04:21am 07 November 2026
NEWS
അരസെന്റീമീറ്റർ വലുതായെന്ന് കാന്തപുരം മുസ്ല്യാർ; തിരുകേശ വിവാദം വീണ്ടും ചൂടുപിടിയ്ക്കുന്നു
05/10/2025  06:27 AM IST
നെല്ലിക്കുത്ത് ഹനീഫ
അരസെന്റീമീറ്റർ വലുതായെന്ന് കാന്തപുരം മുസ്ല്യാർ; തിരുകേശ വിവാദം വീണ്ടും ചൂടുപിടിയ്ക്കുന്നു

പത്രങ്ങളിലും, ചാനലുകളിലും ഒരു വിഷയം വാർത്തയാകും മുമ്പ് ഓൺലൈനിൽ ചർച്ചകൾ നടക്കുന്ന കാലമാണിത്. രണ്ട് പാതിറ്റാണ്ട് മുമ്പ് തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ തിരുകേശം അരസെന്റീമീറ്റർ വലുതായതായും, മദീനാ മുനവ്വറയിൽ പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്നയിടത്തെ പൊടികൾ ശേഖരിച്ചത് തന്റെ പക്കലുണ്ടെന്നും, വിശ്വാസികൾ കേശം മുക്കിയ വെള്ളവും, പൊടിയും രോഗശാന്തിക്കായും മറ്റും ആദരവോടെ ഉപയോഗപ്പെടുത്തണമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ നടത്തിയ പ്രസ്താവന വൻ പ്രതിഷേധത്തിന് വഴിമരുന്നായിരിക്കുകയാണ്. മീഡിയകളും, സംഘടനകളും ഈ വിഷയം ചർച്ച നടത്തുന്നതിന് മുമ്പായി തന്നെ ഓൺലൈൻ ഗ്രൂപ്പുകളിലും ബ്ലോഗുകളിലും വിഷയം കത്തിക്കേറിയിട്ടുണ്ട്. മില്ല്യേനിയത്തിന്റെ ആദ്യ പകുതിയിൽ തുടക്കമിട്ട തിരുകേശ വിവാദം കുറച്ച് കാലമായി ശമിച്ച മട്ടിലായിരുന്നു. തിരുകേശം വലുതായെന്ന പ്രസ്താവനയോടെ പൂർവ്വാധികം ശക്തിയോടെ ആരോപണങ്ങളും, കുറ്റപ്പെടുത്തലുകളും സജീവമായിട്ടുണ്ട്. പ്രവാചകനെ നിന്ദിക്കുന്ന നടപടിയാണ് കാന്തപുരം നടത്തുന്നതെന്നും, ആത്മീയ തട്ടിപ്പിന് കരുത്തേകാൻ നടത്തുന്ന ഇത്തരം പ്രസ്താവനകൾ പ്രവാചകനേയും, മുസ്ലിം സമുദായത്തേയും അപമാനിക്കുകയാണെന്നും വിവിധ മുസ്ലിം സംഘടനകൾ ആരോപിക്കുന്നു. കുറഞ്ഞ കാലത്തിനിടെ, തിരുകേശം അരസെന്റീമീറ്റർ വലുതായെങ്കിൽ, 1400 വർഷം കൊണ്ട് അത് എത്ര കിലോമീറ്റർ വലുതായി വരണം എന്ന ചോദ്യവും ഉയർന്ന് വന്നിട്ടുണ്ട്.

