
തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ യുവതിയും യുവാവും പിടിയിൽ. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ വഴി തിരുവനന്തപുരത്ത് എത്തിയ 23കാരനും 21കാരിയുമാണ് പിടിയിലായത്. ബെംഗളുരുവിൽ വിദ്യാർത്ഥികളായ ഇവർ അവധിക്കാലം ആഘോഷിക്കാൻ ബാങ്കോക്കിലേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് കസ്റ്റംസിന്റെ പിടിയിലായത്.
ശനിയാഴ്ച രാത്രി 11.10ന് സിംഗപ്പൂരിൽ നിന്നുമെത്തിയ സ്കൂട്ട് എയർലൈൻസിന്റെ ടി.ആർ 530ാം നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്നു യുവാവും യുവതിയും. വിമാനത്തിൽ നിന്നും ടെർമിനലിനുള്ളിൽ പ്രവേശിച്ചപ്പോൾ അധികൃതർക്ക് ഇവരെ സംശയം തോന്നി. കൺവേയർ ബെൽറ്റിൽ നിന്നും ഇവർ ലഗേജുകളുമായി പുറത്തുകടക്കാൻ ശ്രമിക്കുമ്പോൾ അധികൃതർ തിരിച്ചുവിളിച്ച് ലഗേജുകൾ പരിശോധിക്കുകയായിരുന്നു.
പിടിയിലായ യുവാവ് ലഹരിസംഘത്തിലെ കണ്ണിയെന്നാണ് വിവരം. ബംഗളുരുവിലും മംഗളുരുവിലും വില്പനയ്ക്കായാണ് ഇവർ കഞ്ചാവ് എത്തിച്ചത്.











