01:51pm 14 October 2026
NEWS
റമ്മി കളിക്കാൻ പണം കണ്ടെത്താൻ മുക്കുപണ്ടം പണയംവച്ചു; തിരുവനന്തപുരത്ത് പോലീസുകാരനും കുടുംബവും തട്ടിയെടുത്തത് 52.89 ലക്ഷം രൂപ
14/10/2026  12:28 PM IST
nila
റമ്മി കളിക്കാൻ പണം കണ്ടെത്താൻ മുക്കുപണ്ടം പണയംവച്ചു; തിരുവനന്തപുരത്ത് പോലീസുകാരനും കുടുംബവും തട്ടിയെടുത്തത് 52.89 ലക്ഷം രൂപ

തിരുവനന്തപുരം: റമ്മി കളിക്കാനുള്ള പണം കണ്ടെത്താൻ മുക്കുപണ്ടം പണയംവച്ച് 52.89 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പോലീസുകാരനും ബാങ്ക് അപ്രൈസറും അറസ്റ്റിൽ. മണ്ണന്തല പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ അഖിൽ രാജിനെയും കാനറ ബാങ്കിലെ അപ്രൈസറായ വിജയകുമാറിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഖിൽ രാജിന്റെ ഭാര്യ അനഘയും അമ്മയും ഉൾപ്പെട്ടാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.

നാലാഞ്ചിറയിലെ കാനറ ബാങ്കിൽ വിവിധ ദിവസങ്ങളിലായി മുക്കുപണ്ടം സ്വർണമാണെന്ന് കാട്ടി പണയംവച്ചാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് അപ്രൈസറായ വിജയകുമാറിന്റെ സഹായത്തോടെ മുക്കുപണ്ടത്തിന് സ്വർണമെന്ന സർട്ടിഫിക്കേഷൻ ലഭ്യമാക്കി വായ്പയെടുത്തെന്നാണ് കേസ്. ബാങ്കിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

അഖിൽ രാജ് നേരത്തേ കൈവശമുണ്ടായിരുന്ന സമ്പാദ്യം ഉപയോഗിച്ച് റമ്മി കളിച്ചിരുന്നതായും പിന്നീട് കൂടുതൽ പണം ആവശ്യമായി വന്നതോടെ കുടുംബാംഗങ്ങളുമായി ചേർന്ന് തട്ടിപ്പിന് പദ്ധതിയിട്ടതായുമാണ് പോലീസിന്റെ വിശദീകരണം. തട്ടിപ്പിലൂടെ ലഭിച്ച പണം റമ്മി കളിക്കാനാണ് ഉപയോഗിച്ചതെന്നും പോലീസ് പറയുന്നു.

മാർച്ചിൽ മുക്കുപണ്ടം പണയംവച്ച് 18 ലക്ഷം രൂപയും ജൂലൈയിൽ 20 ലക്ഷം രൂപയും മറ്റൊരു ദിവസം 14 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്. ആകെ 52.89 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ഒക്ടോബർ ആറിനാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img