ഇസ്ലാംമത നിയമങ്ങളിൽ പുതിയ വാദഗതികളുയർത്തി രംഗത്ത് വന്ന 'ചേകന്നൂർ മൗലവി'യുടെ തിരോധാനവും, അതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളുടെ കേസ്സ് വൃത്താന്തങ്ങളിൽ നിന്നുമാണ് 'കാന്തപുരം' എന്ന ചതുർനാമം കേരളത്തിൽ ആദ്യമായി കേൾക്കാൻ തുടങ്ങിയത്. പിന്നീട് മില്ല്യേനിയത്തിന്റെ ആദ്യ പകുതിയോടെ, തന്റെ കൈവശം പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ തിരുകേശമുണ്ടെന്ന അവകാശവാദം ഉന്നയിച്ചതോടെ വീണ്ടും കാന്തപുരം എന്ന നാമം അന്തരീക്ഷത്തിൽ അലയടിക്കാൻ തുടങ്ങി. ഇതേ തുടർന്ന് വിശിഷ്യാ കേരളീയ മുസ്ലിം സമൂഹത്തിനിടയിൽ വലിയ കോലാഹലവും സൃഷ്ടിച്ചു. നടപ്പുവർഷം കാന്തപുരം എന്ന നാമം രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധ നേടി. അറബി യുവാവിനെ കൊലപ്പെടുത്തിയ കേസ്സിൽ  യമനിൽ പാലക്കാട് സ്വദേശിനി നിമിഷപ്രിയ എന്ന നഴ്‌സ്  വധശിക്ഷ ഏറ്റ് വാങ്ങാനിരിക്കെ, വിഷയത്തിൽ യമനിലെ പൗര പ്രമുഖരുമായി ബന്ധപ്പെട്ട് നിർദ്ധിഷ്ട ദിവസം നിമിഷപ്രിയയുടെ വധശിക്ഷ കാന്തപുരം നീട്ടി വയ്പ്പിച്ചു. ഇന്ത്യൻ സർക്കാർ പോലും കൈമലർത്തിയ ഘട്ടത്തിൽ, തീർത്തും ഒരു 'മിറക്കിൾ' എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിലായിരുന്നു ഈ വിഷയത്തൽ കാന്തപുരത്തിന്റെ ഫലപ്രദമായ ഇടപെടൽ. ഇത് രാജ്യം മൊത്തം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നിമിഷപ്രിയയുടെ വധശിക്ഷ യമൻ സർക്കാർ റദ്ദാക്കിയതായി കാന്തപുരത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിപ്പ് വന്നതോടെ, കൊല്ലപ്പെട്ട അറബി യുവാവിന്റെ സഹോദരൻ ശക്തമായി അക്കാര്യം നിഷേധിച്ചു. തുടർന്ന് കാന്തപുത്തിന്റെ പോസ്റ്റ് പിന്നീട് അപ്രത്യക്ഷമായി. ഇതുമായി ബന്ധപ്പെട്ട പലതരം അഭിപ്രായങ്ങൾ രൂപപ്പെട്ട് കൊണ്ടിരിക്കെ, നിമിഷപ്രിയയുടെ വധശിക്ഷാ വിഷയം ഇപ്പോൾ വിസ്മൃതിയിലായ മട്ടാണ്.

കാന്തപുരത്തിന്റെ പിറവി

കേരളത്തിൽ ഒരു കോടിയോളം വരുന്ന മുസ്ലിംകളിൽ 90 ശതമാനവും സുന്നീ വിഭാഗമാണ്. നടപ്പുകാലത്ത് ഇ.കെ വിഭാഗം സുന്നികളെന്നും, എ.പി വിഭാഗം സുന്നികളെന്നും ആയി രണ്ട് ഗ്രൂപ്പുകളായാണ് ഇവർ അറിയപ്പെടുന്നത്. നേതൃത്വം അല്ലെങ്കിൽ നേതാവ് എന്തുതന്നെ പറഞ്ഞാലും, അതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്ന ഒരു ജനസമൂഹമാണ് മതസംഘടനകളിലുള്ളത്. പ്രത്യേകിച്ചും സുന്നീ വിഭാഗങ്ങൾക്കിടയിൽ. കേരളത്തിലെ ഏക സുന്നീസംഘടനയായ 'സമസ്ത കേരള ജംഇയ്യത്തുൽ ഉലമ' അഥവാ സമസ്തയിൽ, 1989-ൽ മതപരമായ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ ഭിന്നാഭിപ്രായം ഉന്നയിക്കുകയും, തത്്ഫലമായി ഈ സംഘടന പിളരുകയും ചെയ്തു. തുടർന്ന് കാന്തപുരം അബൂബക്കർ മുസ്ല്യാർ സ്വന്തമായി  ഒരു സംഘടന രൂപീകരിച്ചു. ഇത് കാന്തപുരം സുന്നികൾ അഥവാ എ.പി ഗ്രൂപ്പ് സുന്നികളെന്നും, അരിവാൾ സുന്നികളെന്നുമൊക്കെ അറിയപ്പെടാൻ തുടങ്ങി. രാഷ്ട്രീയപരമായി ഈ ഗ്രൂപ്പ് ഇടതുപക്ഷത്തെ പിന്തുണച്ചതുകൊണ്ടാണ് അരിവാൾ സുന്നികളെന്ന അപര നാമം ഉണ്ടാവുന്നത്. ഇന്ന് അനുയായികൾ ഏറെയുള്ള മതനേതാവാണ് കാന്തപുരം മുസ്ല്യാർ. അവർക്കിടയിൽ 'ഉസ്താദ്' എന്നാണ് അദ്ദേഹം അറിയപ്പെടുന്നതും. 

