
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്താനിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ടേക്ക് ഓഫ് ശ്രമത്തിനിടെ തിരിച്ചിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സാങ്കേതിക പ്രശ്നമാണോ അതോ കാലാവസ്ഥാ പ്രതികൂലമായതാണോ വിമാനം തിരിച്ചിറക്കാൻ കാരണമെന്ന് വ്യക്തമല്ല.
എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 2980 നമ്പർ വിമാനമാണ് റൺവേയിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ യാത്ര തുടരാനാകാതെ ടേക്ക് ഓഫ് റദ്ദാക്കിയത്. പറന്നുയരുന്നതിനായി വേഗത കൈവരിച്ച വിമാനം പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ വേഗത കുറച്ച് സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു.
സംഭവത്തിന്റെ കൃത്യമായ കാരണം പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥയാണോ മറ്റേതെങ്കിലും സാങ്കേതിക തകരാറാണോ തിരിച്ചിറക്കലിന് പിന്നിലെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, വിമാനം തിരിച്ചിറക്കിയതിന് ശേഷം ഒരു മണിക്കൂറിലേറെയായി യാത്രക്കാർ വിമാനത്തിനുള്ളിൽ തുടരുകയാണെന്ന് ഒരു യാത്രക്കാരൻ പ്രതികരിച്ചു. യാത്ര പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ ഉടൻ അറിയിക്കുമെന്നാണ് പ്രതീക്ഷ.










