05:04pm 27 November 2026
NEWS
തിരുപ്പരൻകുണ്ഡ്രത്ത് കാർത്തികദീപം തെളിക്കാൻ സുപ്രീംകോടതിയുടെ കർശന നിർദ്ദേശം; തമിഴ്നാട് സർക്കാരിന് തിരിച്ചടി; സുരക്ഷയൊരുക്കുക കേന്ദ്രസേന


27/11/2026  03:56 PM IST
nila
തിരുപ്പരൻകുണ്ഡ്രത്ത് കാർത്തികദീപം തെളിക്കാൻ സുപ്രീംകോടതിയുടെ കർശന നിർദ്ദേശം; തമിഴ്നാട് സർക്കാരിന് തിരിച്ചടി; സുരക്ഷയൊരുക്കുക കേന്ദ്രസേന

ചെന്നൈ: തിരുപ്പരൻകുണ്ഡ്രം കാർത്തികദീപം വിവാദത്തിൽ തമിഴ്നാട്ടിലെ ജോസഫ് വിജയ് സർക്കാരിനും ക്ഷേത്ര ട്രസ്റ്റി ബോർഡിനും കനത്ത തിരിച്ചടി നൽകി സുപ്രീംകോടതി. ക്ഷേത്രത്തിലെ ദീപത്തൂണിൽ കാർത്തികദീപം തെളിക്കണമെന്ന നിർദേശം ആവർത്തിച്ച കോടതി, ഇതിനായി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസേനയെയും സിആർപിഎഫിനെയും നിയോഗിക്കാനും ഉത്തരവിട്ടു.

നവംബർ 28ന് ക്ഷേത്രത്തിലെ പ്രധാന ചുമതലക്കാരായ സ്ഥാനികരുമായി കൂടിയാലോചിച്ചശേഷം ക്ഷേത്രഭരണസമിതി ദീപത്തൂണിൽ കാർത്തികദീപം തെളിയിക്കണമെന്നാണ് കോടതിയുടെ നിർദേശം. നിലവിൽ ക്ഷേത്രത്തിൽ കത്തിക്കൊണ്ടിരിക്കുന്ന ദീപത്തിൽനിന്ന് അഗ്നി പകർന്നായിരിക്കണം പുതിയ ദീപം തെളിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

കാർത്തിക ദിനമായ നവംബർ 24ന് ദീപം തെളിയിക്കാനുള്ള നവംബർ 20ലെ ഉത്തരവ് അധികൃതർ ബോധപൂർവം ലംഘിച്ചെന്ന ഹർജിക്കാരുടെ വാദം കോടതി ഗൗരവത്തോടെയാണ് പരിഗണിച്ചത്. രാഷ്ട്രീയ നേതൃത്വവുമായി ഒത്തുചേർന്നാണ് ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കാതിരുന്നതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.

ഭക്തർക്ക് മലമുകളിൽ സ്വന്തം നിലയിൽ ദീപങ്ങൾ തെളിയിക്കുന്നതിന് തടസ്സമുണ്ടാകരുതെന്നും സുപ്രീംകോടതി നിർദേശിച്ചു. അതേസമയം, ദർഗയ്ക്ക് ചുറ്റും 50 മീറ്റർ പരിധിയിൽ പ്രത്യേക സുരക്ഷാവലയം ഒരുക്കണം. എന്നാൽ ദർഗ സന്ദർശിക്കാനെത്തുന്ന ഭക്തർക്ക് യാതൊരു തരത്തിലുള്ള തടസ്സമോ ബുദ്ധിമുട്ടോ ഉണ്ടാകരുതെന്നും കോടതി പ്രത്യേകം വ്യക്തമാക്കി.

ക്ഷേത്ര ട്രസ്റ്റി ബോർഡിന് സസ്പെൻഷൻ

വിവാദത്തിൽ സുപ്രീംകോടതി സ്വീകരിച്ച മറ്റൊരു നിർണായക നടപടിയാണ് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡിനെ സസ്‌പെൻഡ് ചെയ്തത്. ക്ഷേത്രഭരണത്തിന്റെ ചുമതല നിർവഹിക്കുന്നതിനായി ഹൈക്കോടതിയിലെ രണ്ട് മുൻ ജഡ്ജിമാരെയും കോടതി നിയോഗിച്ചു.

നവംബർ 20ലെ ഉത്തരവിനുശേഷം ഉണ്ടായ സംഭവവികാസങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി, ഉത്തരവ് പാലിക്കാതിരുന്നത് ഗുരുതരവും ബോധപൂർവവുമായ അനുസരണക്കേടാണെന്ന് നിരീക്ഷിച്ചു. കോടതി നിർദേശങ്ങൾ ചർച്ചകൾക്കോ വിലപേശലിനോ ഉള്ള ക്ഷണമായി കാണരുതെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.

തമിഴ്നാട് സർക്കാരിനും സർക്കാർ ഉദ്യോഗസ്ഥർക്കും സംസ്ഥാന നിയമങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന എല്ലാ നിയമപരവും മതപരവുമായ സ്ഥാപനങ്ങൾക്കും കോടതി ഉത്തരവുകൾ ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉത്തരവുകൾ ലംഘിക്കപ്പെടുമ്പോൾ നിശ്ശബ്ദരായ കാഴ്ചക്കാരായി തുടരാനാകില്ലെന്നും കോടതി പറഞ്ഞു.

"ഞങ്ങളുടെ ഉത്തരവുകൾ ലംഘിക്കപ്പെടുമ്പോൾ നിസ്സംഗരായി നോക്കിനിൽക്കാനാവില്ല," എന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം.

ഇത്തരം അനുസരണക്കേടുകൾ തടയുന്നതിൽ പരാജയപ്പെട്ടാൽ അത് ഭരണഘടനാപരമായ അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇത്തരം സാഹചര്യങ്ങളെ കർശനമായി നേരിടേണ്ട സമയമാണിതെന്നും അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img