സുന്നികളേയും, സുന്നീമത നേതാക്കളേയും പുഛത്തോടെ വീക്ഷിച്ചിരുന്ന കേരളീയ സമൂഹത്തിന് മുന്നിൽ, സുന്നികളെ നട്ടെല്ല് നിവർത്തിനിൽക്കാൻ പ്രാപ്തമാക്കിയത് കാന്തപുരം ഉസ്താദ് ആണെന്നും, അതുകൊണ്ട് തന്നെ, ജീവന് തുല്യമോ അതിലേറെയോ സ്‌നേഹിക്കുകയും, ആദരിക്കുകയും ചെയ്യുന്ന അനിഷേധ്യ മതനേതാവാണ് അദ്ദേഹമെന്നും കാന്തപുരത്തിന്റെ അനുയായികൾ കട്ടായം അവകാശപ്പെടുന്നു. കാന്തപുരം മുസ്ല്യാരെ 'നവോത്ഥാന നായകനാ'യും, പരിഷ്‌കർത്താവായുമായിട്ടാണ് ഇവർ വിശേഷിപ്പിക്കുന്നതും. മറുവിഭാഗം നേരെ മറിച്ചും. എന്നാൽ നവോത്ഥാനം എന്ന പരികൽപ്പനയുടെ ദാർശനിക കെമിസ്ട്രി എന്തായിരുന്നാലും, മുസ്ലിം ജനസമൂഹത്തിൽ ഒരു വിഭാഗത്തിന്റെ മാനസികവും, സാമൂഹികവും, ഭൗതികവുമായ അഭൂതപൂർവ്വമായ വളർച്ച സാമൂഹിക ശാസ്ത്ര വിശകലന നിർവ്വചന പ്രകാരം കാന്തപുരം അബൂബക്കർ മുസ്ല്യാർ യാഥാസ്ഥിതിക മുസ്ലിം വിഭാഗത്തിന്റ നവോത്ഥാന നായകനാണെന്ന് പറയുന്നതിലും ശരികൾ കണ്ടെത്താനാകും. എന്നിരിക്കെ, കേരളത്തിലെ മുസ്ലിംകളിൽ വലിയൊരു വിഭാഗം കാന്തപുരം മുസ്ല്യാരെ അതിരൂക്ഷമായിത്തന്നെ വിമർശിക്കുന്നുമുണ്ട്. സ്വസമുദായത്തിൽ നിന്ന് ശക്തമായ വിമർശനം നേരിടേണ്ടി വന്നിട്ടും, വിമർശിക്കപ്പെടുന്നതിൽ കാന്തപുരത്തിന് അസഹിഷ്ണതയുമില്ല. മറിച്ച് വിമർശനങ്ങളെ ഒതുക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ അദ്ദേഹം അതി വിദഗ്ധനുമാണ്.  

തിരുകേശ വിവാദം

മില്ല്യേനിയത്തിന്റെ ആദ്യ പകുതിയിൽ കാന്തപുരം അവതരിപ്പിച്ച തിരുകേശം കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾക്കിടയിലും, പൊതു സമൂഹത്തിലും വലിയ കോളിളക്കമുണ്ടാക്കി. വിവാദങ്ങൾ തുടർന്ന് കൊണ്ടിരിക്കെ, ഓരോ വർഷവും കാരന്തൂർ മർക്കസ്സിൽ വെച്ച്, കേശം മുക്കിയ വെള്ളം വിതരണം നടത്തി കൊണ്ട് കാന്തപുരം മുന്നോട്ട് പോയി. തുടക്കത്തിലെ ഒരു സുപ്രഭാതത്തിൽ കാരന്തൂർ മർക്കസ്സിൽ 'കേശം മുക്കിയ വെള്ളത്തിനായി' പുലർച്ചെ മുതൽ ആയിരക്കണക്കിന് ആളുകളുടെ ക്യൂ രൂപപ്പെട്ടതോടെ കോഴിക്കോട്-മൈസൂർ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മാധ്യമങ്ങളും നാട്ടുകാരും  അറിയാതെ ആയിരുന്നു  ഈ വെള്ളവിതരണം.  ജനത്തിരക്ക് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെയാണ് വിവാദത്തിന് തുടക്കമാകുന്നത്. മർക്കസ് സമ്മേളനത്തിൽ പങ്ക് കൊള്ളാനായി യു.എ.ഇ യിൽ നിന്ന് എത്തിയ സമ്പന്നനായ അറബി, കാന്തപുരത്തിന്റെ പക്കലുള്ള തിരുകേശം ആവശ്യപ്പെട്ടതോടെ, അത് നിരാകരിക്കാൻ കാന്തപുരത്തിന് കഴിയാതെ വന്നു. കാരണം സാമ്പത്തികമായി മർക്കസ്സിന് കയ്യഴിഞ്ഞ് വാരിക്കോരി നൽകുന്ന ആളായതിനാൽ ഒരു കേശം അറബിക്ക് നൽകി. പിന്നീടത് ഒരുതരം പൊല്ലാപ്പുമായി. തനിയ്ക്ക് ലഭിച്ച കേശത്തിന്റെ 'സനദ്' (കൈമാറ്റ പരമ്പര) അറബി കാന്തപുരത്തോട് ആവശ്യപ്പെട്ടു. ഇതാണ് വിഷയത്തിലെ ആദ്യത്തെ ക്ലൈമാക്‌സ്. അറബി ആവശ്യപ്പെട്ട പ്രകാരം, അറബി ഭാഷയിൽ തയ്യാറാക്കിയ കൈമാറ്റ പരമ്പരയുടെ പകർപ്പ് നൽകിയതോടെ വീണ്ടും വിവാദം ചൂടുപിടിച്ചു. ഒരു കൃത്രിമരേഖ തയ്യാറാക്കിയാണ് അറബിക്ക് നൽകിയതെന്ന്, കാന്തപുരം ഉസ്താദുമായും, ആ വിഭാഗത്തിലെ മറ്റ് പ്രമുഖരുമായും ആത്മബന്ധം പുലർത്തിയിരുന്ന ജിഷാൻ മാഹി, മലയമ്മ മുഹമ്മദ് സഖാഫി എന്നിവർ പത്രസമ്മേളനം നടത്തി  വെളിപ്പെടുത്തി. വിവാദം ചൂടോടെ മുന്നേറി. തുടർന്ന് തിരുകേശ വിഷയത്തിൽ കാന്തപുരം വിഭാഗത്തിൽ തന്നെ മുറു മുറുപ്പ് ഉയരാനും തുടങ്ങി.

