത് വൻ പൊലീസ് സന്നാഹവും വിന്യസിച്ചിരുന്നു.











