
തിരുവനന്തപുരം അമ്പലംമുക്കിലെ അലങ്കാരച്ചെടി വിൽപ്പനശാല ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഈ മാസം 21ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ തിരുവനന്തപുരം ജില്ലാ കളക്ടർ, കന്യാകുമാരി ജില്ലാ കളക്ടർ, സൈക്യാട്രിസ്റ്റ് തുടങ്ങിയവരിൽനിന്നുള്ള റിപ്പോർട്ടുകളും കോടതി പരിശേധിക്കും. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും പ്രതിക്ക് ശിക്ഷ വിധിക്കുക.
2022 ഫെബ്രുവരി ആറിന് പകൽ 11.50-നാണ് രാജേന്ദ്രൻ യുവതിയെ കൊലപ്പെടുത്തിയത്. ചെടി വാങ്ങാൻ എന്ന വ്യാജേന എത്തിയ പ്രതി വിനീതയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. വിനീതയുടെ കഴുത്തിൽക്കിടന്ന നാലരപ്പവന്റെ മാല കവരുന്നതിനായി പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
കൊല്ലപ്പെടുന്നതിന് ഒൻപതു മാസം മുൻപാണ് വിനീത ഇവിടെ ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭർത്താവ് മരിച്ചതിനെ തുടർന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയായത്.