വഴിമുട്ടിയ സുന്നീ ഐക്യം

ഒരിക്കൽ മർക്കസ്സ് സമ്മേളനത്തിൽ വെച്ചാണ് അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് അഹമ്മദ് ഖസ്‌റജി സമ്മേളന വേദിയെ സാക്ഷിയാക്കി പ്രവാചക തിരുകേശം എന്ന് അവകാശപ്പെട്ട് മറ്റൊരു കേശം കൂടി കാന്തപുരത്തിന് കൈമാറി. ഇതിനും വൻ പ്രചാരം ലഭിച്ചു. അതേസമയം കാന്തപുരത്തിന്റെ കൈവശമുള്ളത് തിരുകേശമല്ലെന്നും, ആണെന്നുമുള്ള വാദങ്ങളും, ചർച്ചകളും, സംവാദങ്ങളും വർഷങ്ങളോളം നീണ്ട് നിന്നു. തിരുകേശ വിവാദം രൂക്ഷമായിരിക്കെ, മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു. പ്രവാചകന്റെ വചനങ്ങൾക്കാണ് പ്രാധാന്യം. മുടിക്കല്ല. പ്രവാചക വചനങ്ങളേയാണ് പിൻഗാമികൾ പിന്തുടരേണ്ടത്. ഈ മറുപടി കാന്തപുരത്തിന് അനുകൂലമോ, പ്രതികൂലമോ ആയി വ്യാഖ്യാനിക്കാനായില്ല. പിന്നീടങ്ങോട്ട് കുറച്ച് കാലത്തേയ്ക്ക് ശാന്തത ഉണ്ടായെങ്കിലും, 2018-ൽ സുന്നീ ഗ്രൂപ്പുകൾ പരസ്പരം ഐക്യപ്പെടുന്നതിന്റെ ചർച്ചകൾ മുന്നേറി വരവെ മലപ്പുറത്തെ 'കുണ്ടൂർ ഉറൂസ്' പരിപാടിയിൽ വെച്ച് കാന്തപുരം വീണ്ടും ഒരു വെളിപ്പെടുത്തൽ കൂടി നടത്തി. തനിയ്ക്ക് മറ്റൊരു തിരുകേശം കൂടി മദീനയിൽ നിന്ന് ലഭിച്ചു എന്നായിരുന്നു അത്. ഇതോടെ ഐക്യ ചർച്ചകൾ ആപ്പിലാവുകയും സുന്നീ ഗ്രൂപ്പുകൾ തമ്മിൽ വീണ്ടും പോരടിക്കൽ ശക്തമാവുകയും ചെയ്തു. കാന്തപുരത്തിന്റെ ഈ വെളിപ്പെടുത്തൽ ഐക്യ ചർച്ചകളിലെ ധാരണകൾക്ക് വിരുദ്ധമാണ് എന്നാണ് ഇ.കെ സുന്നീവിഭാഗം  നേതാക്കൾ വ്യക്തമാക്കിയത്. വിശ്വാസ സമൂഹത്തെ കാന്തപുരം വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും, കാന്തപുരത്തിന്റെ ഈ നിലപാട് സുന്നീഐക്യ ചർച്ചകൾക്ക് വിഘാതമാണെന്നും ഇ.കെ സുന്നീ നേതാക്കൾ തുറന്നടിച്ചതോടെ ഇരു ഗ്രൂപ്പുകളുടേയും ഐക്യം ജലരേഖയായി. തിരുകേശം എന്ന കൺസെപ്റ്റിന് എതിരായ പ്രതിഷേധമായിരുന്നില്ല അത്. നേരത്തെ പ്രഖ്യാപിക്കപ്പെട്ട കേശലഭ്യതയുടെ ആധികാരിത സ്ഥിരപ്പെടുത്താൻ കാന്തപുരത്തിന് കഴിഞ്ഞിരുന്നില്ലെന്ന് മാത്രമല്ല, വീണ്ടും മറ്റൊരു കേശം അവതരിപ്പിക്കുന്ന കാന്തപുരത്തിന്റെ തന്ത്രത്തോടുള്ള പ്രതിഷേധമായിരുന്നു അത്. മുസ്ലിംസമൂഹം മുഹമ്മദ് നബി(സ)യെ സ്വജീവനേക്കാൾ സ്‌നേഹിക്കുന്നവരും, വിലകൽപ്പിക്കുന്നവരുമാണ്. ആ വസ്തുത ചൂഷണം ചെയ്ത് സമുദായത്തെ കബളിപ്പിക്കാനുള്ള ശ്രമങ്ങളെയാണ് തങ്ങൾ എതിർക്കുന്നതെന്ന് ഇ.കെ സുന്നീ വിഭാഗം തുറന്നടിച്ചു.

