06:23pm 06 October 2026
NEWS
ബിജെപി കൗൺസിലർ ആർ. സുഗതനെതിരായ കാപ്പ കേസ് റദ്ദാക്കി ഹൈക്കോടതി
06/10/2026  03:12 PM IST
nila
ബിജെപി കൗൺസിലർ ആർ. സുഗതനെതിരായ കാപ്പ കേസ് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം ന​ഗരസഭയിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ ചുമത്തിയിരുന്ന കാപ്പ കേസ് ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ ഭാര്യ അശ്വതി സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കാപ്പ ചുമത്തിയ നടപടി റദ്ദാക്കിയത്. ഇതോടെ ഏറെ വിവാദമായിരുന്ന സുഗതന്റെ കാപ്പ നടപടിക്ക് നിയമപരമായ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്. വിധിയുടെ പൂർണ വിശദാംശങ്ങൾ പുറത്തുവരാനുണ്ട്. സുഗതനെതിരെ കാപ്പ ചുമത്തിയത് അന്യായവും രാഷ്ട്രീയപ്രേരിതവുമാണെന്നായിരുന്നു ഹർജിക്കാരിയുടെ പ്രധാന വാദം.

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണവുമായി ബന്ധപ്പെട്ടും സുഗതന്റെ അറസ്റ്റ് വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചിരുന്നു. സുഗതന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കേണ്ടത് അനിവാര്യമാണെന്നും ബിജെപിയുടെ ഭൂരിപക്ഷം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സിപിഎമ്മും കോൺഗ്രസും ചേർന്ന് നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കാപ്പ നടപടിയുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിക്രമങ്ങൾ പൂർണമായി പാലിച്ചില്ലെന്നും അശ്വതി കോടതിയെ അറിയിച്ചു.

കൊലപാതകശ്രമം ഉൾപ്പെടെ വിവിധ കേസുകൾ പരിഗണിച്ചാണ് ജില്ലാ കളക്ടർ സുഗതനെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയത്. സുഗതനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായതും പോലീസ് ആകാശത്തേക്ക് വെടിയുതിർത്തതുമടക്കം സംഭവങ്ങൾ പിന്നീട് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

സുഗതൻ ജയിലിലായതോടെ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണത്തിലും പ്രതിസന്ധി ഉടലെടുത്തു. തുടർന്ന് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ജയിലിൽവെച്ചാണ് സുഗതൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തത്.

ഇതിന് പിന്നാലെയാണ് കാപ്പ നടപടി ചോദ്യം ചെയ്ത് ഭാര്യ അശ്വതി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി അംഗീകരിച്ചുകൊണ്ടുള്ള ഡിവിഷൻ ബെഞ്ചിന്റെ ഇന്നത്തെ ഉത്തരവ് സുഗതനും ബിജെപി നേതൃത്വത്തിനും നിർണായക ആശ്വാസമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img