കോടതി വിധിയുണ്ടായിട്ടും തിരുപ്പരങ്കുൺട്രം മലയിൽ കാർത്തികദീപം തെളിയിക്കാൻ പൊലീസ് അനുമതി നൽകിയില്ല; ഹർജികൾ ഡിസംബർ 12ന് പരിഗണിക്കുമെന്ന് മദ്രാസ് ഹൈക്കോടതി; ബിജെപി സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾക്ക് ശ്രമിക്കുന്നുവെന്ന് ഡിഎംകെ

ചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുപ്പരങ്കുൺട്രം മലയിൽ ദർഗയ്‌ക്ക് സമീപമുള്ള ദീപസ്തംഭത്തിൽ (ദീപത്തൂൺ) കാർത്തിക ദീപം തെളിക്കാനുള്ള അനുമതി സംബന്ധിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് മാറ്റിവെച്ചു. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും അവരുടെ അപ്പീലുകൾ സമർപ്പിച്ചതിന് ശേഷം അടുത്ത വെള്ളിയാഴ്ച (ഡിസംബർ 12) പരിഗണിക്കുമെന്ന് ജസ്റ്റിസ് ജി. ജയചന്ദ്രനും ജസ്റ്റിസ് കെ.കെ. രാമകൃഷ്ണനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അറിയിച്ചു.
നിലവിലുള്ള അപ്പീൽ മധുരൈ ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മീഷണർ, ആറുൾമിഗ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർ ചേർന്നാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിനിടെ, സംസ്ഥാനത്തെ എച്ച്.ആർ.&സി.ഇ. (ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡൗമെന്റ്സ്) വകുപ്പ് കൂടാതെ ദർഗ ഭരണസമിതിയും അപ്പീൽ സമർപ്പിക്കാൻ പോകുന്നതായാണ് കോടതിയോട് അറിയിച്ചത്. അതിനാൽ എല്ലാ അപ്പീലുകളും ഒരുമിച്ചെടുത്ത് പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.
കോടതിയുടെ അനുമതിയുണ്ടായിട്ടും തിരുപ്പരങ്കുൺട്രം മലയിൽ ദർഗയ്‌ക്ക് സമീപമുള്ള ദീപസ്തംഭത്തിൽ കഴിഞ്ഞ ദിവസം ദീപം തെളിയിക്കാനായിരുന്നില്ല. ദീപം തെളിക്കാൻ എത്തിയ ഹിന്ദു സംഘടനകളുടെ നേതാക്കളെ പൊലീസ് തടഞ്ഞ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്.
സിക്കന്ദർ ദർഗയ്ക്ക് സമീപമുള്ള ‘ദീപത്തൂണിൽ’ വിളക്ക് തെളിക്കാത്തതിനെതിരെ ഹിന്ദു മുന്നണി നേതാവാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്. സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിനെത്തുടർന്ന് ഇന്നലെ രാത്രി ഏഴോടെ മലയിലെത്തിയ ഹർജിക്കാരനെയും ബിജെപി നേതാക്കളെയും പൊലീസ് തടഞ്ഞിരുന്നു. ഡിസംബർ ഒന്നിന് ദീപം തെളിക്കാൻ നൽകിയ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സർക്കാർ സമർപ്പിച്ച റിട്ട് ഹർജിയും ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.
ദീപം എവിടെ തെളിക്കണം എന്നതിനെക്കുറിച്ച് 2014-ലെ കേസിൽ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ടെന്നും, അതുകൊണ്ട് മറ്റ് ഉത്തരവുകൾ അംഗീകരിക്കില്ലെന്നും നിയമമന്ത്രി എസ്. രഘുപതി വ്യക്തമാക്കി. മലയിലെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ മാത്രമാണ് ദീപം തെളിയിക്കേണ്ടതെന്ന 2014-ലെ ഹൈക്കോടതി ഉത്തരവാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്. സിക്കന്ദർ ദർഗയ്ക്ക് അടുത്തുള്ള ദീപത്തൂണിൽ വിളക്ക് തെളിക്കാനാകില്ല എന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്.
ദീപം തെളിക്കൽ വിഷയത്തിൽ ബിജെപിയും ആർഎസ്എസും തമിഴ്നാട്ടിൽ വർഗീയ രാഷ്ട്രീയം ലക്ഷ്യമിടുന്നതായി ഡിഎംകെ നേതാവ് കനിമൊഴി ആരോപിച്ചു. മധുരയിലെ ജനങ്ങളും തമിഴ്നാട് സർക്കാരും ഒരുമിച്ച് ഇതിനെ പരാജയപ്പെടുത്തുമെന്നും അവർ പറഞ്ഞു. വിഷയത്തിൽ നടൻ വിജയ് നയിക്കുന്ന ടിവികെ നിലപാട് വ്യക്തമാക്കാത്തതിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്.
ഇന്നലെ രാത്രി കോടതി ഉത്തരവ് പ്രകാരം ദീപം തെളിക്കാൻ എത്തിയ ഹർജിക്കാരൻ ഉൾപ്പെടെയുള്ളവരെ പോലീസ് തടയുകയും, ബിജെപി സംസ്ഥാന പ്രസിഡൻ്റ് നൈനാർ നാഗേന്ദ്ര അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഉത്തരവ് നടപ്പായോ എന്ന് അറിയാൻ രാത്രി 10:30 ന് കേസ് വീണ്ടും പരിഗണിക്കാമെന്ന് ജസ്റ്റിസ് സ്വാമിനാഥൻ അറിയിച്ചിരുന്നെങ്കിലും പിന്നീട് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾക്ക് ശ്രമിക്കുന്നുവെന്നാണ് ഡിഎംകെയുടെ പ്രധാന ആരോപണം. ഡിഎംകെ സർക്കാർ ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.