കേശം മുംബൈയിൽ നിന്നാണെന്ന്

അഹമ്മദ് ഖസ്‌റജി എന്ന അറബ് രാജകുടുംബാംഗം തനിയ്ക്ക് സമ്മാനിച്ചതായി കാന്തപുരം അവകാശപ്പെടുന്ന പ്രവാചക തിരുകേശം മുംബൈയിലെ ഇഖ്ബാൽ ജാലിയാവാല എന്ന വ്യക്തിയിൽ നിന്ന് ലഭിച്ചതാണെന്ന് തെളിയിക്കുന്ന രേഖകൾ തങ്ങൾക്ക് ലഭിച്ചതായി ഇ.കെ സുന്നീ വിഭാഗം നേതാക്കൾ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി. ജാലിയാ വാലയിൽ നിന്ന് അവർക്ക് ലഭിച്ച തിരുകേശങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തിരുകേശത്തട്ടിപ്പ് പുറത്തായ സ്ഥിതിക്ക് കാന്തപുരം മത നേതൃസ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് ഇ.കെ വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുക്കം ഉമ്മർ ഫൈസി, അഷ്‌റഫ്‌ഫൈസി, മുസ്തഫ മുണ്ടുപ്പാറ തുടങ്ങിയവരാണ് അന്ന് പത്രസമ്മേളനം നടത്തിയത്. ചെമ്മാട് ദാറുൽ ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 'വ്യാജമുടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്' എന്ന പുസ്തകം കോഴിക്കോട് ഖാദി മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങൾ പ്രകാശനം ചെയ്തു. മുസ്തഫഹാജി ചെറിയക്കാട് പുസ്തകം ഏറ്റുവാങ്ങി. വ്യാജകേശം അവതരിപ്പിച്ചതിലൂടെ പ്രവാചകനെ നിന്ദിക്കുന്നിടത്ത് വരെ കാര്യങ്ങൾ  എത്തിനിൽക്കുകയാണ്. സ്വതന്ത്രാന്വേഷണ രചനയാണ് ഈ പുസ്തകമെന്ന് ഗ്രന്ഥകാരൻ ടി. അബ്ദുസ്സമദ് വാണിയമ്പലം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേശം പ്രവാചകന്റേതെന്ന് തെളിയിക്കുന്ന കൈമാറ്റരേഖ ഹാജരാക്കാൻ കാന്തപുരത്തിന് കഴിഞ്ഞിട്ടില്ല. ആത്മീയ വ്യാപാരത്തിനെതിരെ പ്രക്ഷോഭവും, പ്രതിരോധവും തുടരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിരുകേശം സൂക്ഷിക്കുന്നതിനായി 40 കോടി രൂപാ ചെലവിൽ പുതിയ മസ്ജിദ് സ്ഥാപിക്കുമെന്ന് പിന്നീട്  കാന്തപുരം പ്രഖ്യാപിച്ചതോടെ, വിവാദം വ്യത്യസ്ത തലങ്ങളിലേക്ക് കൂടി വ്യാപിച്ചു. മസ്ജിദ് നിർമ്മാണത്തിനായി തകൃതിയായ പണപ്പിരിവും നടന്നതായി പറയുന്നു. തിരുകേശം സൂക്ഷിക്കാൻ മസ്ജിദ് നിർമ്മാണത്തിന്റെ പേരിൽ പണപ്പിരിവ് നടത്തുന്ന കാന്തപുരത്തിനെതിരെ അടിയന്തിര നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് വടകര സ്വദേശി യു.സി അബൂബക്കർ അഡ്വ. കെ നൂറുദ്ദീൻ മുസ്ല്യാർ മുഖേന മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന ഡി.ജി.പി, ഇൻകംടാക്‌സ് കമ്മീഷണർ എന്നിവർക്ക് പരാതി സമർപ്പിച്ചിരുന്നു. പരിഹാരം കണ്ടില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നും ഇവർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

തിരുകേശ തീർത്ഥാടന ടൂറിസം ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും, വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടാനുള്ള കുത്സിത ശ്രമങ്ങളാണ് കാന്തപുരം നടത്തുന്നതെന്നും വ്യത്യസ്ത കോണുകളിൽ നിന്നായി അതിശക്തമായ തരത്തിൽ ആരോപണമുയർന്നു. കേരള ടൂറിസം മാപ്പിൽ 'തിരുകേശ തീർത്ഥാടന കേന്ദ്രം' അടയാളപ്പെടുത്തുന്ന തരത്തിൽ കാര്യങ്ങൾ കൊണ്ടെത്തിച്ച് ആഗോളതലത്തിൽ അറിയപ്പെടുന്ന തീർത്ഥാടനകേന്ദ്രം രൂപപ്പെടുത്താനുള്ള ആത്മീയ വ്യവസായം ആണിതെന്നായിരുന്നു പ്രധാന ആരോപണം. കാന്തപുരത്തിന്റെ സ്വപ്ന പദ്ധതിയായ 'ശഅ്‌റേ മുബാറക്' എന്നു പേരിട്ടിരിക്കുന്ന 40 കോടി ചെലവിടുന്ന മസ്ജിദിന് പിന്നിൽ അദ്ദേഹം ലക്ഷ്യം വയ്ക്കുന്ന ചില പദ്ധതികളുണ്ടെന്ന ആരോപണവും ഉയർന്നു. തിരുകേശത്തിന്റെ പേരും പറഞ്ഞ് നിർമ്മിക്കുന്ന ഈ മസ്ജിദ് പിന്നീട് കാന്തപുരത്തിന്റെ പേരിലുള്ള തീർത്ഥാടന കേന്ദ്രമാക്കുകയും അതുവഴി കോടികൾ കൊയ്യാനുള്ള ഗൂഢതന്ത്രമാണെന്നും പൊതുവിൽ ആരോപണമുയർന്നിരുന്നു. ശഅറെ മുബാറക് മസ്ജിദിന് എതിരെ നേരത്തെ ഡി.വൈ.എഫ്.ഐ യുടെ മുഖമാസികയായ 'യുവധാര' രൂക്ഷ വിമർശനവുമായി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 'വിശ്വാസത്തെ വിൽപ്പനയ്ക്ക് വയ്ക്കുമ്പോൾ' എന്ന  ലേഖനത്തിൽ ആൾദൈവങ്ങളെക്കുറിച്ചും, അന്ധവിശ്വാസങ്ങളെക്കുറിച്ചുമാണ് ലേഖനം പ്രതിപാദിച്ചിരുന്നത്.

വിശ്വാസികൾ ജാഗ്രത പുലർത്തണം

തിരുകേശം മുക്കിയ വെള്ളവും, മദീനാ മുനവ്വറയിലെ പൊടിയും വിതരണം ചെയ്യുന്നതായ കാന്തപുരം ഉസ്താദിന്റെ പ്രഖ്യാപനം വന്നതോടെ അതിശക്തമായ എതിർപ്പുകളാണ് ഉയരാൻ തുടങ്ങിയത്. ചരിത്രപരമായ ഒരു ആധികാരികതയും ഇല്ലാതെ പ്രവാചകന്റെ തിരുകേശം എന്നവകാശപ്പെട്ട് മുടി മുക്കിയ വെള്ളം വിശ്വാസികൾക്ക് വിതരണം നടത്തുന്നതിലൂടെ കാന്തപുരം അബൂബക്കർ മുസ്ല്യാർ മുഹമ്മദ്‌നബി(സ)യുടെ വ്യക്തിത്വത്തെ അപമാനിക്കുകയും, മുസ്ലിം സമൂഹത്തെ അപഹസിക്കുകയുമാണ് ചെയ്യുന്നതെന്ന്, മഞ്ചേരിയിൽ സംഘടിപ്പിച്ച 'കേരള ജംഇയ്യത്തുൽ ഉലമ അഹ് ലുസുന്ന വൽജമാഅ പണ്ഡിത' സമ്മേളനം ചൂണ്ടിക്കാട്ടി. സമ്മേളനം തമിഴ്‌നാട് അഹ്ലെ ഹദീസ് പ്രസിഡണ്ട് അനീസ്‌റഹ്മാൻ അഅളമി ഉദ്ഘാടനം നിർവ്വഹച്ചു. വർഷങ്ങളായി  കാന്തപുരം നടത്തി കൊണ്ടിരിക്കുന്ന ആത്മീയ ചൂഷണത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് കാന്തപുരം കൈവശം വയ്ക്കുന്ന 'മുടി വളരുന്നു' എന്ന അവകാശവാദത്തിലൂടെ പുറത്ത് വരുന്നത്.  

1400 വർഷം കൊണ്ട് വളർന്നിട്ടില്ലാത്ത തിരുകേശം കാന്തപുരം മുസ്ല്യാർ കണ്ണാടിചെപ്പിൽ സൂക്ഷിച്ച് വെച്ചതോടെ, അത് നീളം വർദ്ധിച്ചു എന്നവകാശപ്പെടുന്നത് പ്രവാചക നാമം ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തുന്ന ആത്മീയതട്ടിപ്പാണ്. ഇത്തരം വ്യാജ പ്രചാരണങ്ങളും, ആത്മീയ വ്യാപാരങ്ങളും അവസാനിപ്പിക്കണമെന്നും, സമൂഹത്തേയും, സമുദായത്തേയും തെറ്റിദ്ധരിപ്പിക്കുന്ന അത്തരം പ്രവണതകൾക്കെതിരെ നിതാന്ത ജാഗ്രത പുലർത്തണമെന്നും കേരള ജംഇയ്യത്തുൽ ഉലമ ആഹ്വാനം ചെയ്തു. സമ്മേളനത്തിൽ കെ.ജെ.യു വൈസ് പ്രസിഡണ്ട് പി.പി മുഹമ്മദ് മദനി അധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹനീഫ് കായക്കൊടി, കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി. പി അബ്ദുല്ലക്കോയ മദനി, ജനറൽ സെക്രട്ടറി പി. പി ഉണ്ണീൻകുട്ടി മൗലവി, സംസ്ഥാന സെക്രട്ടറിമാരായ എം.ടി അബ്ദുസ്സമദ് സുല്ലമി, സി. മുഹമ്മദ് സലീം സുല്ലമി, കെ. എൻ .എം ജില്ലാ പ്രസിഡണ്ട് പി.കെ ഇസ്മയിൽ എഞ്ചിനീയർ , ജില്ലാ സെക്രട്ടറി ടി. യൂസുഫലി സ്വലാഹി, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. സെക്രട്ടറിമാരായ സുഹ്ഫി ഇമ്രാൻ, പി. മുഹിയുദ്ദീൻ മദനി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് കൊണ്ട് സംസാരിച്ചു. 

 എന്താണ് തിരുകേശം?

ഈ വിഷയത്തിൽ ചരിത്രപരമായ ഒരു സംഗ്രഹം വിശദമാക്കേണ്ടതുണ്ട്. ഏറ്റവും അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി (സ) യുമായി ബന്ധപ്പെട്ട എന്തും മുസ്ലിംകൾക്ക് പുണ്യവും, മഹത്വമേറിയതുമാണ്. വിശുദ്ധ ഹജ്ജ് കർമ്മം  പൂർത്തീകരിച്ച് മുഹമ്മദ് നബി (സ) നടത്തിയ 'ഹജ്ജത്തുൽ വദാഇ' (വിടവാങ്ങൽ പ്രസംഗം) ഇസ്ലാമിക ചരിത്രത്തിൽ അത്യന്തം പ്രാധാന്യമേറിയ ഒരധ്യായമാണ്. ഒന്നേക്കാൽ ലക്ഷത്തോളം അനുചരൻമാർ പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗവേളയിൽ സന്നിഹിതരായതായി ഇസ്ലാമിക ചരിത്രം വ്യക്തമാക്കുന്നു. ഹജ്ജ് പൂർത്തീകരണത്തിന്റെ പ്രധാന കർമ്മമാണ് മുടി ഭാഗികമായോ, പൂർണ്ണമായോ നീക്കം ചെയ്യൽ എന്നുള്ളത്. പ്രവാചകൻ കാണിച്ചു തന്ന ഈ മാതൃക ഹജ്ജ് വേളയിൽ ലോക മുസ്ലിംകൾ പിന്തുടർന്ന് വരുന്നു. ഹജ്ജ് പൂർത്തീകരിച്ച്‌കൊണ്ട് മുഹമ്മദ് നബി (സ) തലമുണ്ഡനം ചെയ്തപ്പോൾ, പ്രവാചകനോടുള്ള ആദരവും, സ്‌നേഹവും കാരണം ആ കേശങ്ങൾ തറയിൽ വീഴ്ത്താതെ അനുചരൻമാരിൽ പലരും അത് ശേഖരിച്ചു. ഇതുംപ്രകാരം അക്കാലത്ത് അവിടെ സന്നിഹിതരായിരുന്ന  പലർക്കും നബിയുടെ തിരുകേശം ലഭ്യമായി. വ്യക്തമായ ചരിത്ര രേഖകൾ ഈ സംഭവത്തിനുണ്ട്. പ്രവാചകന്റെ അന്നത്തെ അനുചരൻമാരിൽ തിരുകേശം ലഭിച്ചവർ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കുമായി നീങ്ങി. 

 മുഹമ്മദ് നബി (സ)യുടെ കാല ശേഷവും പ്രവാചക തിരുകേശം സൂക്ഷിച്ചിരുന്ന അനുചരന്മാർ, തങ്ങൾ മരണപ്പെടുമ്പോൾ, തിരുകേശം സ്വന്തം ജഡത്തിൽ ചേർത്ത് വെച്ച് മറവ് ചെയ്യാനായി ബന്ധുക്കളോട് 'ഒസ്യത്ത്' ചെയ്തിരുന്നു. പ്രവാചക അനുചരനായ 'മുആവിയ (റ)' യുടെ മരണവേളയിൽ തിരുകേശം ജഡത്തോട് കൂടി ചേർത്ത് വെച്ചാണ് മറവ് ചെയ്തതെന്ന് ഇസ്ലാമിക ചരിത്രം വ്യക്തമാക്കുന്നു. മറ്റ് ചില അനുചരൻമാർ അവരവരുടെ അടുത്ത തലമുറയ്ക്ക് തിരുകേശം കൈമാറ്റം ചെയ്യപ്പെട്ടു. ഒരു വിശ്വാസിലോകത്ത് ഏറ്റവും മഹത്വവും, പുണ്യവുമേറിയ ഒന്നായിട്ടാണ് പ്രവാചകകേശം ഉൾപ്പടെയുള്ള തിരുശേഷിപ്പുകളെ കരുതുന്നത്. ഒന്നുകിൽ തന്റെ മരണശേഷം തിരുകേശം സ്വന്തം ശരീരത്തോട് ചേർത്ത് ഖബറടക്കാൻ താത്പ്പര്യപ്പെടുകയോ, അതല്ലെങ്കിൽ അത് അടുത്ത തലമുറക്ക് കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തതായി ഹാഫിള് ഇബ്‌നു കസീർ എന്ന പ്രശസ്ത ചരിത്ര പണ്ഡിതൻ, തന്റെ 'അൽബിദായത്ത് വന്നിഹായ' എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്. കാലാന്തരേണ തിരുകേശത്തിന്റെ ലഭ്യത കുറഞ്ഞ് വന്നു. 

ഈജിപ്ത്, തുർക്കി ഉൾപ്പടെയുള്ള പല അറബ് രാജ്യങ്ങളിലും, മറ്റ് പലയിടത്തും തിരുകേശം ഉള്ളതായി പറയുന്നു. ആ കാലഘട്ടത്തിൽ 20-ഓളം തിരുകേശങ്ങൾ ഇന്ത്യയിലും എത്തിയതായി ചില ചരിത്ര ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. ശ്രീനഗറിലെ ഹസ്രത്ത്ബാൽ മസ്ജിദ്, ഡൽഹി ജുമാ മസ്ജിദ്, ഹൈദരാബാദിലെ മറ്റൊരു മസ്ജിദ്, നൈസാമിന്റെ കൊട്ടാരം, തമിഴ്‌നാട്ടിലെ വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്ത് അറബിക് കോളേജ് എന്നിവിടങ്ങളിൽ ഉണ്ടെന്ന് പറയപ്പെടുന്ന തിരുകേശം വിവിധ തലമുറകൾ കൈമാറിയെത്തിയതായാണ് പറയപ്പെടുന്നത്. അതേസമയം കേരളത്തിൽ ഇതാദ്യമായാണ് തിരുകേശം ഉണ്ടെന്ന അവകാശവാദം ഉന്നയിക്കപ്പെടുന്നത്. അത് ശരിയായാലും, കളവായാലും ശരി പ്രവാചകന്റെ പേരിൽ ഭൗതിക നേട്ടമുണ്ടാക്കുന്നതും, അതിനായി പ്രചാരണം നടത്തുന്നതും, ആത്മീയ ചൂഷണം നടത്തുന്നതും കടുത്ത അപരാധമാണെന്നാണ് ഇസ്ലാം നിഷ്‌ക്കർഷിക്കുന്നതെന്ന് വിവിധ മതസംഘടനകൾ ആണയിട്ട് പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img